കോഴിക്കോട്: ബംഗ്ളാദേശ് സ്വദേശിനിയായ മുപ്പതിനാലുകാരിയെ എരഞ്ഞിപ്പാലത്തെ ഒരു ഫ്ളാറ്റില്‍ വച്ച് പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. ഒന്നാം സാക്ഷിയായി കേസിലെ ഇരയായ യുവതിയെ നവംബര്‍ 13ന് വിസ്തരിക്കാന്‍ മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്.കൃഷ്ണകുമാര്‍ ഉത്തരവായി. യുവതിയുടെ മൊഴി പരിഭാഷപ്പെടുത്തുന്നതിനായി പ്രോവിഡന്‍സ് കോളേജിലെ ഒരു ഹിന്ദി അദ്ധ്യാപികയെ കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്. മദ്രസ അദ്ധ്യാപകനടക്കം എട്ട്പേരാണ് പ്രതിസ്ഥാനത്തുള്ളത്.
കാസര്‍കോഡ് തൃക്കരിപ്പൂര്‍ ഉദിനൂര്‍ അഞ്ചിലത്ത് ബദയില്‍ വീട്ടില്‍ എ.ബി.നൗഫല്‍ (28), വയനാട് കുട്ടമംഗലം മുട്ടില്‍ പുതിയപുരയില്‍ വീട്ടില്‍ സുഹൈല്‍ എന്ന ബാവക്ക (44), വയനാട് സുഗന്ധഗിരി പ്ലാന്റേഷന്‍സ് സ്വദേശി അംബിക എന്ന സാജിത (35), കര്‍ണ്ണാടക വിരാജ്പേട്ട കുടക് കണ്ടിയെന് വീട്ടില്‍ സിദ്ദീഖ് (25), മലപ്പുറം കൊണ്ടോട്ടി പള്ളിയാളിതൊടി കെ.പി. ഹൗസില്‍ അബ്ദുള്‍ കരീം (47), കാപ്പാട് പീടിയേക്കല്‍ എ.ടി. റിയാസ് (34), ഫറോക്ക് കോളേജിനടുത്ത് കോടമ്പുഴ നാണിയേടത്ത് വീട്ടില്‍ എന്‍.സി.അബ്ദുള്‍ റഹ്മാന് (45), മദ്രസ അധ്യാപകനായ ഓര്‍ക്കാട്ടേരി കുറിഞ്ഞാലിയോട് താമസിക്കുന്ന കൊടുവള്ളി വലിയപറമ്പ് തുവ്വക്കുന്നുമ്മല്‍ വീട്ടില്‍ ടി.കെ.മൊയ്തു (45) എന്നിവര്‍ക്ക് എതിരെയുള്ള കുറ്റപത്രമാണ് ഇന്നലെ വായിച്ച് കേള്‍പ്പിച്ചത്. എട്ട് പ്രതികളും കോടതിയില്‍ ഹാജരായിരുന്നു.
ബംഗ്ളദേശിലെ രാംനഗര്‍ രാജ്ഹട്ടില് നിന്നും മുംബൈയിലെ ഹാജി അലി ദര്‍ഗ കാണുന്നതിന് എത്തിയ യുവതിയെ ട്രെയിനില്‍ യാത്രചെയ്യുന്നതിനിടെ ദംദം എന്ന സ്ഥലത്ത് വെച്ച് ഒപ്പം യാത്ര ചെയ്ത ഒരാള്‍ മുഖത്ത് മയക്ക് സ്പ്രേ അടിച്ച് ബോധം കെടുത്തി കോഴിക്കോട്ടേക്ക് തട്ടികൊണ്ടുവന്ന് ഫ്ളാറ്റില്‍ തടവിലിട്ട് പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന് കേസ്. 2015 മെയ് മാസം 18നും 28നും ഇടയിലുള്ള ദിവസങ്ങളില്‍ പീഡിപ്പിച്ചെന്നതാണ് കേസ്. നടക്കാവ് സി.ഐ പ്രകാശന് പടന്നയിലാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍് സി.സുഗതന് ഹാജരായി. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ എം.ഷഹീര്‍ സിങ്, ബിനേഷ് ബാബു, വി. പ്രസാദ്, മുഹമ്മദ് ഹരീഫ്, പി.നിര്‍മ്മല്‍ കുമാര്‍, വി.പി.സുലൈഖ, സന്തോഷ് കെ.മേനോന്്, കെ.പി. രാജഗോപാല്‍, പി.എ. അബിജ, എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: