കൊച്ചി: മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ അധികാര പരിധി ലംഘിച്ചുവെന്നും ഇതു വിജിലന്‍സ് മാന്വലിനു വിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. വിജിലന്‍സ് എസ്പി അന്വേഷണം നടത്തി തയ്യാറാക്കിയ റിപ്പോര്ട്ടിന്മേല് സ്വന്തം നിലയ്ക്ക് വിജിലന്‍സ് ഡയറക്ടര്‍ നടത്തിയ ഇടപെടല്‍ സാധൂകരിക്കാനാവില്ലെന്നും ജസ്റ്റിസ് ബി. കെമാല്‍ പാഷ വാക്കാല്‍ അഭിപ്രായപ്പെട്ടു. വിജിലന്‍സ് കോടതി നടത്തിയ വിമര്‍ശന പരാമര്‍ശങ്ങള്‍ നീക്കാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടി കൂടുതല്‍ കടുത്ത പരാമര്‍ശങ്ങളാണ് വിജിലന്‍സിന് എതിരെ നടത്തിയത്. ഇത് സര്‍ക്കാരിന് ഇരട്ടപ്രഹരമായി, ഇരുട്ടടിയായി.
ഒരുേദ്യാഗസ്ഥന് നടത്തിയ അന്വേഷണം ശരിയല്ല, മറ്റൊരു തരത്തിലാണ് വേണ്ടിയിരുന്നതെന്ന് മറ്റൊരു ഉദേ്യാഗസ്ഥന് എങ്ങനെയാണ് പറയാന്‍ കഴിയുകയെന്നും സിംഗിള്‍ബെഞ്ച് ചോദിച്ചു. ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടതിനെതിരെ വിജിലന്‍സ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. തുടരന്വേഷണത്തിന് സ്റ്റേ അനുവദിക്കണമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ തീര്‍പ്പുണ്ടാക്കാന്‍ ഹര്‍ജി തിങ്കളാഴ്ച രാവിലെ ആദ്യയിനമായി ഹൈക്കോടതി വീണ്ടും പരിഗണിക്കും.
അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയാണ് വിജിലന്‍സിനു വേണ്ടി ഹാജരായത്. വിജിലന്‍സ് എസ്പി സുകേശന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ മന്ത്രി മാണിക്കെതിരെ വ്യക്തമായ തെളിവില്ലെന്ന് എജി വാദിച്ചു. പണവുമായി ബാറുടമകള്‍ മന്ത്രിയുടെ വീട്ടില്‍ പോയെന്ന ഒരു മൊഴി മാത്രമാണുള്ളത്. പണം ആവശ്യപ്പെട്ടതിനും വാങ്ങിയതിനും കൃത്യമായ തെളിവില്ല. ഈ സാഹചര്യത്തില്‍ സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകരായ മോഹന്‍ പരാശരന്, എന്‍. നാഗേശ്വര റാവു എന്നിവരില്‍ നിന്ന് നിയമോപദേശം ഡയറക്ടര്‍ തേടിയിരുന്നു. പ്രോസിക്യൂഷന് നടപടിക്ക് സാധ്യതയില്ലെന്ന ഇവരുടെ ഉപദേശങ്ങള്‍ കൂടി കണക്കിലെടുത്ത് ഉചിതമായ അന്തിമ റിപ്പോര്‍ട്ട് നല്‍കാനാണ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കിയതെന്നും എജി വിശദീകരിച്ചു.
എന്നാല്‍, ഇത്തരമൊരു ഘട്ടത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ എന്തിനാണ് നിയമോപദേശം തേടിയതെന്ന് കോടതി ചോദിച്ചു. അന്വേഷണത്തിന് ഡയറക്ടര്‍ മേല്‍നോട്ടം വഹിക്കുന്നത് അനുവദനീയമാണ്. പക്ഷേ അധികാര പരിധി ലംഘിച്ച് അന്വേഷണ റിപ്പോര്ട്ടിന്മേല് ഇടപെടുന്നത് ഒരുതരത്തിലും ഉചിതമല്ല. എന്തിനാണ് ബാറുടമകള്‍ പണവുമായി മന്ത്രി മാണിയെ കാണാന്‍ പോയത് ? വിജിലന്‍സിനോട് തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടതിന് ആശങ്കപ്പെടുന്നതെന്തിനാണ്? വിജിലന്‍സ് കോടതിയുടെ ഉത്തരവില്‍ വിജിലന്‍സിനു വിരുദ്ധമായ പരാമര്‍ശങ്ങളൊന്നും പ്രഥമദൃഷ്ട്യാ കാണാന്‍ കഴിയുന്നില്ലെന്നും കോടതി വാക്കാല്‍ പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്, വി. എസ്. സുനില്‍ കുമാര്‍ എം.എല്‍.എ, വൈക്കം വിശ്വന്, സാറാ ജോസഫ്, നെയ്യാറ്റിന്‍കര നാഗരാജ്, അഡ്വ. വി.ആര്. വിജു, ആള് കേരള ആന്റി കറപ്ഷന്‍ ബ്യൂറോ, ബിജു രമേശ് തുടങ്ങിയവരെയും മന്ത്രി കെ.എം. മാണിയെയും എതിര് കക്ഷികളാക്കിയാണ് വിജിലന്‍സ് ഹര്‍ജി നല്‍കിയിട്ടുള്ളത്. ഇതില്‍ മന്ത്രി മാണിയൊഴികെയുള്ളവര്ക്ക് നോട്ടീസ് നല്കാന് സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ സര്‍ക്കാരിനെ കേസില്‍ കക്ഷി ചേര്‍ക്കാതെ വിജിലന്‍സ് ഹര്‍ജി നല്‍കിയതിനെ എതിര് കക്ഷികള്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഇത്തരമൊരു ഹര്‍ജി നിലനില്‍ക്കില്ലെന്നും എതിര് കക്ഷികള്‍ ഇന്നലെ വാദം ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: