കൊച്ചി: രാജ്യത്തെ എല്ലാ പൗരന്മാര്ക്കും തടസ്സമില്ലാതെ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്ന് കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി പീയുഷ് ഗോയല്‍. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഊര്ജ്ജമന്ത്രിമാരുടെ ദ്വിദിന സമ്മേളനം കൊച്ചി ബോള്‍ഗാട്ടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാലുമാസത്തിനുള്ളില്‍ ചരിത്രത്തിലിന്നുവരെയില്ലാത്ത മാറ്റങ്ങളാണ് രാജ്യത്തിന്റെ ഊര്‍ജ്ജവിഭവ വകുപ്പില്‍ നടക്കാന്‍ പോകുന്നത്. ഊര്‍ജ്ജമേഖലയിലെ മാറ്റങ്ങള്‍ രാജ്യത്തിന്റെ സമഗ്രവളര്‍ച്ചയില്‍ നിര്‍ണ്ണായകമാകും. കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കിയ ഉജ്വല്‍ ഡിസ്കോം അഷ്വറന്‍സ് യോജന (ഉദയ്), വിതരണക്കമ്പനികളുടെ നഷ്ടം 2019 ഓടെ പരിഹരിക്കാന്‍ സഹായിക്കും. താരതമ്യേന നിരക്ക് കുറഞ്ഞ, പാരിസ്ഥിതിഘാതരഹിതമായ വൈദ്യുതി രാജ്യമെങ്ങും എത്തിക്കാനുള്ള പദ്ധതിക്ക് കൊച്ചിയില്‍ തുടക്കമിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗരോര്‍ജ്ജം യൂണിറ്റിന് 4.63 രൂപയ്ക്ക്് ലഭ്യമാക്കാനായത് കേന്ദ്രസര്‍ക്കാറിന്റെ നേട്ടമാണ്. എല്‍ഇഡിക്ക് 310 രൂപയില്‍ നിന്ന് 72.6 രൂപയ്ക്ക് ലഭ്യമാക്കാനും സര്‍ക്കാറിനായി. എല്ലാവര്ക്കും 24 മണിക്കൂറും വൈദ്യുതി നല്കുന്ന പദ്ധതിയുടെ സംസ്ഥാന തല രേഖകള്‍ തയ്യാറാക്കല്‍, അവയുടെ നടത്തിപ്പ്, വൈദ്യുതീകരിക്കാത്ത ഗ്രാമങ്ങളെ ദൗത്യ രീതിയില്‍ വൈദ്യുതീകരിക്കല്‍, ദീനദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ യോജനയുടെ നടത്തിപ്പ് വേഗത്തിലാക്കല്‍, സംയോജിത ഊര്‍ജ്ജ വികസന പദ്ധതി നടപ്പാക്കല്‍, പാരമ്പര്യേതര ഊര്‍ജ സംരക്ഷണം തുടങ്ങിയവ സംബന്ധിച്ച വിഷയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയായി.
കേരളത്തിനും തമിഴ്നാടിനുമായി 1000 മെഗാവാട്ട് അധിക വൈദ്യുതി
വൈദ്യുതിക്കമ്മിയുടെ പേരില്‍ യാതൊരു വിധത്തിലും ഭയപ്പെടേണ്ടതില്ലെന്നും, ആയിരം മെഗാവാട്ട് അധിക വൈദ്യുതി കേരളത്തിനും തമിഴ്നാടിനുമായി ഏഴ് ദിവസത്തിനകം ലഭ്യമാക്കുമെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു.
പുതുതായി കമ്മീഷന് ചെയ്യുന്ന ഔറംഗബാദ്-സോളാപൂര്‍ ട്രാന്സ്മിഷന് ഇടനാഴിയിലൂടെയുള്ള 1000 മെഗാവാട്ട് വൈദ്യുതിയില്‍ 307 മെഗാവാട്ട് കേരളത്തിനും 693 മെഗാവാട്ട് തമിഴ്നാടിനുമായിരിക്കും. സെപ്തംബറില്‍ ദക്ഷിണ ഗ്രിഡില്‍ ലഭ്യമാക്കിയ 700 വാട്ട് അധിക വൈദ്യുതിക്ക് പുറമെയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: