അതിനായി പുത്രിയായ കൈകസിയേയും കൂട്ടി ഭൂമിയിലാകെ തിരഞ്ഞുനടന്നു.
അങ്ങനെ നടക്കുന്നതിനിടയില്‍ വൈശ്രവണന് അലങ്കാരവിഭൂഷിതനായ പുഷ്പകവിമാനത്തില്‍ കയറി പിതാവിനെ വന്ദിക്കാന്‍ ലങ്കയില്‍ നിന്നും പുറപ്പെട്ടു പോകുന്നത് സുമാലി കാണാനിടയായി. ചിന്താവിഷ്ടനായ അയാള്‍ തന്റെ വാസസ്ഥലം പ്രാപിച്ചശേഷം പുത്രിയായ കൈകസിയെ അടുത്തുവിളിച്ചുകൊണ്ട്പറഞ്ഞു.
മകളെ നീ ബാല്യാവസ്ഥ തരണംചെയ്ത് യൗവ്വനയുക്തയായിത്തീര്ന്നിരിക്കുന്നു. നിനക്ക് വിവാഹപ്രായമായി പക്ഷെ നിന്നെ വിവാഹം ചെയ്തുകൊടുക്കുന്നതിന് ഞാന്‍ ഒരു മാര്‍ഗ്ഗവും കാണുന്നില്ല. വൈരികളെ ഭയന്ന് നമുക്ക് വേണ്ടപ്പെട്ടവര്‍ ആരും നിന്നെ പരിഗ്രഹിക്കുമെന്ന് തോന്നുന്നില്ല. നീ ഭര്‍ത്താവിനോടൊത്ത് ജീവിക്കുന്നത് കാണാന്‍ കഴിയാത്തതുകൊണ്ട് എനിക്ക് വല്ലാത്ത കുണ്ഠിതമുണ്ട്. വൈശ്രവണന് അലങ്കാരവിഭൂഷിതനായി പുഷ്പകവിമാനത്തില്‍ പിതാവിനെ വന്ദിക്കുന്നതിന്നായി പോകുന്നത് നീ കണ്ടില്ലേ? നമ്മുടേതായിരുന്ന ലങ്കയിലാണ് അവന് ഇന്ന് വാഴുന്നത്. ഉത്സാഹത്തോടെ പരിശ്രമിക്കുകയാണെങ്കില്‍ അത്തരം പ്രതാപിയായ ഒരു പുത്രന് ജന്മം കൊടുക്കാന്‍ നിനക്ക് സാധിക്കും. നീ വിശ്രവസ്സ് മുനിയെ സേവിച്ചാല്‍ നിനക്കും പ്രാപ്തനായ ഒരു പുത്രനെ നേടിയെടുക്കാന്‍ കഴിയും. പിതാവിന്റെ വാക്കുകള്‍ ശ്രവിച്ച കൈകസി തപോവനത്തിലെത്തിച്ചേര്‍ന്നു.
ആശ്രമത്തിലെത്തിയ അവള് വിശ്രവസ്സിനെ സേവിച്ചുകൊണ്ട് കുറച്ചുനാള്‍ അവിടെ കഴിച്ചുകൂട്ടി. ഒരു സന്ധ്യാസമയത്ത് സന്ധ്യാവന്ദനത്തിനായി പുറപ്പെട്ട മഹര്‍ഷിയെ തടഞ്ഞുനിര്‍ത്തിക്കൊണ്ട് അവള് എനിക്ക് സന്താനത്തെത്തരു എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തെ കയറിപ്പിടിച്ചു. ഇതുകണ്ടപ്പോള്‍ മഹര്‍ഷി പറഞ്ഞു. കഷ്ടം കഷ്ടം നിന്റെ വാശികണ്ടാല്‍ കഷ്ടതരംതന്നെ. ഈ സന്ധ്യാവേളയില്‍ ജനിക്കുന്ന സന്താനങ്ങള്‍ ക്രൂരമനസ്സിന് ഉടമകളായിത്തീരും. അതുകൊണ്ട് നിന്റെ ആഗ്രഹം വെടിയുക.
മഹര്‍ഷിയുടെ വാക്കുകള്‍ കേട്ട് അവള് പറഞ്ഞു. തപോനിഷ്ഠനായ അങ്ങേക്ക് ജനിക്കുന്ന പുത്രന്മാര് ദുഷ്ടന്മാരായിത്തീരുമെന്നു പറയുന്നത് അങ്ങയുടെ മഹിമക്ക് ചേര്‍ന്നതല്ല. അവള് മഹര്‍ഷിയെ വിടാതെ തന്റെ ഇംഗിതം സാധിച്ചെടുത്തു. പിരിയാന്‍ നേരം ആ മുനിപുംഗവന്‍ പറഞ്ഞു. കൈകസി നിന്റെ ഒടുവിലത്തെ സന്താനം ഉത്തമഗുണശീലനും കീര്‍ത്തിമാനും വിഷ്ണുഭക്തനും ദീര്‍ഘദര്‍ശിയും ദീര്ഘായുഷ്മാനുമായിരിക്കുമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം വിടവാങ്ങി.
കൈകസി ഗര്‍ഭംധരിക്കുകയും ആദ്യപുത്രനായി രാവണനെ പ്രസവിക്കുകയും ചെയ്തു. രണ്ടാമതായി കുംഭകര്‍ണ്ണനേയും മൂന്നാമതായി ശൂര്‍പ്പണഖയേയും നാലാമതായി വിഭീഷണനേയും പ്രസവിച്ചു. മക്കളുമൊത്ത് ശ്ലേഷ്മോദക വനത്തില്‍ സന്തോഷത്തോടെ താമസിച്ചു. അവിടെ താമസിച്ചുവരവെ ഒരു ദിവസം വൈശ്രവണന് താതദര്ശനത്തിനായി പോകുന്നതുകണ്ട് കൈകസി രാവണനോട് പറഞ്ഞു. നിന്റെ ജ്യേഷ്ഠന് പിതൃദര്ശനത്തിനായി പോകുന്നതുകണ്ടോ? നിങ്ങള്‍ രണ്ടുപേരും ഒരച്ഛന്റെ മക്കളാണ്. പറഞ്ഞിട്ടെന്തുകാര്യം അവനെവിടെ നീയെവിടെ.
അമ്മയുടെ വാക്കുകള്‍ കേട്ടു രാവണന് പറഞ്ഞു.
അമ്മ വിഷമിക്കേണ്ട. ഞാന്‍ ഇവനേക്കാള്‍ പ്രതാപശാലിയായിത്തീരും. തപോബലംകൊണ്ട് നേടാന്‍ കഴിയാത്തതായി ഒന്നുമില്ല. അമ്മയെ ആശ്വസിപ്പിച്ചശേഷം മൂന്നു സഹോദരന്മാരുംകൂടി ഗോകര്‍ണ്ണത്തില്‍ ചെന്ന് തപസ്സാരംഭിച്ചു. രാവണന് പഞ്ചാഗ്നിമദ്ധ്യേയും കുംഭകര്ണ്ണന് സൂര്യബിംബത്തില്‍ ദൃഷ്ടിയുറപ്പിച്ചും വിഭീഷണന് ബ്രഹ്മസ്വരൂപത്തെ ധ്യാനിച്ചും കഠിനമായ തപസ്സുതുടങ്ങി. വളരെക്കാലത്തെ തപസ്സിനുശേഷവും ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടില്ല. അവസാനം തന്റെ ശിരസ്സറുത്ത് അഗ്നിയില്‍ ഹോമിക്കാന്‍ തീരുമാനിച്ച് കഴുത്തു ഖണ്ഡിക്കുന്നതിന്നായി വാളോങ്ങിയ സമയത്ത് ബ്രഹ്മാവ് രാവണന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. സാഹസം കാട്ടരുതെന്നും വരങ്ങള്‍ ചോദിച്ചുകൊള്ളുവാനും അരുളിചെയ്തു. ബ്രഹ്മവാണി ശ്രവിച്ച രാവണന് ബ്രഹ്മാവിനെ വന്ദിച്ചുകൊണ്ട് തന്റെ അഭിഷ്ടങ്ങള്‍ പറയാന്‍ തുടങ്ങി.
ദേവഗന്ധര്വന്മാര്ക്കും അസുരന്മാര്ക്കും മൃഗ, സര്പ്പാദികള്ക്കും ഞാന്‍ എന്നും അവധ്യനായിരിക്കണം. മനുഷ്യരൊഴിച്ചാര്ക്കും എന്നെ വധിക്കാന്‍ കഴിയരുത്. എല്ലാം നിന്റെ ഇച്ഛപോലെ വരട്ടെയെന്ന് അനുഗ്രഹിച്ച് ബ്രഹ്മദേവന് കുംഭകര്‍ണ്ണനെ സമീപിച്ചു.
ബ്രഹ്മാവിനെക്കണ്ട് പരിഭ്രാന്തനായ കുംഭകര്ണ്ണന് നിര്‍ദ്ദേവത്വം എന്ന് പറയാന്‍ ആഗ്രഹിച്ചെങ്കിലും നിദ്രത്വം നല്കി അനുഗ്രഹിക്കണമെന്ന് അപേക്ഷിച്ചു. അങ്ങിനെയാകട്ടെ എന്നനുഗ്രഹിച്ച് പരംപിതാ വിഭീഷണനെ സമീപിച്ചു. എന്തുവരമാണ് വേണ്ടതെന്നതിനു മറുപടിയായി വിഭീഷണന് പറഞ്ഞു, അങ്ങയെ കാണാന്‍ കഴിഞ്ഞതുതന്നെ മഹാഭാഗ്യമാണ്.
മറ്റൊരുവരവും അടിയന് വേണമെന്നില്ല. മറിച്ച് ഇനി വരംതരുന്നതിന് അങ്ങ് തയ്യാറാണെങ്കില്‍ എന്റെ ധര്‍മ്മചിന്തകളും പ്രവൃത്തികളും ഭംഗംവരാത്തവിധം പരിപാലിക്കുന്നതിന് അനുഗ്രഹിക്കണമെന്നും ഈശ്വരഭക്തിക്ക് ഇളക്കംവരാതേയും പാപകര്‍മ്മങ്ങളില്‍ വൈമുഖ്യവും എന്നും നിലനിര്‍ത്താന്‍ അനുഗ്രഹിക്കണമെന്നും അപേക്ഷിച്ചു. നിന്റെ മനോരഥം സാധിക്കട്ടെയെന്നും ഭാഗവതോത്തമനായി കല്പാന്തത്തോളം ജീവിച്ചിരിക്കട്ടെയെന്നും അനുഗ്രഹിച്ച് ബ്രഹ്മദേവന് മറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: