ന്യൂയോര്‍ക്ക്: ഇതിഹാസ ക്രിക്കറ്റ് താരങ്ങളായ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും വിഖ്യാത ലെഗ് സ്പിന്നര്‍ ഷെയ്ന്‍ വോണും ചേര്‍ന്ന് നടത്തുന്ന ഓള്‍ സ്റ്റാര്‍ ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം. സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സും വോണ്‍സ് വാരിയേഴ്‌സും തമ്മില്‍ മൂന്ന് ട്വന്റി 20 മത്സരങ്ങളിലാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ സമയം രാത്രി 11.30ന് മത്സരം ആരംഭിക്കും. അമേരിക്കയിലെ ബേസ്‌ബോള്‍ സ്‌റ്റേഡിയങ്ങളിലാകും മത്സരങ്ങള്‍.
ക്രിക്കറ്റിനെ ആഗോള കായിക ഇനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. പതിനൊന്നിന് ഹൂസ്റ്റണിലെ മിനിറ്റ് മെയ്ഡ് പാര്‍ക്കിലും 14ന് ലോസ് ആഞ്ചലസിലെ ഡോഡ്ജര്‍ സ്‌റ്റേഡിയത്തിലുമാണ് മറ്റു മത്സരങ്ങള്‍.
വീരേന്ദ്ര സെവാഗ്, സൗരവ് ഗാംഗുലി, ഷൊഐബ് അക്തര്‍, ബ്രയാന്‍ ലാറ, ഗ്ലെന്‍ മക്ഗ്രാത്ത്, മുത്തയ്യ മുരളീധരന്‍, കര്‍ട്ട്‌ലി ആംബ്രോസ് തുടങ്ങിയ മുന്‍കാല പ്രതിഭകള്‍ അടങ്ങുന്നതാണ് സച്ചിന്റെ ടീം. വോണിന്റെ ടീമില്‍ റിക്കി പോണ്ടിംഗ്, വാസിം ആക്രം, അലന്‍ ഡൊണാള്‍ഡ്, മാത്യു ഹെയ്ഡന്‍, സംഗക്കാര, ജാക്ക് കല്ലിസ്, ഡാനിയല്‍ വെട്ടോറി തുടങ്ങിയവരുമുണ്ട്. ഓള്‍ സ്റ്റാര്‍ സീരീസുമായി കരാര്‍ ഒപ്പിട്ട താരങ്ങളെ നറുക്കെടുപ്പിലൂടെയാണ് ഇരു ടീമുകളിലായി ഉള്‍പ്പെടുത്തിയത്.
ടീം: സച്ചിന്‍സ് ബ്ലാസ്‌റ്റേഴ്‌സ്: വിരേന്ദര്‍ സെവാഗ്, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍, മഹേല ജയവര്‍ദ്ധനെ, ബ്രയാന്‍ ലാറ, കാള്‍ ഹൂപ്പര്‍, മോയിന്‍ ഖാന്‍, മുത്തയ്യ മുരളീധരന്‍, ഗ്രേം സ്വാന്‍, കര്‍ട്ട്‌ലി ആബ്രോസ്, ഷോണ്‍ പൊള്ളോക്ക്, ഗ്ലെന്‍ മഗ്രാത്ത്, ലാന്‍സ് ക്ലൂസ്‌നര്‍, ഷോയെബ് അക്തര്‍.
വോണ്‍സ് വാരിയേഴ്‌സ്: മാത്യു ഹെയ്ഡന്‍, മൈക്കില്‍ വോണ്‍, സഖ്‌ലെയിന്‍ മുസ്താഖ്, ഡാനിയേല്‍ വെട്ടോറി, കോട്‌നി വാല്‍ഷ്, വസീം അക്രം, റിക്കി പോണ്ടിംഗ്, ജോണ്ടി റോഡ്‌സ്, ജാക്ക് കല്ലിസ്, ആന്‍ഡ്രൂ സിമണ്ട്‌സ്, കുമാര്‍ സംഗക്കാര, അലന്‍ ഡൊണാള്‍ഡ്, അജിത് അഗാര്ക്കര്‍.
















