മൊഹാലി: സ്പിന്‍ കരുത്തില്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ടീം ഇന്ത്യ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ 17 റണ്‍സിന്റെ ലീഡ് നേടി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 201 റണ്‍സിനെതിരെ ദക്ഷിണാഫ്രിക്ക 184 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ അശ്വിനും മൂന്നെണ്ണം നേടിയ രവീന്ദ്ര ജഡേജയും രണ്ടെണ്ണം വീഴ്‌ത്തിയ അമിത് മിശ്രയും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്.
മുന്നുപേര്‍ മാത്രം രണ്ടക്കം കടന്ന ഇന്നിംഗ്‌സില്‍ 63 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സ് ടോപ് സ്‌കോറര്‍. ഹാഷിം ആംല 43ഉം എല്‍ഗര്‍ 37ഉം റണ്‍സെടുത്തു. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്തിട്ടുണ്ട്. എട്ട് വിക്കറ്റ് കയ്യിലിരിക്കെ 142 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്. 63 റണ്‍സുമായി പൂജാരയും 11 റണ്‍സുമായി ക്യാപ്റ്റന്‍ കോഹ്‌ലിയും ക്രീസില്‍.
ഇന്നലത്തെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ അശ്വിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 150 വിക്കറ്റെന്ന നേട്ടം സ്വന്തമാക്കി. 29 ടെസ്റ്റില്‍ നിന്നാണ് അശ്വിന്റെ നേട്ടം. ഇതോടെ ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ ബൗളറായിരിക്കുകയാണ് അശ്വിന്‍. സ്പിന്നന്‍ ഇതിഹാസങ്ങളായ പ്രസന്നയുടെയും കുംബ്ലെയുടെയും നേട്ടമാണ് അശ്വിന്‍ മറികടന്നത്. 34 ടെസ്റ്റില്‍ നിന്നാണ് ഇരുവരും ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. ടെസ്റ്റില്‍ 13-ാം തവണയാണ് അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. അതിവേഗത്തില്‍ 150 വിക്കറ്റ് വീഴ്‌ത്തുന്ന നാലാമത്തെ താരവും അശ്വിനാണ്.
രണ്ടിന് 28 എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക അശ്വിന്‍, രവീന്ദ്ര ജഡേജ, അമിത് മിശ്ര സഖ്യത്തിന്റെ കറക്കിയെറിയലില്‍ നിലംപൊത്തുകയായിരുന്നു. 13 റണ്‍സുമായി എല്‍ഗറും 9 റണ്‍സുമായി ഹാഷിം ആംലയും ബാറ്റിങ് ആരംഭിച്ചു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 85-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 37 റണ്‍സെടുത്ത എല്‍ഗറിനെ അശ്വിന്റെ പന്തില്‍ രവീന്ദ്ര ജഡേജ പിടികൂടി. പിന്നീടാണ് കൂട്ടത്തകര്‍ച്ച നേരിട്ടത്.
സ്‌കോര്‍ 105-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും നിലംപതിച്ചു. 43 റണ്‍സെടുത്ത ആംലയെ അശ്വിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ സ്റ്റമ്പ് ചെയ്തു പുറത്താക്കി. പിന്നീട് ഡിവില്ലിയേഴ്‌സ് (63) നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 184-ല്‍ എത്തിച്ചത്. മറ്റാരും തന്നെ രണ്ടക്കം കടക്കാതിരുന്നതും ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടുന്നതില്‍ നിന്ന് അവരെ തടഞ്ഞു. ഡെയ്ന്‍ വിലാസ് (1), ഫിലാണ്ടര്‍ (3), സിമോണ്‍ ഹാര്‍മര്‍ (7), സ്‌റ്റെയിന്‍ (6), ഇമ്രാന്‍ താഹിര്‍ (4) എന്നിവര്‍ തീര്‍ത്തും പരാജയപ്പെട്ടു. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന രബാദ ഒരു റണ്‍സുമായി പുറത്താകാതെ നിന്നു.
സ്‌കോര്‍ 179-ല്‍ നില്‍ക്കേ ഒമ്പതാമനായാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിലെ ടോപ്‌സ്‌കോററായ ഡിവില്ലിയേഴ്‌സ് പുറത്തായത്. ഡിവില്ലിയേഴ്‌സിനെ അമിത് മിശ്ര ബൗള്‍ഡാക്കുകയായിരുന്നു. അശ്വിന്‍ 51ന് അഞ്ചും ജഡേജ 55ന് മൂന്നും വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ അമിത് മിശ്ര 35 റണ്‍സ് വഴങ്ങി രണ്ടെണ്ണം സ്വന്തമാക്കി.
17 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. ആദ്യ ഇന്നിംഗ്‌സില്‍ പൂജ്യനായി മടങ്ങിയ ധവാന്‍ രണ്ടാം ഇന്നിംഗ്‌സിലും അക്കൗണ്ട് തുറക്കാതെ മടങ്ങി. എട്ട് പന്തുകള്‍ നേരിട്ട ധവാന്‍ ഫിലാന്‍ഡറുടെ പന്തില്‍ ഡിവില്ലിയേഴ്‌സിന് ക്യാച്ച് നല്‍കി. ആദ്യ ഇന്നിംഗ്‌സിലും ഫിലാന്‍ഡറിനായിരുന്നു ധവാന്റെ വിക്കറ്റ്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ മുരളി വിജയും ചേതേശ്വര്‍ പൂജാരയും ഒത്തുചേര്‍ന്നതോടെ ഇന്ത്യ തകര്‍ച്ചയില്‍ നിന്ന് കരകയറി. 96 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 95-ല്‍ എത്തിയപ്പോള്‍ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് നഷ്ടമായി.
47 റണ്‍സെടുത്ത മുരളി വിജയിനെ ഇമ്രാന്‍ താഹിറിന്റെ ബൗളിങില്‍ സബ്‌സ്റ്റിറ്റിയൂട്ട് ഫീല്‍ഡര്‍ ബാവുമ കയ്യിലൊതുക്കി. പിന്നീട് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ പൂജാരയും കോഹ്‌ലിയും ചേര്‍ന്ന് രണ്ടാം ദിവസത്തെ കളി അവസാനിപ്പിച്ചു.
















