ന്യൂദല്‍ഹി: ഗോവധവും ബീഫ് വില്‍പനയും ദല്‍ഹിയില്‍ നിരോധിക്കണമെന്ന ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. സ്വാമി സത്യാനന്ദ ചക്രധാരി എന്ന സന്യാസി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
നിലവില്‍ ഗോവധം നിരോധിച്ചുകൊണ്ടുള്ള നിയമം ദല്‍ഹിയില്‍ ഉണ്ടെന്നും ഹര്‍ജി തെറ്റിദ്ധാരണയില്‍ നിന്നുണ്ടായതാണെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി. രോഹിണി, ജസ്റ്റിസ് ജയന്ത് നാഥ് എന്നിവര്‍ പറഞ്ഞു.
കന്നുകാലികളുടെ സംരക്ഷണത്തിനായി ‘ദല്‍ഹി കാര്‍ഷിക കന്നുകാലി സംരക്ഷണ നിയമം’ നിലവിലുള്ള സംസ്ഥാനമാണ് ദല്‍ഹിയെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതംഗീകരിച്ച ഹൈക്കോടതി സ്വാമിയുടെ ഹര്‍ജി സ്വീകരിച്ചില്ല.
1932ലെ രണ്‍ബീര്‍ പീനല്‍ കോഡ് നടപ്പാക്കിയ ജമ്മു കശ്മീര്‍ മാതൃകയില്‍ ദല്‍ഹിയിലും പശുക്കള്‍ക്കും മറ്റും സംരക്ഷണം വേണമെന്നും ഗോവധം നിരോധിക്കണമെന്നുമായിരുന്നു ആവശ്യം. ഗോവധം പത്തുവര്‍ഷം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമായി കണക്കാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
കന്നുകാലികളുടെ സംരക്ഷണത്തിനായി ഭക്ഷണവും തൊഴുത്തുകളുടെ നിര്‍മ്മാണവും സംസ്ഥാന സര്‍ക്കാര്‍ നടത്തണമെന്ന ഹിമാചല്‍ ഹൈക്കോടതി ഉത്തരവും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
















