സ്വതന്ത്ര ഭാരതത്തിന്റെ രാഷ്ട്രീയ മണ്ഡലം പലപ്പോഴും അതിവൈകാരിക ജാതി മത വിശ്വാസങ്ങളിലാണ് വേരുകളാഴ്ത്തിയിട്ടുള്ളത്. എന്നിരുന്നാലും പുരോഗമനപരമെന്ന് സ്വയം വിശ്വസിച്ചിരുന്നതും അല്ലെങ്കില്‍ എഴുത്തുകാരും ബുദ്ധിജീവികളുമെന്ന് അവകാശപ്പെടുന്നവരും ഉയര്‍ത്തിക്കൊണ്ടുവന്ന വിശ്വാസപ്രമാണങ്ങളിലും യുക്തിഭദ്രതയിലും എഴുത്തുകളെയും ചിന്തകളെയും തളച്ചിടുകയും ആ ബന്ധനങ്ങളെ പുരോഗമനപരമെന്ന് ആവര്‍ത്തിച്ചു പറഞ്ഞ് രാഷ്ട്രീയ അധികാര മണ്ഡലത്തെവരെ രൂപപ്പെടുത്തിയ ഒരു സംസ്ഥാനമാണ് നമ്മുടേത്.
കേരള സമൂഹം അഭിമാനത്തോടെയും അല്‍പ്പസ്വല്‍പ്പം ഊറ്റത്തോടെയും ഏറ്റുപറയുകയും സങ്കല്‍പ്പങ്ങളിലെങ്കിലും ഉറപ്പിക്കുകയും ചെയ്ത, മലയാളിക്ക് മാത്രമുണ്ട് എന്ന് വിശ്വസിക്കുന്ന സ്വത്വബോധത്തേയും യുക്തികളെയും തകിടം മറിക്കുന്ന വെറും തെരുവ് നാടകമാണ് ‘കാലിമാംസപ്രശ്നം’ എന്ന് വിലയിരുത്തുന്നതില്‍ ശരികളുണ്ട്.
സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ദൃശ്യമാധ്യമ ചര്‍ച്ചകളെ കൊഴുപ്പിക്കുകയും അച്ചടി മാധ്യമങ്ങള്‍ വെണ്ടക്ക നിരത്തുകയും അതിനെല്ലാം ഉപരി ഹൈന്ദവ വിശ്വാസങ്ങളും ആരാധനാ സങ്കല്‍പ്പങ്ങളും വര്‍ഗീയതക്ക് വിത്തുപാകുന്നതുമാണെന്ന അപമാനത്തിലേക്ക് അദ്വൈതത്തിന്റെ കാലടി പതിഞ്ഞ നാടിന്റെ ജനതയെ വലിച്ചിഴക്കുന്നതുമാണ് കാലിമാംസത്തിന്റെ പേരില്‍ ഇവിടെ നടത്തപ്പെടുന്ന ‘കുട്ടി’ നാടകങ്ങള്‍.
ദൈവസാമ്രാജ്യങ്ങള് തീര്‍ക്കുവാന്‍ സംഘടിത മതങ്ങള്‍ നടപ്പില്‍ വരുത്തിയതും ഇന്നു തുടരുന്നതുമായ മനുഷ്യക്കുരുതികള്പോലെ വര്ഗവിപ്ലവങ്ങള്ക്കായി ഭൂമിയില്‍ ഒഴുകിയ ചോരച്ചാലുകള്‍ പോലെ സമാനതകളില്ലാത്ത കൂട്ടക്കുരുതികള്‍ക്ക് ചരിത്രം സാക്ഷിയാണ്. എന്നാല്‍ ഭാരതത്തിലെ ഹൈന്ദവജനത മതസാമ്രാജ്യ ചിന്തകള്‍ വച്ചുപുലര്ത്തുന്നവരോ വര്‍ഗീയവെറി വളര്‍ത്തുന്നവരോ ആയി ചരിത്രം വിലയിരുത്തിയിട്ടില്ല.
എന്നിട്ടും ബഹുസ്വരമായ ഒരു രാജ്യത്തിന്റെ രാഷ്ട്രീയ കുടിപ്പകകള്‍ മൂലമുണ്ടാക്കുന്ന അസ്വാരസ്യങ്ങളെ ”ഹൈന്ദവ വര്‍ഗീയ ഫാസിസം” എന്ന് പ്രചരിപ്പിക്കുന്ന മാധ്യമലോകവും ആധുനിക ചിന്തകരും. ചിന്തകരെന്ന് നടിക്കുന്നവരും ഒന്ന് മനസ്സിലാക്കണം, അന്നുമുതല്‍ ബ്രഹ്മാണ്ഡം വരെ ഒരു ഈശ്വരദര്‍ശനത്തില്‍ ലയിപ്പിച്ചു, പശുവിനെ മാത്രമല്ല പ്രകൃതിയിലെ ചരാചരങ്ങളെയും നദികളെയും പര്വതങ്ങളെയും സാഗരങ്ങളെയും ഈശ്വരതുല്യം പൂജിച്ച ഒരു സാധുജനതയുടെ ആത്മീയ ചേതനക്കേറ്റ മുറിവുകള്‍ക്ക് എന്ത് പരിഹാരമാണ് നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കുവാനുള്ളത്.
ഭാരതത്തിന്റെ പ്രാര്‍ത്ഥന ചരിത്രം രേഖപ്പെടുത്തിയ ലോകപ്രശസ്ത ചരിത്രകാരന്മാര് പലരും. സിന്ധു നദീതടങ്ങളില്‍ നമ്മുടെ പൂര്‍വികര്‍ അനുവര്‍ത്തിച്ചും വന്ന കാലിവളര്‍ത്തല്‍ രീതിയും അതിനെ മാത്രം ആസ്പദമാക്കിയ കാര്‍ഷിക സമൃദ്ധിയും ആ ജനതയുടെ തന്നെ സാമ്പത്തിക നിലനില്‍പ്പിന്റെ ആധാരമാക്കി വിലയിരുത്തിയിട്ടുണ്ട്.
കാലമേറെക്കഴിഞ്ഞിട്ടും വളരെയധികം മാറ്റങ്ങള്‍ മനുഷ്യജീവിതത്തിന് സംഭവിച്ചിട്ടും ഇന്നും മനുഷ്യന്റെ സാമ്പത്തികനില കണക്കാക്കുന്നതില്‍ ഒരു ഘടകം രാജ്യങ്ങളുടെ കാലിസമ്പത്താണ്. കാലി സമ്പത്തിന് സംഭവിക്കുന്ന ക്ഷയങ്ങള്‍ രാജ്യങ്ങളുടെ സാമ്പത്തിക സുസ്ഥിരതയെ പ്രതികൂലമായി ബാധിക്കും എന്നതിന്റെ ആധുനിക ഉദാഹരണമാണ് ഭ്രാന്തി പശു രോഗത്തിന് ശേഷം തകര്‍ച്ച ബാധിച്ച ബ്രിട്ടന്റെയും ആന്‍ഡ്രാക്സ് ബാധ തകര്‍ച്ചയിലെത്തിച്ചു. അമേരിക്കയുടെയും കാര്‍ഷിക സാമ്പത്തികമേഖലകള്‍.
അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും വലിയ കാര്‍ഷിക സാമ്പത്തിക മേഖലയായ ഭാരതത്തില്‍ ഗോസംരക്ഷണം മതവൈകാരികത മാത്രമായി ചര്‍ച്ച ചെയ്യുന്നത് അര്‍ത്ഥശൂന്യമാണ്.
മുഗള്‍ ഭരണകാലത്തുപോലും ബാബറും അക്ബറും ഗോവധനിരോധനം നടപ്പാക്കിയതിനു പിന്നിലും മതവൈകാരികത മാത്രമല്ല ഘടകമായത്. ലോകത്തെ ഏറ്റവും വലിയ കാര്‍ഷിക ഭൂമിയുടെ നിലനില്‍പ്പ് പശുക്കളെ ആസ്പദമാക്കിയാണ് എന്ന തിരിച്ചറിവ് കൂടിയുണ്ടായിരുന്നു.
ആധുനികഭാരതത്തിന്റെ ചരിത്രത്തില്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ ആദിപര്‍വത്തില്‍ റോബര്‍ട്ട് ക്ലൈവിന്റെ നേതൃത്വത്തില്‍ നടപ്പില്‍വരുത്തിയ കാലികളുടെ കൂട്ടക്കുരുതി ഭാരതത്തിന്റെ ആത്മീയ സത്തയെ ഇല്ലാതാക്കുവാനുള്ള ശ്രമം മാത്രമായിരുന്നില്ല. അതിലൂടെ അതിസമ്പന്നവും വൈവിധ്യപൂര്‍ണവുമായ കാര്‍ഷിക സമ്പന്നതയുടെ ഉടമകളുമായിരുന്ന വംഗദേശത്തിന്റെ പ്രജകളെ ദരിദ്രന്മാരാക്കുവാനും പിന്നീട് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ചൊല്പ്പടിയില് നിര്‍ത്തുവാനും കഴിഞ്ഞു എന്നതായിരുന്നു അവരുടെ വിജയം. നൂറ്റാണ്ടുകള്‍ക്കിപ്പുറവും ആ ഒരു വന്‍ തകര്‍ച്ചയില്‍നിന്നും കരകയറുവാന്‍ ബംഗാളിന് കഴിഞ്ഞിട്ടില്ല എന്ന് ആ നാടിന്റെ ആധുനികസാമ്പത്തിക അവസ്ഥയും ഭൂരിഭാഗം വരുന്ന കര്‍ഷകരുടെ ദൈന്യതയും തിരിച്ചറിയുന്നുവര്‍ക്ക് മനസ്സിലാകും.
സ്വാതന്ത്ര്യാനന്തര ഭാരതം ഭരണഘടന അനുശാസിക്കുന്ന മൗലികതത്വങ്ങളില്‍ ഒന്നാക്കി ‘ഗോസംരക്ഷണമെന്ന്’ രേഖപ്പെടുത്തിയതിനു പിന്നില്‍ ‘ഹൈന്ദവ ഫാസിസ’മാണോയെന്ന് ഈ വിഷയത്തെ തെരുവിലിറക്കിയ കാഞ്ച ഏലയ്യയും. കെ.ഇ.എന്നും (കെ.ഇ.എന്‍:കുഞ്ഞഹമ്മദ്) പോലുള്ള ബൗദ്ധിക വര്‍ഗം വിശദീകരിക്കേണ്ടതാണ്.
ഭാരതത്തിലെ പൊതുമേഖലാ ബാങ്കുകള്‍ പശുവിനെ വളര്‍ത്താന്‍ വായ്പ നല്‍കുന്നത് മതവിശ്വാസത്തിന്റെ പേരിലാണോ അതോ രാജ്യത്തിന്റെയും വ്യക്തികളുടെയും സാമ്പത്തികമുന്നേറ്റത്തിന്റെ അവിഭാജ്യഘടകമാണ് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ പ്രദാനംചെയ്യുന്ന പശുവളര്‍ത്തല്‍ എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണോ എന്ന് സാമാന്യബോധമുള്ളവര്‍ ചിന്തിക്കണം. കാരണം ഇറച്ചിക്കായി ഉരുക്കളെ വളര്‍ത്തുവാന്‍ ബാങ്ക് വായ്പ ഉള്ളതായി അറിവില്ല.
സാമ്പത്തികതലത്തില്‍ മാത്രമല്ല വന്‍തകര്‍ച്ച നേരിടുന്ന പരിസ്ഥിതിയെയും ഭൂമിയെയും അതിലൂടെ ആഹാരശൃംഖലകളെയും നിലനിര്‍ത്താന്‍ അനിവാര്യമായതുകൊണ്ടാണ് ലോകപ്രശസ്ത പരിസ്ഥിതിശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍ (ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട്) പശ്ചിമഘട്ടത്തിന്റെ ജൈവമേഖലയെ നിലനിര്‍ത്താന്‍ ആ മേഖലയിലെ കര്‍ഷകര്‍ പശുവളര്‍ത്തുകയും ജൈവകൃഷി പ്രോത്സാഹിപ്പിക്കുവാനുമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ഭാരതത്തിലെ നൂറ്റി ഇരുപത് കോടികള്‍ വെറും മൂന്നേകാല്‍ കോടിയുള്ള പ്രബുദ്ധ മലയാൡ ഇന്ന് അകപ്പെട്ടിരിക്കുന്നത് സങ്കീര്‍ണമായ ഒരു പ്രശ്നത്തിലാണ്. ജീവിതശൈലീ രോഗങ്ങള്‍ എന്ന് നാം ഓമനപ്പേരിട്ടിരിക്കുന്ന മാറാവ്യാധികള്‍ക്ക് ബാല്യങ്ങള്വരെ ഇരയാകുമ്പോള്‍ ഈ ഒരവസ്ഥക്ക് കാരണമായത് കാര്‍ഷിക മേഖലയുെട തകര്‍ച്ചയും അതുമൂലം നമ്മുടെ തീന്മേശകളെ കീഴടക്കിയ മാസംഭക്ഷണരീതിയുമാണെന്ന് ഇനി എന്നാണ് നാം തിരിച്ചറിയുന്നത്. മൃഗസംരക്ഷണവകുപ്പിന്റെ കണക്കനുസരിച്ച് 2014-15 കാലയളവില്‍ മാത്രം മലയാളി തിന്നുതീര്‍ത്തത് നാല് ലക്ഷത്തി അന്‍പതിനായിരം ടണ്‍ മാംസമാണ്. ഇതില്‍ രണ്ടുലക്ഷത്തി അന്‍പതിനായിരം ടണ്‍ കാലിമാംസമാണ്.
ഭാരതത്തിലെ ഏറ്റവും വലിയ ഈ മാംസക്കൊതിക്കുവേണ്ടി ഓരോ വര്‍ഷവും കേരളം കൊന്നൊടുക്കുന്നത് രണ്ടരക്കോടി കന്നുകാലികളെയാണ്. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കേവലം നൂറ് സര്‍ക്കാര്‍ സര്‍ക്കാര്‍ അറവുശാലകള്‍ മാത്രമുള്ള ഇവിടെ മാംസമാലിന്യ നിക്ഷേപകേന്ദ്രങ്ങളായി മൂവായിരത്തില്‍പ്പരം അറവുശാലകളുടെ മാലിന്യം പേറുന്ന തോടുകളും പുഴകളും തണ്ണീര്‍ത്തടങ്ങളും ഗ്രാമങ്ങളെയും പട്ടണങ്ങളെയും രോഗഗ്രസ്ഥമാക്കുന്നു. കാതിക്കുടം എന്ന ഗ്രാമം എങ്ങനെയാണ് മലയാളിയുടെ മാറാത്ത നൊമ്പരമായത് എന്ന് നാം തിരിച്ചറിയണം.
മാംസാവശിഷ്ടം ഭക്ഷണമാക്കി പെറ്റുപെരുകിയ തെരുവുനായ്ക്കള്‍ വീടിന്റെ ഉമ്മറംതൊട്ട് ഹൈവേകളില്‍വരെ മനുഷ്യന് ഭീഷണിയാകുന്നു.
ആരോഗ്യമേഖലയിലെ വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് അതിരുകള്‍ ലംഘിച്ച് മാംസ ഉപയോഗവും മാലിന്യവുമാണ് ഇന്ന് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കാന്‍സര്‍, ആന്‍ഡ്രാക്സ്, കരമ്പനി, പക്ഷിപ്പനി തുടങ്ങിയ പല രോഗങ്ങള്‍ക്കും ഹേതുവാക്കുന്നത്. യഥാര്‍ത്ഥത്തില്‍ മലയാളി അറിഞ്ഞോ അറിയാതെയോ മരുന്ന്, ആശുപത്രി മാഫിയകളുടെ ഇരകളാവുകയാണ്.
ഇനി നിങ്ങള്‍ പറയൂ സമൂഹത്തെ മുന്നില്‍നിന്ന് നയിക്കേണ്ടുന്ന യുവത്വവും അതിന്റെ ആര്‍ജവം പേറുന്ന കലാലയങ്ങളും ‘ബീഫ് ഫെസ്റ്റിവലു’കളാണോ നടത്തേണ്ടത് അതോ മലയാളിയുടെ സമ്പത്തിനെ ക്ഷയിപ്പിക്കുന്ന, രോഗാതുരമാകുന്ന ഈ മാംസഭ്രാന്തിനെ ഇല്ലാതാക്കുവാന്‍ ഗോശാലകളും അനുബന്ധ കാര്‍ഷിക സംസ്കൃതിയുമാണോ വളര്‍ത്തേണ്ടതെന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: