കോഴിക്കോട്: ആത്മധ്യാനത്താല്‍ ലഭിക്കുന്ന സുഖം ബാഹ്യവിഷയമായി നമുക്കിപ്പോള്‍ ലഭിക്കുന്ന എല്ലാ സുഖങ്ങളെയും അതിശയിക്കുന്നതാണെന്ന് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. സംബോധ്ഫൗണ്ടേഷനും ബോധാനന്ദ സേവാസൊസൈറ്റിയും സംയുക്തമായി തളി പത്മശ്രീ കല്യാണമണ്ഡപത്തില്‍ സംഘടിപ്പിക്കുന്ന ഗീതാജ്ഞാനയജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധ്യാന നിഷ്ഠനേടിയ ആള്ക്കുമുന്നില് എത്രവലിയ ദുഃഖവും നിസ്സാരമാണ്.ധ്യാനവിഷയത്തില്‍ തീവ്രനിലപാടുകള്‍ എടുക്കുന്നതിനോട് ഭഗവാന് യോജിക്കുന്നില്ല. ആഹാരകാര്യത്തിലും, വ്യവഹാരത്തിലും ഒക്കെ ആരോഗ്യകരവും, തൃപ്തികരവുമായ സമീപനം പുലര്‍ത്താന്‍ ഭഗവാന് ആ ഹ്വാനം ചെയ്യുന്നു.
അറിവും, വൈകാരിക പക്വതയും ഇണങ്ങുമ്പോള്‍ അച്ചടക്കങ്ങള്‍ പാലിക്കുന്നത് ആസ്വാദ്യകരമാവും. ധ്യാനവേളയില്‍ മനസ്സ് കാറ്റില്ലാത്തിടത്തു വെച്ച ദീപംപോലെ ശാന്തവും ഏകാഗ്രവുമാവും. വിളക്കിന്റെ ഉദാഹരണത്തെ സംബന്ധിച്ച് വ്യാഖ്യാനങ്ങളുള്ളത് ശ്രദ്ധേയമാണ്. വിവേകത്തിന്റെ എണ്ണ നിറച്ച വിളക്കില്‍ വൈരാഗ്യത്തിന്റെ തിരിയിട്ട് ഉപദേശാഗ്നി പകര്‍ന്ന് ജ്വലിപ്പിച്ച് വെക്കുന്നു ധ്യാനം. കാമനകളുടെ കാറ്റു വീശാതിരിക്കുമ്പോള് ലക്ഷ്യപ്രാപ്തി ഉറപ്പാകുന്നു.
ധ്യാനം ഒരിടത്തുനിന്നുമുള്ള ഒളിച്ചോട്ടമല്ല. ഒരാള്‍ അവനവനോടുതന്നെ ചെയ്യുന്ന നീതിയാണ്. അവകാശപ്പെട്ട ശാന്തി സ്വന്തമാക്കുന്നതിനുള്ള ഉത്സാഹം ജീവിത വ്യാപാരങ്ങളെയെല്ലാം ധന്യമാക്കും. സ്വാതന്ത്ര്യത്തിന്റെ നിര്‍വൃതി സുലഭമാവും. ധ്യാനശ്രദ്ധ ഏവര്‍ക്കും ഉണ്ടാവട്ടെയെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: