പാലക്കാട്: ചിറ്റൂരിനടുത്ത് മേനോന്‍പാറയില്‍ സഹോദരിമാര്‍ ഉള്‍പ്പെടെ അയല്‍വാസികളായ നാലു പേര് വെള്ളക്കെട്ടില്‍ വീണ് മുങ്ങിമരിച്ചു. മേനോന്‍പാറ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപത്തെ നാഗരാജ്-വസന്തകുമാരി ദമ്പതികളുടെ മക്കളായ പവിത്ര(17), സുമിത്ര(13), അയല്‍വാസികളായ നടരാജന്-പാര്‍വതി ദമ്പതികളുടെ മകന് കാര്‍ത്തിക്(23), ദണ്ഡപാണി-രാധിക ദമ്പതികളുടെ മകള്‍ ധരണ്യ(20) എന്നിവരാണ് മുങ്ങിമരിച്ചത്. കാര്‍ത്തിക്കിന്റെ ചെറിയച്ഛന്റെ മകളാണ് ധരണ്യ.
വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ പവിത്ര, സുമിത്ര, ധരണ്യ എന്നിവര്‍ തുണി അലക്കുന്നതിനും കാര്‍ത്തിക് കുളിക്കുന്നതിനുമായി വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കല്ലുവെട്ട് കുഴിയില്‍ പോയിരുന്നു.
ഏറെ സമയം കഴിഞ്ഞും മക്കളെ കാണാതായപ്പോള്‍ വസന്തകുമാരി അന്വേഷിച്ചെത്തിയപ്പോള്‍ തുണി കഴുകി തീര്‍ന്നിട്ടില്ലെന്നും പിറകെ വരാമെന്നും പറഞ്ഞ് പവിത്രയും സുമിത്രയും അമ്മയെ മടക്കി അയച്ചു. പിന്നീട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവരെ കാണാതായപ്പോള്‍ വസന്തകുമാരി തിരക്കിച്ചെന്നു. കരയില്‍ തുണി കണ്ടെങ്കിലും നാലു പേരെയും കാണാനില്ലായിരുന്നു. വസന്തകുമാരിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ സമീപവാസികള്‍ തെരച്ചില്‍ നടത്തി.
വിവരമറിയിച്ചതിനെ തുടര്‍ന്ന് കഞ്ചിക്കോട് നിന്ന് അഗ്നിശമസന എത്തി നാട്ടുകാരുടെ സഹായത്തോടെ കൊക്കര്‍ണിയില്‍ തെരച്ചില്‍ നടത്തി നാലു പേരുടെയും മൃതദേഹം പുറത്തെടുക്കുകയായിരുന്നു. നീന്തല്‍ അറിയാത്ത കാര്‍ത്തിക് കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിത്താഴുന്നതു കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ് മൂന്നു പേരും അപകടത്തില്‍പ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കാര്‍ത്തിക് ഫര്‍ണീച്ചര്‍ കടയിലെ ജീവനക്കാരനാണ്. പവിത്ര കോഴിപ്പാറ ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയും സുമിത്ര അതേ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമാണ്. ധരണ്യ ബി.കോം കഴിഞ്ഞ് തുടര്‍പഠനം കാത്തിരിക്കുന്നു. കൊഴിഞ്ഞാമ്പാറ പോലീസിന്റെ മേല്‍നടപടികള്‍ നാലു പേരുടെയും മൃതദേഹം ചിറ്റൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: