ബ്രിസ്ബെന്: ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ കൂറ്റന്‍ സ്കോറിലേക്ക്. ആദ്യ ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ കംഗാരുക്കള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 389 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ (163)യും ഉസ്മാന് കവാജയുടെയും (102 നോട്ടൗട്ട്) തകര്‍പ്പന്‍ സെഞ്ചുറികളാണ് ഓസീസിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. 41 റണ്‍സോടെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് കവാജക്ക് ഒപ്പം ക്രീസില്‍.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസിന് ഓപ്പണിംഗ് ജോഡിയായ ഡേവിഡ് വാര്‍ണര്‍-ജോ ബേണ്‍സ് സഖ്യം 161 റണ്‍സ് സമ്മാനിച്ചു. 71 റണ്‍സ് നേടിയ ബേണ്‍സ് മികച്ച പിന്തുണ വാര്‍ണര്‍ക്ക് നല്കി. സൗത്തിയുടെ പന്തില്‍ വാട്ട്ലിറങിന് ക്യാച്ച് നല്‍കിയാണ് ബേണ്‍സ് മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ കവാജയ്ക്കൊപ്പവും തകര്‍ത്തു കളിച്ച വാര്‍ണര്‍ കിവീസ് ബൗളര്‍മാരെ നിഷ്പ്രഭരാക്കി. 150 റണ്‍സാണ് ഇരുവരും രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.
ഒടുവില്‍ സ്കോര്‍ 311-ല്‍ എത്തിയപ്പോഴാണ് വാര്‍ണര്‍ നീഷാമിന്റെ പന്തില്‍ ടെയ്ലര്‍ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങിയത്. 224 പന്തില്‍ നിന്ന് 19 ഫോറും ഒരു സിക്സറുമുള്‍പ്പെട്ടതാണ് വാര്‍ണറുടെ ഇന്നിംഗ്സ്. 10 ബൗണ്ടറികളും രണ്ട് സിക്സും നേടിയാണ് കവാജ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. അപരാജിതമായ മൂന്നാം വിക്കറ്റില്‍ കവാജയും സ്മിത്തും ചേര്‍ന്ന് ഇതുവരെ 78 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ന്യൂസിലാന്‍ഡിന് വേണ്ടി സൗത്തിയും നീഷാമും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: