ഭാരതം സഹിഷ്ണുതയുള്ള രാജ്യമാണോ അല്ലയോ എന്ന വ്യാപകമായ പ്രചാരണത്തിനു പിന്നിൽ എന്താണ്? മതങ്ങളുടെയും ആശയസംഹിതകളുടെയും വൈവിധ്യവും ലോകത്തോളം പോന്ന കാഴ്ചപ്പാടുമാണ് നമ്മുടെ സംസ്കാരത്തിന് അടിസ്ഥാനമായ ധർമചിന്ത. ഹിന്ദു, ബുദ്ധ, ജൈന, സിഖ് തുടങ്ങിയ നാല് പ്രമുഖ മതങ്ങളുടെ ജന്മഭൂമിയാണ് ഭാരതം. സഹിഷ്ണുതയും എന്തിനോടും പൊരുത്തപ്പെടാനുള്ള നമ്മുടെ സംസ്കാരത്തിന്റെ മേന്മയുമാണ് ഈ മത വൈവിധ്യത്തിനു കാരണം.
ഈ സഹിഷ്ണുത തകർക്കപ്പെട്ടുവെന്നാണ് ഇപ്പോഴത്തെ പ്രചാരണം. അതു ശരിയെങ്കിൽ ആരാണ് അതിന് ഉത്തരവാദി? സ്വാതന്ത്ര്യം മുതൽ 60 വർഷം രാജ്യവും മിക്ക സംസ്ഥാനങ്ങളും ഭരിച്ചത് കോൺഗ്രസാണ്. നമ്മുടെ മാതൃഭൂമിയുടെ ഉത്ഭവം മുതൽ കൂടപ്പിറപ്പായ സഹിഷ്ണുത ഒന്നര വർഷത്തെ മോദി ഭരണംകൊണ്ട് തകർക്കാനാകുമോ? ഇപ്പോഴുണ്ടായ സംഭവങ്ങൾ കോൺഗ്രസ് ഭരണകാലത്ത് ഉണ്ടായിട്ടില്ലേ? വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി കോൺഗ്രസ് ഭരണകാലത്ത് വർഗീയ കലാപങ്ങൾ നിത്യസംഭവമായിരുന്നു. തെരഞ്ഞെടുപ്പ് സമയത്താണ് ഇത്തരം സംഭവങ്ങൾ സാധാരണ ഉണ്ടാകാറുള്ളത്. അതാകട്ടെ, ഒരു ചിട്ട പോലെ തുടരുകയുമായിരുന്നു.
ഇപ്പോൾ, രാജ്യത്തെ സമ്പദ് വ്യവസ്ഥ പുനരുജ്ജീവനത്തിന്റെ വഴിയിൽ. അന്തർദേശീയ നിക്ഷേപകർക്കു മുന്നിൽ രാജ്യം ബഹുമാനിക്കപ്പെടുന്നു. രാജ്യത്തിന്റെ സ്വത്വം അവർ തിരിച്ചറിയുന്നു. ലോകത്തിലെ വിവിധ സ്ഥാപനങ്ങൾ ഭാരതത്തിന്റെ സ്ഥാനം ഉയർന്നുവെന്നു നിരന്തരം പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകട്ടെ ഭാരതത്തിലും പുറത്തും ഏറെ ആദരിക്കപ്പെടുന്നു, ബഹുമാനിക്കപ്പെടുന്നു. എന്നാൽ, രാഷ്ട്രീയ എതിരാളികളിൽ ചിലർക്ക് പ്രധാനമന്ത്രിക്കും സർക്കാരിനും ലഭിച്ചുകൊണ്ടിരിക്കുന്ന ജനപിന്തുണ ദഹിക്കുന്നില്ല. അതുകൊണ്ട് സംസ്ഥാനങ്ങളുടെ പിഴവുകൾക്ക് കേന്ദ്ര സർക്കാരിനെ പഴിചാരുന്നു. സമാജ്വാദി പാർട്ടി ഭരിക്കുന്ന ഉത്തർപ്രദേശിലെ ദാദ്രി സംഭവം, കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിലെ കൽബുർഗി വധം എന്നിവയുടെ പാപഭാരം കേന്ദ്രത്തിന്റെ തലയിലിടുന്നു. കോൺഗ്രസ് സംസ്ഥാനം ഭരിക്കെ മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ട ധാബോൽക്കറുടെ മരണത്തിന്റെ ഉത്തരവാദിത്വവും മോദി സർക്കാരിന്റെ തലയിൽ!
എഴുത്തുകാർ സ്രഷ്ടാക്കളാണ്. അവരുടെ രചനകൾ രാജ്യത്തിന്റെ സാമൂഹ്യ-സാമ്പത്തിക വളർച്ചയിൽ പ്രതിഫലിക്കും. യാഥാർത്ഥ്യം വ്യക്തമായും കൃത്യമായും മനസിലാക്കാതെ ഈ പ്രചാരണങ്ങളുടെ തടവറയിലായി ഏഴുത്തുകാർ. എന്തിനെയും വിമർശിക്കാനുള്ള അവകാശം അവർക്കുണ്ട്. ദാദ്രി, കൽബുർഗി സംഭവങ്ങളുമായി ബന്ധപ്പെടുത്തി അവരിൽ ചിലർ സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ തിരിച്ചുനൽകി. അതിൽ പ്രശ്നമൊന്നുമല്ല. എന്നാൽ, ബിജെപി അധികാരത്തിൽ വന്നതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത് എന്ന നിലപാടിലാണ് പ്രശ്നം. കപട മതേതരക്കാരുടെ കൈയിലെ ആയുധമായി ചില എഴുത്തുകാരും, ചലച്ചിത്ര പ്രവർത്തകരും, കലാകാരന്മാരും രാജ്യത്ത് അരാജകത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു.
കശ്മീരിനെക്കുറിച്ച് അത്യന്തം അപകീർത്തികരമായ കവിതകളും, സാഹിത്യവുമെല്ലാം അരങ്ങുതകർത്തപ്പോൾ ഈ ശബ്ദങ്ങളെല്ലാം എവിടെയായിരുന്നു? ഇവരിൽ പലരും വായ തുറന്നില്ല, പലരുടെയും പേന ചലിച്ചുമില്ല. താഴ്വരയിൽ കശ്മീരി പണ്ഡിറ്റുകളെ വംശഹത്യ നടത്തിയപ്പോഴും, അവർക്ക് പാലായനം ചെയ്യേണ്ടി വന്നപ്പോഴും ഇവരുടെ നാവ് കീറിമുറിക്കപ്പെട്ടു. പണ്ഡിതരെന്നു സ്വയം നടിക്കുന്നവരെ അപ്പോഴെങ്ങും കണ്ടില്ല. എന്നാൽ, കൽബുർഗി കൊല്ലപ്പെട്ടപ്പോൾ അതൊരു ഹിന്ദുത്വ ഗൂഢാലോചനയായി. മുംബൈയിൽ ഭീകരാക്രമണം നടന്നപ്പോൾ, ഭീകരതയ്ക്ക് മതവും ജാതിയുമൊന്നുമില്ലെന്ന് നമ്മളെല്ലാം ഒന്നിച്ചു പറഞ്ഞു. എന്നാൽ, എവിടെയെങ്കിലും ഒരു ഹിന്ദുവിന്റെ പേരുകണ്ടാൽ പിന്നെ അത് മതത്തിന്റെയും ജാതിയുടെയും പേരിലായി.
ഇത്തരം വിദ്വേഷപ്രചാരണങ്ങൾക്കു പിന്നിൽ കൃത്യമായ അജണ്ടയും ആസൂത്രണവുമുണ്ട്. വിവിധ അഴിമതികളിലൂടെ ലക്ഷങ്ങൾ കൊള്ളയടിക്കപ്പെട്ടപ്പോൾ ഇവരെല്ലാം നിർവികാരരായിരുന്നു. എന്തുകൊണ്ടാണിവർ നിശബ്ദരായത്? തസ്ലീമാ നസ്രിൻ കായികമായി ആക്രമിക്കപ്പെട്ടപ്പോഴും, അവരെ പ്രസ് ക്ലബ്ബിൽനിന്ന് നിർബന്ധിച്ച് ഇറക്കിവിട്ടപ്പോഴും ഈ എഴുത്തുകാർ എവിടെയായിരുന്നു? പ്രവാചകൻ മുഹമ്മദിനെക്കുറിച്ച് സിനിമയെടുത്ത മജീദ് മജീദിയും, അതിന് സംഗീതം പകർന്ന എ.ആർ. റഹ്മാനും ആക്രമിക്കപ്പെട്ടപ്പോൾ ഇവരാരും ഒരക്ഷരം മിണ്ടിയില്ല. അടിയന്തരാവസ്ഥയുടെ ഇരുണ്ടനാളുകളിലും ഇപ്പോൾ ഒച്ചവയ്ക്കുന്ന പല എഴുത്തുകാരും ഓടിയൊളിച്ചു. ആ സമയത്ത് മാധ്യമങ്ങളുടെ വായ മൂടിക്കെട്ടിയപ്പോൾ, എല്ലാം സുഗമമായി നടക്കാൻ അടിയന്തരാവസ്ഥ ആവശ്യമെന്നായിരുന്നു ഒരു വിഭാഗം ബുദ്ധിജീവികളുടെ നിലപാട്.
ജഡ്ജിമാരുടെ അധികാരങ്ങൾ അസാധുവാക്കിയപ്പോഴും, പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചപ്പോഴും, ഒരു വ്യക്തിക്കായി ഭരണഘടന ഭേദഗതി ചെയ്തപ്പോഴും ഇവരെല്ലാം നിശബ്ദ കാഴ്ചക്കാരായി നിന്ന് അതിനെയെല്ലാം പിന്തുണച്ചു. ആയിരങ്ങളെ നിർബന്ധിച്ച് വന്ധ്യംകരിച്ചപ്പോഴും ഇവർക്ക് മിണ്ടാട്ടമുണ്ടായില്ല. 1984ലെ സിഖ് കൂട്ടക്കൊലയ്ക്കെതിരെയും ഈ ബുദ്ധിജീവികൾ ഒരക്ഷരം ഉരിയാടിയില്ല. ആ വംശഹത്യയെ കോൺഗ്രസ് നേതാക്കൾ ന്യായീകരിച്ചത് ”വൻമരം വീഴുമ്പോൾ, ഭൂമി കുലുങ്ങും” എന്നാണ്.
ഭാരതത്തിലെ ജനങ്ങൾക്കും ഭരണഘടനയ്ക്കും നേരെയുള്ള ഏറ്റവും ക്രൂരമായ ആക്രമണമായിരുന്നു അടിയന്തരാവസ്ഥ. ആ കാലത്ത് ഏതെങ്കിലും ഏഴുത്തുകാർ പ്രതിഷേധിച്ച് ബഹുമതികൾ തിരിച്ചുനൽകിയോ? ജനങ്ങളുടെ അവകാശം കശാപ്പുചെയ്യപ്പെട്ടപ്പോൾ എല്ലാ എഴുത്തുകാരും അതിനെ പിന്തുണച്ചുവെന്നാണോ അർത്ഥമാക്കേണ്ടത്? ചില എഴുത്തുകാർക്ക് നരേന്ദ്ര മോദിയുടെ ഉദയം ദഹിച്ചിട്ടില്ല. ഭരണത്തിലേറി ആറു മാസം കഴിഞ്ഞപ്പോൾ മുതൽ അദ്ദേഹത്തെ ഫാസിസ്റ്റ് എന്നു വിളിച്ച് ആക്ഷേപിക്കുകയാണ് ഇവർ ചെയ്യുന്നത്. അതിനായി അവസരം കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ കോൺഗ്രസും, അവരുടെ സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ടായ പ്രശ്നങ്ങൾ മുതലെടുത്ത് അവർ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിക്കുന്നു. ഇവരിൽ ചിലർ തെരഞ്ഞെടുപ്പ് സമയത്ത് വാരാണസിയിൽ മോദിക്കെതിരെ പ്രചാരണത്തിന് എത്തിയിരുന്നു.
അടുത്തിടെ ആഗ്രിലെ സാമൂഹ്യപ്രവർത്തകൻ സയിദ് ഇഖ്തിയാർ ജഫ്രി നടത്തിയ പരാമർശം ശ്രദ്ധേയമാണ്- ”രാജ്യത്തുണ്ടാകുന്ന എല്ലാ കുറ്റകൃത്യങ്ങളിലും പ്രധാനമന്ത്രിക്കാണ് ഉത്തരവാദിത്വമെങ്കിൽ, സംസ്ഥാനങ്ങളിലെ ക്രമസമാധാന ചുമതലയുള്ള സംസ്ഥാന സർക്കാരുകളെക്കൊണ്ട് എന്താണ് പ്രയോജനം?” രാഷ്ട്രീയമായി ഉത്തേജിക്കപ്പെട്ട്, ആശയപരമായി തെറ്റിദ്ധരിക്കപ്പെട്ടാണ് ഇക്കൂട്ടരെല്ലാം വിമർശനവുമായി രംഗത്തെത്തുന്നതെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മോദി സർക്കാരിനെ രാഷ്ട്രീയമായി നേരിടാൻ ഇവർക്ക് ശേഷിയില്ലെന്നും ജനങ്ങൾ കരുതുന്നു. രാഷ്ട്രീയ വിശ്വാസങ്ങളെ പിന്തുണയ്ക്കുന്ന കേവലം യന്ത്രങ്ങളാണെന്ന് വിമർശകർ സ്വയം തെളിയിക്കുന്നു. ഇവരിൽ ചിലർ ധബോൽക്കർ, കൽബുർഗി കൊലപാതകങ്ങളെ അപലപിച്ചിട്ടില്ല. എന്നാൽ, പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും അപകീർത്തിപ്പെടുത്താൻ ചാടിപ്പുറപ്പെട്ടു. സമയനിഷ്ഠയാണ് അപാരം! ബീഹാർ തെരഞ്ഞെടുപ്പാണല്ലോ?
കേരളത്തിൽ ആർഎസ്എസ്, എബിവിപി, ബിജെപി പ്രവർത്തകർക്കുനേരെ സിപിഎം നടത്തുന്ന അതിക്രമങ്ങൾ ഇവരെല്ലാം ഓർക്കുന്നുണ്ടാകും. അദ്ധ്യാപകനായിരുന്ന കെ. ടി. ജയകൃഷ്ണൻ മാസ്റ്ററെ മാർക്സിസ്റ്റുകാർ കൊച്ചുകുട്ടികളുടെ മുന്നിലിട്ട് കണ്ണൂരിൽ ക്ലാസ്മുറിയിൽ അതിക്രൂരമായി കൊലപ്പെടുത്തിയത് എല്ലാവർക്കും അറിയാം.
2010- കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടന പ്രൊഫ. ടി. ജെ. ജോസഫിന്റെ കൈവെട്ടി; കോളെജിലെ ചോദ്യപ്പേപ്പർ തയ്യാറാക്കയപ്പോൾ അതിൽ പ്രവാചകനെ അപമാനിച്ചുവെന്നായിരുന്നു ആരോപണം. അന്ന് കോൺഗ്രസ് ആയിരുന്നു സംസ്ഥാനം ഭരിച്ചത്. പള്ളിയിൽനിന്നു മടങ്ങിവരുമ്പോൾ ബോംബെറിഞ്ഞു വീഴ്ത്തി വലതു കൈ വെട്ടിയെടുക്കുകയായിരുന്നു. 2012-ൽ മാർക്സിസ്റ്റുകാർ കൊലപ്പെടുത്തിയ മാർക്സിസ്റ്റ് റിബൽ ടി. പി. ചന്ദ്രശേഖരന്റെ കാര്യവും പറയണം. 51 വെട്ടുകൾ വെട്ടി ആ മൃതദേഹം കൊത്തിയരിയുകയായിരുന്നു.
നിരപരാധികളെ കൊന്നൊടുക്കുന്ന നക്സലുകൾക്കെതിരെയും ഈ വിമർശകരൊന്നും ഒരു വിരൽ പോലും ഉയർത്തിയിട്ടില്ല.കപട മതേതരവാദികൾ, ഇടതു ബുദ്ധിജീവികൾ, ഇവരെ പിന്തുണയ്ക്കുന്നവർ എല്ലാം വിവിധ സ്ഥാപനങ്ങളിലും, സർക്കാർ സംഘടനകളിലുമെല്ലാം തങ്ങളുടെ സ്ഥാനം ഭദ്രമാക്കിയിട്ടാണ് രംഗത്തെത്തിയിട്ടുള്ളത്. അതെല്ലാം കോൺഗ്രസ് ഭരണകാലത്തെ സമ്മാനവും. ഓരോ സംഭവമുണ്ടാകുമ്പോഴും പ്രധാനമന്ത്രി അഭിപ്രായം പറഞ്ഞാൽ, ക്രമസമാധാനപാലനത്തിൽ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വീഴ്ചയും പരാമർശിക്കേണ്ടിവരും. അത് രാഷ്ട്രീയമായി ശരിയാണോ? അതിന് രാഷ്ട്രീയ സ്വീകാര്യതയുണ്ടോ? സംസ്ഥാനത്തിന് ക്രമസമാധാനം സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ കേന്ദ്രത്തിന് ഇടപെടേണ്ടിവരും. ഫെഡറൽ സംവിധാനത്തിനു നേരെയുള്ള കടന്നുകയറ്റമെന്നാകും അപ്പോഴത്തെ പഴി.
എവിടെ വച്ച്, എന്നാണ് ധാബോൽക്കർ കൊല്ലപ്പെട്ടത്? മഹാരാഷ്ട്രയിൽ, 2013ൽ. ആ സമയം കോൺഗ്രസായിരുന്നു കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണത്തിൽ. ഇതിൽ കോൺഗ്രസിനല്ലേ ഉത്തരവാദിത്വം? അന്ന് ആരെങ്കിലും പുരസ്കാരങ്ങൾ തിരികെ നൽകിയോ?
ബിജെപിക്കും പ്രധാനമന്ത്രിക്കുമെതിരെയുള്ള വിദ്വേഷപ്രചാരണം നുണകളുടെ കൂമ്പാരമാണ്. സ്വാതന്ത്ര്യം ലഭിച്ചതു മുതൽ ഒരു പ്രത്യേക ചിന്തകളെ മാത്രം പരിപോഷിപ്പിക്കുന്ന സമീപനമാണ് രാജ്യത്ത്. വ്യക്തികളെയും സ്ഥാപനങ്ങളെയും ഒരു കുടുംബത്തിന്റെ തൂണുകളാക്കുന്നു. മറ്റ് ആശയങ്ങളും വീക്ഷണങ്ങളുമൊന്നും വളരാൻ അനുവദിക്കുന്നില്ല.
വളർന്നുവരുന്ന മറ്റു വീക്ഷണങ്ങൾ സഹിഷ്ണുതയോടെ സ്വീകരിക്കാൻ ഇക്കൂട്ടർ തയാറാകുന്നില്ല. മറ്റു വ്യക്തികൾക്കായി കുടപിടിക്കുന്ന നടപടി സ്വയം ആസ്വാദ്യകരമാകില്ല.
ഇവിടെ ഹിന്ദുക്കളെയും മുസ്ലിങ്ങളെയുമൊന്നുമല്ല പരാമർശിക്കുന്നത്. മറ്റ് വ്യക്തികളെയും സ്ഥാപനങ്ങളെയും അടിച്ചമർത്തുന്ന പാദസേവകരുടെ കാര്യമാണ് ഇവിടെ പരാമർശിച്ചത്. ഭാരതത്തിലെ ജനങ്ങൾ ബുദ്ധിമാന്മാരാണ്. ഈ ദുഷ്പ്രചാരണങ്ങളെല്ലാം അവർ തിരിച്ചറിയും, അതിന് തക്കതായ മറുപടിയും നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: