കെയ്‌റോ: ഈജിപ്തില്‍ അപകടത്തില്‍പ്പെട്ട റഷ്യന്‍ വിമാനത്തെ ഐഎസ് ഭീകരര്‍ ബോംബ് വച്ച് തകര്‍ത്തതാകാമെന്ന് അമേരിക്കയുടെയും ബ്രിട്ടന്റെയും അന്വേഷണ ഉദ്യോഗസ്ഥര്‍.
ഭീകരരുടെ സംഭാഷണം ചോര്‍ത്തിയതില്‍ നിന്നു ലഭിച്ച സൂചനകളാണ് ഇത്തരമൊരു നിഗമനത്തിനു പിന്നില്‍. ഐഎസുമായി ബന്ധമുള്ള സിനായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടന വിമാനത്തില്‍ ബോംബ് സ്ഥാപിച്ചിരിക്കാമെന്നാണ് അമേരിക്കയും ബ്രിട്ടനും പറയുന്നത്.
എന്നാല്‍ ഇതു സംബന്ധിച്ച് സ്ഥിരീകരണമൊന്നുമില്ല. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് അടക്കം അപകടസ്ഥലത്തു നിന്നു ലഭിച്ച വസ്തുക്കളുടെ രാസപരിശോധന പൂര്‍ത്തിയായാലേ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകൂ. വിമാനത്തിന്റെ കോക്പിറ്റ് റെക്കോര്‍ഡറിന് സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. എന്നാല്‍ ഡാറ്റാ റെക്കോര്‍ഡറിലെ വിവരങ്ങള്‍ പകര്‍ത്തിയെടുക്കാന്‍ സാധിച്ചത് അന്വേഷണ സംഘത്തിന് ആശ്വാസമായി. അതിനിടെ, സിനായ് ഉപദ്വീപിനു മുകളിലൂടെയുള്ള വിമാന സര്‍വീസ് ബ്രിട്ടന്‍ അനിശ്ചിത കാലത്തേക്ക് റദ്ദു ചെയ്തു.
ഈജിപ്തിലെ വിനോദസഞ്ചാര കേന്ദ്രമായ ഷരം ഇ- ഷെയ്ഖിലേക്കുള്ള യാത്രയാണ് ബ്രിട്ടന്‍ വേണ്ടെന്നുവെച്ചത്. ഇതോടെ നിരവധി യാത്രക്കാര്‍ പലേടത്തും കുടുങ്ങി. ഷരം ഇ- ഷെയ്ഖിലെ സുരക്ഷാ സ്ഥിതി വിലയിരുത്താന്‍ ഉദ്യോഗ സംഘത്തെ ബ്രിട്ടന്‍ അയച്ചിട്ടുണ്ട്. യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 224പേരുമായി സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേക്ക് തിരിച്ച റഷ്യന്‍ യാത്രാ ജെറ്റ് ആഴ്ചാവസാനമാണ് ഈജിപ്തില്‍ തകര്‍ന്നുവീണത്.
സിറിയയിലെ റഷ്യന്‍ സൈനിക നടപടിക്കുള്ള പ്രതികാരമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ വിമാനത്തെ വീഴ്‌ത്തിയതാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ 9000 അടി ഉയരത്തില്‍ പറന്ന വിമാനത്തെ വീഴ്‌ത്താനുള്ള ആയുധശേഷി ഐഎസിനില്ലെന്ന് റഷ്യയും ഈജിപ്തും വ്യക്തമാക്കുകയുണ്ടായി.















