ന്യൂദല്‍ഹി: ചെന്നൈയിലെ ഭാരത കലാക്ഷേത്രത്തിന്റെ കൂത്തമ്പലം പുതുക്കിപ്പണിഞ്ഞതില് അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമുഖ നര്‍ത്തകിയും കലാക്ഷേത്രം ഡയറക്ടറുമായിരുന്ന ലീലാ സാംസണിന് എതിരേ അന്വേഷണം.
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ അവിഹിതമായി ഔദ്യോഗിക കാര്യങ്ങളില്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് 2014 ഒക്ടോബറില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെച്ച ലീലാ സാംസണിന്റെ കലാക്ഷേത്രത്തിലെ നടപടികളില്‍ അന്ന് സിഎജി ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് അന്വേഷണവും നടപടിയും മുന്നില്‍ കണ്ട് രാജിവെച്ച ലീലാ സാംസണിനെ പിന്തുണച്ച് ഒട്ടേറെ സാംസ്കാരിക പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി മോദിയേയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. 6.28 കോടി രൂപയുടെ അഴിമതിയാണ് ലീലാ സാംസണെതിരേ ഉയര്‍ന്നിരിക്കുന്നത്.
പ്രമുഖ നര്‍ത്തകിയായ ലീലാ സാംസണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയുടെ കുടുംബ സുഹൃത്താണ്. കുടുംബത്തില്‍ പലരുടെയും നൃത്ത ഗുരുവുമാണ്. ഈ പരിഗണനയില്‍ യുപിഎ ഭരണകാലത്ത് വിവിധ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ സാംസണ് നിയോഗിക്കപ്പെട്ടിരുന്നു. ചെന്നൈയിലെ ഭാരത കലാക്ഷേത്ര ഡയറക്ടര്‍ (2005-13), കേന്ദ്ര സംഗീത നാടക അക്കാദമി ഡയറക്ടര്‍ (2010-14 ), സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷ (2011-15) എന്നീ പദവികള്‍ ഒരേസമയം അവര്‍ ആസ്വദിച്ചിരുന്നു.
കലാക്ഷേത്രത്തിലെ ഓഡിറ്റോറിയമായ കൂത്തമ്പലം പുതുക്കിപ്പണിയുന്നതിനു വേണ്ടി ഫലമില്ലാത്ത ചെലവിനത്തില്‍ സര്‍ക്കാരിന് 6.28 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്ന് 2013-14 ലെ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല. ഇതിനു പുറമേ ഒട്ടേറെ പരാതികളും കേന്ദ്ര സാംസ്കാരിക വകുപ്പിനു ലഭിച്ചു. തെളിവുകള്‍ സഹിതം കിട്ടിയ കത്തുകളില്‍ കഴിഞ്ഞമാസം വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ക്രമക്കേടുകള്‍ ശരിവെക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര സാംസ്കാരിക വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അഴിമതി ആരോപണത്തിനെ തുടര്‍ന്ന് 2012-ല്‍ അവര്‍ക്കെതിരേ കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി വന്നു. അന്ന് അവര്‍ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചു. എന്നാല്‍, സര്‍ക്കാര്‍ സ്വീകരിച്ചില്ല.
പക്ഷേ, കേന്ദ്രസര്‍ക്കാരിന്റെ മാറ്റത്തോടെ കലാക്ഷേത്രം അഴിമതിയില്‍ അന്വേഷണം വരുമെന്നു മുന്‍കൂട്ടിക്കണ്ട് പ്രതിരോധം ഉറപ്പിക്കാനാണ് ലീലാ സാംസണ് സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷപദം രാജിവെച്ചത്.
അതിന് അരങ്ങൊരുക്കാന്‍, സ്വയംഭരണ സ്ഥാപനങ്ങളില്‍ മോദി സര്‍ക്കാര്‍ അധികാരം പ്രയോഗിക്കുന്നുവെന്ന ആരോപണമാണ് രാജിക്കു കാരണമായി അവര്‍ ഉന്നയിച്ചത്.
ലീലാ സാംസണ് നടത്തിയ കോടികളുടെ അഴിമതി പുറത്തുവന്നതോടെ മോദി സര്‍ക്കാരിനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ചില സാംസ്കാരിക നായകര്‍ കാണിക്കുന്ന അമിതാവേശത്തിന്റെ ഉള്ളുകള്ളികള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: