തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച വര്‍ക്കല അയിരൂര്‍ ശിവപ്രസാദ് കൊലക്കേസിന്റെ വിചാരണ നടപടികള്‍ക്കിടയില്‍ നാടകീയ സംഭവവികാസങ്ങള്‍. 2009 സപ്തംബര്‍ 23ന് രാവിലെ പ്രഭാതസവാരി നടത്തുകയായിരുന്ന അയിരൂര്‍ സ്വദേശി ശിവപ്രസാദ്(66) ഡിഎച്ച്ആര്‍എം പ്രവര്‍ത്തകരുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
തിരുവനന്തപുരം ബാര്‍ അസോസിയേഷന് അംഗമായ അഡ്വക്കേറ്റ് ജെ.അശോകനെ (42) കെസിലെ മുഖ്യപ്രതിയാക്കി 27ന് വര്‍ക്കല സിഐ അറസ്റ്റുചെയ്തു. 2009 ഡിസംബര്‍ 17ന് തിരുവനന്തപുരം സിജെഎമ്മിന്റെ ഉത്തരവ് പ്രകാരം അശോകന്റെ രഹസ്യമൊഴി തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ജി. സതീഷ്കുമാര്‍ രേഖപ്പെടുത്തി. അശോകനെ കേസില്‍ മാപ്പുസാക്ഷിയാക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. എന്നാല്‍ പിന്നീട് മാപ്പുസാക്ഷിയാക്കുന്നതിന് വിസമ്മതിച്ചതിനാല്‍ അശോകന് കേസില്‍ രണ്ടാം പ്രതിയായി വിചാരണ നേരിട്ടു.
2015 സപ്തംബര്‍ 25ന് രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്ട്രേറ്റിനെ 59-ാം സാക്ഷിയായി കേസ് വിചാരണ നടന്നുവരുന്ന തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി മുമ്പാകെ വിസ്തരിച്ചു. പ്രതിഭാഗം അഭിഭാഷകന് അഡ്വ. സാന്‍ട്രി ജോര്‍ജ്ജിന്റെ ക്രോസ് വിസ്താരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് അശോകന്റെ രഹസ്യമൊഴി അല്ലാ എന്നും സാധാരണ ഒരു സ്റ്റേറ്റ്മെന്റ് മാത്രമാണെന്നും മജിസ്ട്രേറ്റ് സെഷന്‍സ് കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്ന് മജിസ്ട്രേറ്റിന്റെ മൊഴിയില്‍ കൂടുതല്‍ വ്യക്തത വേണം എന്ന പ്രോസിക്യൂഷന് അപേക്ഷയെ തുടര്‍ന്ന് ഇന്നലെ മജിസ്ട്രേറ്റിനെ വീണ്ടും വിസ്തരിക്കാന്‍ സെഷന്‍സ് കോടതി വിളിച്ചുവരുത്തി.
ഇപ്പോള്‍ തിരുവനന്തപുരം സബ് ജഡ്ജിയാണ് ജി. സതീഷ്കുമാര്‍. അഡ്വ. അശോകന്റെ മൊഴിയെ പറ്റിയായിരുന്നു പ്രോസിക്യൂഷന് ഉത്തരം ലഭിക്കേണ്ടിയിരുന്നത്. ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാതെ വന്നതോടെ പ്രോസിക്യൂഷന് വെട്ടിലായി. തെളിവ് നിയമം 121 വകുപ്പ് പ്രകാരം ഉത്തരം നല്‍കണം എന്ന നിലപാട് മജിസ്ട്രേറ്റ് എടുത്തതോടെ വിസ്താരം നിര്‍ത്തിവച്ചു. ഇപ്രകാരം അനുവാദം വാങ്ങേണ്ടത് പ്രോസിക്യൂഷനാണ്. ഡിസംബര്‍ 3ലേക്ക് കേസ് വിചാരണ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: