കൊച്ചി: ബാങ്ക് വായ്പയെടുത്ത 6500 കുടുംബങ്ങള്‍ സംസ്ഥാനത്ത് കുടിയിറക്ക് ഭീഷണിയില്‍. ഇതില്‍ ബഹുഭൂരിപക്ഷവും ദളിത്-പിന്നാക്ക വിഭാഗത്തില്‍ പെടുന്ന കുടുംബങ്ങളാണ്. എസ്ബിടിയില്‍ നിന്ന് വിദ്യാഭ്യാസ വായ്പ, സ്വയം തൊഴില്‍ വായ്പ എന്നിവ എടുത്തിട്ടുള്ളവരാണ് പ്രതിസന്ധിയിലായത്. തിരിച്ചടവ് മുടങ്ങിയ ലോണുകള്‍ പിരിച്ചെടുക്കാന്‍ സര്‍ഫാസി നിയമപ്രകാരം എസ്ബിടി റിലയന്‍സ് അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി കരാറൊപ്പിട്ടതോടെയാണിത്.
ഒരു മാസത്തെ സമയപരിധിയാണ് റിലയന്‍സ് കടക്കാര്‍ക്ക് നല്‍കുന്നത്. അതിനുള്ളില്‍ പണമടച്ചില്ലെങ്കില്‍ വായ്പയെടുത്തവരുടെ ജംഗമ വസ്തുക്കള്‍ ഉല്‍പ്പെടെ വീടും സ്ഥലവും ജപ്തി ചെയ്യുകയാണ്. സംസ്ഥാനത്ത് 200 ഓലം കുടുംബങ്ങളെ ഇതിനകം ഒഴിപ്പിച്ചു. എറണാകുളം ജില്ലയില്‍ കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങളുടെ എണ്ണം 33 ആണ്. ഇവരെല്ലാം പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന ദരിദ്രരാണ്.
കുടിശിക വരുത്തുന്ന വായ്പകളില്‍ കോടതി ഉത്തരവ് കൂടാതെ ജപ്തി നടപടി സ്വീകരിക്കാന്‍ അനുവാദം നല്കുന്ന നിയമമാണ് സര്‍ഫാസി. സംസ്ഥാനത്ത് ഇതാദ്യമായാണ് സര്‍ഫാസി നിയമപ്രകാരം ജപ്തികള്‍ നടക്കുന്നത്. എസ്ബിടി മാത്രമാണ് ഇപ്പോള്‍ സ്വകാര്യ കമ്പനിയുമായി വായ്പ പിരിക്കാനുള്ള കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ മറ്റു ബാങ്കുകളും ഇതേ പാത പിന്തുടരുമെന്ന സൂചനയുണ്ട്. ഇതോടെ കൂടുതല്‍ കുടുംബങ്ങള്‍ പ്രതിസന്ധിയിലാകും.
സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയും പിന്തുണയോടെയുമാണ് എസ്ബിടി റിലയന്‍സുമായി കരാറൊപ്പിട്ടത്. എസ്ബിടിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ സര്‍ക്കാര്‍ പ്രതിനിധികളുണ്ട്. ഇവരും നീക്കത്തെ അനുകൂലിക്കുകയായിരുന്നു. 6500 വായ്പകള്‍ തിരിച്ചുപിടിക്കുക വഴി റിലയന്‍സിന് 200-300 കോടി രൂപയുടെ ലാഭമുണ്ടാകുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. വായ്പത്തുകയുടെ 45 ശതമാനം മൂല്യത്തിനാണ് എസ്ബിടി വായ്പകള്‍ വിറ്റിരിക്കുന്നത്. അതേസമയം, ഇത്രയും കിഴിവ് തങ്ങള്‍ക്ക് അനുവദിക്കുകയായിരുന്നുവെങ്കില് വായ്പ എങ്ങനെയെങ്കിലും അടച്ചുതീര്ത്തേനെയെന്ന് നടപടി നോട്ടീസ് ലഭിച്ച ഇടപാടുകാരില്‍ ചിലര്‍ പറഞ്ഞു.
വിദ്യാഭ്യാസ വായ്പയുടെ കാര്യത്തിലാണ് ഏറ്റവും വലിയ വഞ്ചന നടന്നിട്ടുള്ളത്. 2009 വരെയുള്ള വിദ്യാഭ്യാസ വായ്പകളുടെ പലിശയിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വന്‍ തുക ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്ക് ബാങ്ക് ഈ ആനുകൂല്യം നല്‍കിയിട്ടില്ല. സര്‍ക്കാര്‍ നല്കിയ പണം കൈപ്പറ്റിയെങ്കിലും അര്‍ഹതപ്പെട്ടവര്‍ക്ക് അത് കൈമാറാന്‍ ബാങ്ക് തയ്യാറായില്ല. ഇതുവഴി 500 കോടിയിലേറെ എസ്ബിടിക്ക് ലഭിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മറ്റു ബാങ്കുകള്‍ക്കും ഈ നേട്ടം ലഭിച്ചിട്ടുണ്ട്്.
45 ശതമാനം വിലയ്ക്കാണ് വായ്പകള്‍ വാങ്ങിയതെങ്കിലും ഈ ഇളവ് ഇടപാടുകാര്‍ക്ക് നല്കാന് റിലയന്‍സ് തയ്യാറായിട്ടില്ല. നൂറു ശതമാനം മുതലും പലിശയും തിരിച്ചടക്കാനാണ് നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ എന്തെങ്കിലും ചര്‍ച്ച നടത്താനോ അപേക്ഷ നല്‍കാനോ ഉണ്ടെങ്കില്‍ മുംബൈയിലെ തങ്ങളുടെ ഓഫീസുമായി ബന്ധപ്പെടണമെന്നും റിലയന്‍സ് നോട്ടീസില്‍ പറയുന്നു. ദരിദ്രരായ ഇടപാടുകാരില്‍ ബഹുഭൂരിപക്ഷത്തിനും ഇതസാധ്യമാണ്. സര്‍ഫാസി നടപടികളെ കോടതിയിലും ചോദ്യം ചെയ്യാനാകില്ല.
പലരും പരാതിയുമായി കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജികള്‍ സ്വീകരിക്കപ്പെട്ടില്ല. സംസ്ഥാന സര്‍ക്കാരിന് നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് ഇരകള്‍ പറയുന്നു. ഇനി എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് അവര്‍. നിയമപ്രകാരം അവര്‍ക്ക് ചെയ്യാവുന്നത് ഡെബിറ്റ് റിക്കവറി ട്രിബ്യൂണലിനെ സമീപിക്കുക എന്നതാണ്. എന്നാല്‍ കേരളത്തില്‍ ഇനിയും ട്രിബ്യൂണല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല.
ഈ സാഹചര്യത്തില്‍ കുടിയിറക്ക് ഭീഷണിയിലായ കുടുംബങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് സംസ്ഥാന സര്‍ക്കാരിനു മാത്രമാണെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: