കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം ഇന്ന് നടക്കുകയാണ്. രണ്ടുഘട്ടം തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ കേരള രാഷ്ട്രീയ-ഭരണകേന്ദ്രങ്ങളിലേക്കുള്ള ബിജെപിയുടെ മുന്നേറ്റത്തിന്റെ ആരംഭമായിരിക്കും കേരള ജനത സന്തോഷപൂര്‍വ്വം ദര്‍ശിക്കാന്‍ പോകുന്നത്. ഒരു പൗരന്റെ പൗരബോധം ഗൗരവമായി പരീക്ഷിക്കപ്പെടുന്ന വേളയാണ് തെരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ കേരളജനത വിവേകപൂര്‍വ്വം അത് വിനിയോഗിച്ചിട്ടുണ്ട് എന്നാണ് ഒന്നാംഘട്ടം തെരഞ്ഞെടുപ്പിന്റെ പൂര്‍ത്തീകരണത്തിലും രണ്ടാംഘട്ടത്തിന്റെ ആരംഭത്തിലും കാണുന്ന ആവേശം നല്കുന്ന ചിത്രം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സാധാരണ ജനങ്ങള്‍ പ്രതീക്ഷിച്ചത് ഈ നാട്ടിലെ പ്രാദേശിക വിഷയങ്ങളായിരിക്കും ചര്‍ച്ചചെയ്യുക എന്നാണ്.
നിര്‍ഭാഗ്യവശാല്‍ ബിജെപി ഒഴിച്ച് ആരും അക്കാര്യം ചര്‍ച്ചചെയ്യാന്‍ തയ്യാറായില്ലെന്നതാണ് പ്രചാരണങ്ങള്‍ അവസാനിക്കുമ്പോള്‍ മനസ്സിലാകുന്നത്.അത്തരത്തില്‍ ഒരു നിലപാട് എടുക്കുവാന്‍ അവരെ പ്രേരിപ്പിച്ചത് കേരളത്തില്‍ രണ്ടുമുന്നണികള്‍ക്കും ഉണ്ടായിട്ടുള്ള പരിഭ്രാന്തിയുടെ രാഷ്ട്രീയമാണ്.
കേരളത്തില്‍ ബിജെപി വിജയിക്കില്ലെന്നു പറഞ്ഞ ഇടതുവലതു രാഷ്ട്രീയ നേതാക്കന്മാര് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ പറയുന്നത് ബിജെപിയെ ജയിക്കാന്‍ അനുവദിക്കുകയില്ലെന്നാണ്. ഇത് സൂചിപ്പിക്കുന്നത് അവരിലുണ്ടായിട്ടുള്ള പരിഭ്രാന്തിയും ബിജെപിയുടെ വളര്‍ച്ചയുമാണ്. ഇതുവരെ പരസ്പരം പുറംചൊറിഞ്ഞു സഹായസഹകരണ മുന്നണിയായി പ്രവര്‍ത്തിച്ചവരുടെ ഇടയിലേക്ക് നേരിന്റെയും സത്യത്തിന്റെയും രാഷ്ട്രീയം കടന്നുവരുന്നത് ഇരുമുന്നണികളെയും ഭയപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ പതിറ്റാണ്ടുകളായി ഇവിടെ മാറിമാറി ഭരണം നടത്തിയിരുന്നവര്‍ അവരുടെ ഭരണനേട്ടങ്ങള്‍ ചര്‍ച്ചചെയ്യാതെ പ്രധാനമന്ത്രിയെയും ബിജെപിയെയും ആക്രമിക്കുവാനാണ് പ്രചാരണവേളയില്‍ സമയം ചെലവഴിച്ചത്. എന്നാല്‍ കഴിഞ്ഞകാല അനുഭവങ്ങള്‍ നേരിട്ടറിയുന്നവര്‍ 16 മാസത്തെ മോദി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാറ്റുരയ്ക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ കരുതുകയാണ്.
പ്രചാരണ സമയത്ത് കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ ഗീബല്‍സിനെപ്പോലും പരാജയപ്പെടുത്തുന്ന നുണക്കഥകളാണ് ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഇടതുവലതുമുന്നണികള് പ്രചരിപ്പിച്ചത്. എന്നാല്‍ അതൊന്നും ജനങ്ങളെ ബിജെപിക്കെതിരായി ചിന്തിപ്പിക്കാന്‍ പര്യാപ്തമായില്ല. ഏതായാലും കോണ്‍ഗ്രസ് മുന്നണിയുടെ പരാജയത്തിന്റെയും ഇടതുപക്ഷ മുന്നണിയുടെ പതനത്തിന്റെയും തുടക്കം കുറിക്കുന്നതായി ഈ തെരഞ്ഞെടുപ്പ് മാറുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഭരിച്ചവര്‍ ഈ നാടിനെ മറന്നപ്പോള്‍ ഇനി എന്തിന് ഇവര്‍ക്ക് വോട്ടുചെയ്യണം എന്ന ചിന്ത ജനങ്ങളില്‍ സജീവമായതിന്റെ സൂചനയാണ് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടന്ന ഏഴ് ജില്ലകളില്‍ ബിജെപിക്ക് ലഭിച്ചിട്ടുള്ള ജനപിന്തുണ. ഇതുവരെ കേരളത്തിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ കാര്യമായ പ്രാതിനിധ്യം ഇല്ലായിരുന്നിട്ടും ഇന്ന് വളരെ പ്രതീക്ഷയോടെ ജനങ്ങള്‍ ബിജെപിയെ ഉറ്റുനോക്കുന്നു.
2010ലെ തെരഞ്ഞെടുപ്പില്‍ വെറും 6000 വാര്‍ഡുകളിലാണ് ബിജെപി മത്സരിച്ചതെങ്കില്‍ ഇന്ന് 19000 ലേറെ വാര്‍ഡുകളില്‍ മത്സരിക്കുന്നു. ഒരുപക്ഷെ കേരളത്തില്‍ പാര്‍ട്ടി ചിഹ്നത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ മത്സരിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ബിജെപിയായിരിക്കും.
ബിജെപി ദേശീയതലത്തില്‍ ഒരു വമ്പന്‍ കുതിച്ചുകയറ്റം നടത്തുമ്പോള്‍ അതനുസരിച്ച് കേരളവും ചുവടുവയ്ക്കണമെന്ന ചിന്ത ജനങ്ങളില്‍ ശക്തമായി ഉയര്‍ന്നിരിക്കുന്നു. കേരളത്തില്‍ നിന്നും ബിജെപിക്ക് അനുകൂലമായി ഒരു ജനപ്രതിനിധിയെ എങ്കിലും തെരഞ്ഞെടുത്ത് ലോക്സഭയിലേക്ക് അയച്ചിട്ടില്ലെങ്കിലും കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ വികസനക്കാര്യത്തില്‍ അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ ബജറ്റില്‍ പദ്ധതിവിഹിതമായി നീക്കിവച്ചിരിക്കുന്നത് 20000 കോടി രൂപയാണെങ്കില്‍ 33700 കോടിയാണ് കേരളത്തിന്റെ റോഡ് വികസനത്തിനുമാത്രം മോദി സര്‍ക്കാര്‍ നല്‍കിയത്. കേരളത്തിന്റെ അടിസ്ഥാന ആവശ്യങ്ങളായ റോഡ്, തുറമുഖം, ജലഗതാഗതം, റെയില്‍വേ, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കേന്ദ്രം നല്കുന്ന പിന്തുണ അത് പ്രാദേശിക വികസനത്തിനുകൂടി പ്രയോജനപ്പെടുത്തണമെന്നുണ്ടെങ്കില് ഈ രണ്ടുമുന്നണികള്ക്കുമെതിരായ ഒരു മൂന്നാം ശക്തി അനിവാര്യമായി മാറിയിരിക്കുന്നു.
കഴിഞ്ഞ കാലങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണം നടത്തിയിരുന്നവര്‍ പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ കണ്ടില്ല. ശുദ്ധവായു ശ്വസിക്കുവാന്‍, ശുദ്ധമായ വെള്ളം കുടിക്കുവാന്‍, ശുചിത്വമുള്ള വഴിയില്‍കൂടി നടക്കുവാന്‍ പാവപ്പെട്ടവര്‍ക്കുള്ള അവകാശങ്ങള്‍ നിഷേധിക്കുന്ന നിലപാടുകളാണ് ഇക്കൂട്ടര്‍ എടുത്തിട്ടുള്ളത്. നഗരസഭകള്‍ ശുചീകരണ കാര്യത്തില്‍ കുറ്റകരമായ വീഴ്ചയാണ് വരുത്തിയത്. അഴിമതിയുടെ കാര്യത്തില്‍ പരസ്പരം മത്സരിക്കുകയും പങ്കുപറ്റുകയും ചെയ്തിരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കോഴിക്കോട് നഗരസഭയിലെ മൂന്നു പഴയ മേയര്‍മാരും അഴിമതി കേസില്‍ പ്രതിയായിരിക്കുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ഒരേ കേസില്‍ കൂട്ടുപ്രതികളായിരിക്കുന്നു. 44 അഴിമതി കേസുകള്‍ വിജിലന്‍സ് അന്വേഷിക്കുന്നു. ഇതിനകം 14 കേസുകളില്‍ എഫ്ഐആര്‍ ഇട്ടിരിക്കുന്നു. ഇത് രണ്ടു മുന്നണികളുടെയും യഥാര്‍ത്ഥമുഖമാണ് വെളിച്ചത്തുകൊണ്ടുവരുന്നത്.
പഞ്ചായത്ത് സംവിധാനത്തിന്റെ അടിസ്ഥാനശില ഗ്രാമസഭകളാണ്. അതാണ് കഴിഞ്ഞ പത്തുവര്‍ഷമായി നോക്കുകുത്തിയായത്. താഴെത്തട്ടിലെ വികസനത്തിന് യാതൊന്നും സംഭാവന ചെയ്യാന്‍ ഗ്രാമസഭകള്ക്കായില്ല. ഗ്രാമസഭകളുടെ നഷ്ടപ്പെട്ടുപോയ അന്തസ്സ് വീണ്ടെടുക്കുകയെന്നതാണ് ഈ തെരഞ്ഞെടുപ്പിലൂടെ ബിജെപി ലക്ഷ്യംവയ്ക്കുന്നത്. അതിലൂടെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനവും സാധ്യമാക്കണം.
വളരെ പ്രതീക്ഷയോടും ആവേശത്തോടുമാണ് ഈ തെരഞ്ഞെടുപ്പിനെ ബിജെപി കുടുംബത്തിലെ എല്ലാവരും കാണുന്നത്. അതിലേറെ പ്രതീക്ഷയിലാണ് കേരളത്തിലെ ജനങ്ങളും. ഓരോ തെരഞ്ഞെടുപ്പും ജനങ്ങള്‍ക്ക് നല്‍കുന്നത് പ്രതീക്ഷകളാണ്. ഈ പ്രതീക്ഷകളാണ് വീണ്ടും വീണ്ടും വോട്ടുചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. അതിവേഗം പട്ടണങ്ങളായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഗ്രാമങ്ങള്‍ അതിന് അനുയോജ്യമായ രീതിയില്‍ വികസിക്കേണ്ടതുണ്ട്. അതേക്കുറിച്ചു കാഴ്ചാപ്പാടുള്ള ഒരു ഭരണസംവിധാനം നിലവില്‍ വരണം. പാഴായിപ്പോയ വര്‍ഷങ്ങളെ ഓര്‍ത്ത് പരിഭവിക്കാതെ വികസനത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് കേരള ജനതയെ നയിക്കാന്‍ ബിജെപി രംഗത്തുവന്നിരിക്കുന്നു. അഴിമതിരഹിത ഭരണത്തിന്റെ കാര്യത്തില്‍, കേരളത്തിന്റെ വികസന കാര്യത്തില്‍ ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ബിജെപിക്കു കഴിയുമെന്നുള്ള വിശ്വാസം ജനങ്ങളില്‍ ശക്തിപ്പെട്ടിരിക്കുന്നു. ആ വിശ്വാസം അതേപടി പാലിക്കാനും നിലനിര്‍ത്തുവാനും ബിജെപി പ്രതിജ്ഞാബദ്ധമാണ്. നാടിന്റെ വികസനത്തിന് നമ്മുക്ക് തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാം. ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്ന മാറ്റത്തിന് അനുസരിച്ച് നമുക്കും മുന്നേറാം. അതിനുള്ള അവസരമാണ് ഈ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്.
(ബിജെപി സംസ്ഥാന
സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: