വര്‍ക്കല: സര്‍ക്കാര്‍ പദ്ധതിയും സ്വകാര്യ സംരംഭവും പാളി. ഇടവ വെറ്റക്കാട് തീരവും കരിനീലക്കായലും ശാപമോക്ഷം തേടുന്നു. ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ പരിഗണിച്ച് 2010-11 ലാണ് വെറ്റക്കാട് ബീച്ചിന്റെ വികസനത്തിന് ടിആര്‍പി സ്കീമില്‍പ്പെടുത്തി ഭരണാനുമതിയും തുടര്‍ന്ന് 88.64 ലക്ഷം രൂപയുടെ സാങ്കേതികാനുമതിയും ലഭിച്ചത്.
കേന്ദ്രസര്‍ക്കാര്‍ സുനാമി പുനരധിവാസ ഫണ്ടില്‍പ്പെടുത്തി 2007-ല്‍ രണ്ടുകോടി പ്രഖ്യാപിച്ച ഇടവ-കാപ്പില്‍ തീരദേശ ടൂറിസം പദ്ധതി പ്രാവര്‍ത്തികമാക്കുവാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സമീപത്തെ വെറ്റക്കാട് തീരത്ത് മറ്റൊരു ടൂറിസം പദ്ധതിക്ക് ലക്ഷ്യമിട്ടത്. എന്നാല്‍ ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടന്നുവരവെ തീരത്തെ സ്വകാര്യഭൂമി, സര്‍ക്കാര്‍ കയ്യേറിയതായി കാട്ടി പ്രദേശവാസി സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. ഇതോടെ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയായിരുന്നു.
ടൂറിസം പദ്ധതിയുടെ ഭാഗമായി തീരത്ത് ഇടതൂര്ന്നിരുന്ന കണ്ടല്‍ ശ്രേണികള്‍ വെട്ടിനീക്കിയതും കായലിന് ചുറ്റും കരിങ്കല്‍ പാകി സ്വാഭാവികതയും നൈസര്‍ഗിക സൗന്ദര്യവും നഷ്ടപ്പെടുത്തിയതും വന്‍പ്രതിഷേധത്തിന് ഇടയാക്കി. കായലോരം ചേര്‍ന്ന് കടലിനും കായലിനും അഭിമുഖമായി തീരദേശ പാതയോട് ചേര്‍ന്ന് നാട്ടുകാര്‍ മുന്‍കൈ എടുത്ത് നിര്‍മിച്ച പാര്‍ക്കും ഇന്ന് അന്യാധീനപ്പെട്ടിരിക്കുകയാണ്. 2006 ലാണ് തദ്ദേശീയരുടെ ശ്രമഫലമായി അന്‍സില്‍ ആന്റ് മാനേജ് മെമ്മോറിയല്‍ പാര്‍ക്കിന്റെ നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ നിര്‍മാണം കയ്യേറ്റമെന്ന് കാട്ടി അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തുവാന്‍ ഒരുമ്പെട്ടെങ്കിലും ഗ്രാമപഞ്ചായത്ത് റസല്യൂഷന്‍ പാസാക്കി നിര്‍മാണാനുമതി നല്കുകയാണുണ്ടായത്.
വെറ്റക്കാട് തീരം ഒരുകാലത്ത് ജൈവൈവിധ്യംകൊണ്ട് സമ്പന്നമായിരുന്നു. നിറപ്പകിട്ടാര്‍ന്ന നീര്പക്ഷികള്ക്കൊപ്പം ദേശാടനപക്ഷികളും ഇവിടെ ഇടത്താവളം ഒരുക്കിയിരുന്നു. ഇടവ-നടയറ കായലില്‍ നിന്ന് കാലാന്തരത്തില്‍ വേറിട്ട് പോയതും അറബിക്കടലിന് അഭിമുഖമായുള്ളതുമായ ഈ ഇത്തിരി പ്രദേശത്തെ ജലസമൃദ്ധി ടൂറിസത്തിന്റെ പേരില്‍ പുനഃസ്ഥാപിക്കുവാന്‍ ആകാത്തവിധം നഷ്ടപ്പെട്ടിരിക്കുകയാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: