കൊച്ചി: സമാധാനത്തിന്റെ പച്ചത്തുരുത്തെന്ന് പലരും വിശേഷിപ്പിക്കുന്ന കേരളം പല കൊടും ഭീകരരുടേയും തീവ്രവാദികളുടേയും ഒളിത്താവളമായിട്ട് കാലമേറെ. കൂട്ടക്കൊലകളുടെ സൂത്രധാരനായ ബോഡോ ഭീകരന് ബി എല്‍ ദിഗ കഴിഞ്ഞ ദിവസം കോഴിക്കോട്ടു നിന്ന് പിടിയിലായതാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം.
മാസങ്ങള്‍ക്കു മുന്‍പ്, ഢാര്‍ഖണ്ഡില്‍ പോലീസുകാരെ വധിച്ച കേസിലെ പ്രതിയായ മാവോയിസ്റ്റ് ജിതേന്ദ്ര ഓറം അങ്കമാലിയില്‍ നിന്ന് പിടിയിലായിരുന്നു. ഇയാള്‍ വയനാട്ടിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കൊല്ലത്തു നിന്ന് രണ്ടു ബോഡോ ഭീകരര്‍ പോലീസിന്റെ പിടിയിലായത്. വനവാസികളെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതികളായ റിജിന്‍ ബസ്മതരി, സ്വരാംഗ് രാംചര എന്നിവരാണ് പിടിയിലായത്. 2014 ഫെബ്രുവരി 24നാണ് പറവൈ ബാദുഷ എന്ന അല്‍ ഉമ ഭീകരര്‍ പുനലൂരില്‍ നിന്ന് പിടിയിലായത്. തമിഴ്നാട് പോലീസ് ആണ് ഇയാള്‍ കേരളത്തിലുണ്ടെന്ന് കണ്ടെത്തി കേരള പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് ഇരു പോലീസും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.2013ല്‍ ബെംഗളരൂവിലെ ബിജെപി ഓഫീസ് ബോംബു വച്ച് തകര്‍ത്ത കേസിലെ മുഖ്യപ്രതിയാണ് ഇയാള്‍. അദ്വാനിയെ ലക്ഷ്യമിട്ട് പൈപ്പ് ബോംബ് വച്ചകേസിലും പ്രതിയാണ്. വെല്ലൂരും സേലത്തും ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ വധിച്ച കേസുകളില്‍ പോലീസ് തേടുന്ന ഭീകരനാണ് .27കാരനായ സാഹുല്‍ ഹമീദ് എന്ന പറവൈ ബാദുഷ അഞ്ചലിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്.
വാഗമണ്‍, പാനായിക്കുളം സിമി ക്യാമ്പുകളാണ് ഏറെക്കാലമായി കേരളം ഭീകരരുടെ പരിശീലന കേന്ദ്രമാണെന്ന് തെളിയിച്ചതു നല്‍കിയത്. 2007 ഡിസംബറിലായിരുന്നു വാഗമണ്‍ സിമി ക്യാമ്പ്. ഈരാറ്റുപേട്ട സ്വദേശികളായ പീഡിയേക്കല്‍ ഷിബിലി, പി എ ഷാദുലി, അബ്ദുള്‍ സത്താര്‍,മുഹമ്മദ് അന്‍സാര്‍ നദ്വി എന്നിവരടക്കം മുപ്പതു പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്. ബോംബ് നിര്‍മ്മാണ വിദഗ്ധനും കൊടും ഭീകരനുമായ അബ്ദുള്‍ സുഭാന് ഖുറേഷിയും ഈ ക്യാമ്പില്‍ പങ്കെടുത്തിരുന്നു.2008ലെ അഹമ്മദാബാദ് സ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് വാഗമണ്‍ ക്യാമ്പില്‍ പങ്കെടുത്തവരാണ്. ഈ കേസില്‍ അഹമ്മദാബാദ് പോലീസ് വാഗമണ്ണില്‍ എത്തി തെളിവു ശേഖരിച്ചപ്പോഴാണ് വാഗമണ്ണില്‍ ഭീകരരുടെ ക്യാമ്പ് നടന്ന വിവരം പോലും കേരളപോലീസ് അറിഞ്ഞത്.
മലനിരകളില്‍ വാഹനമോടിക്കുക, മിന്നലാക്രമണം നടത്തുക, കയറില്‍ തൂങ്ങി മലകയറുക, ബോംബ് നിര്‍മ്മിക്കുക, വെടിവയ്പ്പ്. തുടങ്ങിയ കാര്യങ്ങളിലായിരുന്നു തങ്ങള്‍ പാറയ്ക്ക് അല്പം അകലെയുള്ള സ്ഥലങ്ങളില്‍ പരിശീലനം നല്‍കിയത്. അഹമ്മദാബാദ് പോലീസ് ഇവിടെ നിന്ന് ബോംബു നിര്‍മ്മാണത്തിന് ഉപയോഗിച്ച വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. ക്യാമ്പില്‍ ഭാരതത്തില്‍ ജിഹാദ് നടത്തുന്നതിനെക്കുറിച്ച് കഌസുകളും നടത്തിയിരുന്നു.
പിന്നീട് വാഗമണ്‍ സിമി ക്യാമ്പ് കേസ് ദേശീയ അന്വേഷണ ഏജന്‍സിയാണ്(എന്‍ഐഎ) അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.2011ലായിരുന്നു കുറ്റപത്രം നല്‍കിയത്.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന കൂടിയാലോചനകളിലാണ് വാഗമണ്ണില്‍ ക്യാമ്പ് നടത്താന്‍ സിമി ഭീകരര്‍ തീരുമാനിച്ചത്.
ഈ ക്യാമ്പില്‍ പങ്കെടുത്ത ഷാദുലി പാനായിക്കുളം സിമി ക്യാമ്പിലും പങ്കെടുത്തിരുന്നു. ആലുവ കുഞ്ഞുണ്ണിക്കര സ്വദേശി സിദ്ദിഖ് അബ്ദുള്‍( മുഹമ്മദ് അന്‍സാര്‍) ആണ് ഇതില്‍ പങ്കെടുത്ത മറ്റൊരു ഭീകരന്. ആലുവയ്ക്കടുത്ത് പാനായിക്കുളത്ത് നടന്ന ക്യാമ്പില്‍ രാജ്യദ്രോഹപരമായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. ഇവിടെ വിതരണം ചെയ്ത ലഘുലേഖകളും പോലീസ് കണ്ടെടുത്തിരുന്നു. 2006 ആഗസ്റ്റ് 15നാണ് ക്യാമ്പു നടന്നത്. ഈ കേസും എന്‍ഐഎയാണ് അന്വേഷിച്ചത്. 2010ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ അവസാനഘട്ടത്തിലാണ്.
ബെംഗളൂര് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട കൊടും ഭീകരന് തടിയന്റവിട നസീറിന്റെ അനുയായി പിഎ റെയ്സല്‍ പിടിയിലായതും കേരളത്തില്‍ നിന്നായിരുന്നു. സ്ഫോടനത്തിന് കുറുപ്പംപടിയില്‍ നിന്ന് ഡിറ്റണേറ്ററുകള്‍ മോഷ്ടിച്ച് എത്തിച്ചു നല്‍കിയത് റെയ്സലായിരുന്നു.
2014 സപ്തംബര്‍ 28നാണ് ഇയാള്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പിടിയിലായത്. റഹീം പൂക്കടശേരിയെന്ന സിദ്ധനെ വധിക്കാന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയായിരുന്നു. ഈ കേസില്‍ തടിയന്റവിട നസീറാണ് മുഖ്യപ്രതി. കേരളത്തില്‍ നിന്ന് തടിയന്റവിടെ നസീറിന്റെ നേതൃത്വത്തിലാണ് ജമ്മു കശ്മീരിലേക്ക് ഭീകരരരെ റിക്രൂട്ട് ചെയ്തത്. ലഷ്ക്കര്‍ ഭീകരനാണ് നസീര്‍. ഇവര്‍ റിക്രൂട്ട് ചെയ്ത മലയാളികളായ ഫയാസ്, അബ്ദുള്‍ റഹീം, മുഹമ്മദ് യാസിന്,ഫായിസ് എന്നിവര്‍ പാക്കധിനിവേശ കശ്മീരിലെ ലഷ്ക്കര്‍ ഇ തൊയ്ബ ക്യാമ്പിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ ഭാരത സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചിരുന്നു. ഇതോടെയാണ് ലഷ്ക്കര്‍ കേരളത്തില്‍ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന വിവരം പുറത്തുവന്നത്.
രൂപേഷ് അടക്കമുള്ള മാവോയിസ്റ്റുകള്‍ നാളുകളായി ഒളിവില്‍ കഴിയുന്നത് കേരളത്തിലാണ്. മാത്രമല്ല ഇവര്‍ കേരളത്തിന്റെ തണ്ടര്‍ ബോള്‍ട്ട് എന്ന പ്രത്യേക പോലീസ് സംഘവുമായി ഏറ്റുമുട്ടുക പോലും ചെയ്തു.
പാക് ഭീകരനും ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവുമായ സിയാവൂര്‍ റഹ്മാന്(വഖാസ്) കഴിഞ്ഞ വര്‍ഷം രാജസ്ഥാനില്‍ നിന്ന് പിടിയിലായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഭീകരാക്രമണം നടത്താന്‍ എത്തിയ ഇയാള്‍ രാജസ്ഥാന് പോലീസിന്റെ പിടിയിലാകുകയായിരുന്നു.ഇയാള്‍ 2013 നവംബര്‍ മുതല്‍ മൂന്നു മാസം ഒളിവില്‍ കഴിഞ്ഞത്മൂന്നാറിലായിരുന്നു.
രാഷ്ട്രീയപരമായ കാരണങ്ങളാലാണ് കേരളത്തില്‍ ഇത്തരം കൊടും ഭീകരര്‍ സുഖമായി ഒളിവില്‍ കഴിയുന്നത്. ഭരണത്തിന്റെ തണലുള്ളതിനാല്‍ ഒരു കുഴപ്പവുമില്ല. പോലീസിനാകട്ടെ അഴിമതിയിലും ക്രമക്കേടിലും മുങ്ങി നില്ക്കുന്നതിനാല് ഇത്തരം കാര്യം അന്വേഷിക്കാന്‍ നേരവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: