“Enriching the curriculum to provide for overall development of children rather than
remain text book-centric (NCF- 2005)
കുട്ടികള്‍ സ്കൂളിലെത്തുന്നത് ഭാഷയും കണക്കും സയന്‍സും മറ്റും പഠിക്കാനാണ്. കുട്ടികളുടെ പഠനസാമഗ്രി പാഠപുസ്തകമാണ്. ഭാഷാ പഠനമെന്നാല്‍ പാഠപുസ്തക പഠനം-അതും മനഃപാഠമാക്കിയുള്ള പഠനം. ഭാഷാ പഠനത്തെ സമഗ്രവും ആസ്വാദ്യകരവും ആക്കേണ്ടതാണ്.
എന്നാല്‍ നമ്മുടെ കുട്ടികളെ സംബന്ധിക്കുന്ന ഒരു പ്രധാനവസ്തുത പ്രൈമറിതലത്തിലൊന്നും കുട്ടികള്‍ക്ക് രാഷ്ട്രീയ അവബോധം തീരെ ഇല്ല എന്നതാണ്. പ്രധാനമന്ത്രി ആരെന്നോ രാഷ്ട്രപതി ആരെന്നോ പറയുന്നതല്ല രാഷ്ട്രീയ അവബോധം. ഭരണത്തെയും നേതാക്കളെയും വിലയിരുത്താനുള്ള കഴിവ് ഹൈസ്കൂള്‍ തലത്തില്‍പ്പോലും കുട്ടികള്‍ക്കില്ല. അവരുടെ രാഷ്ട്രീയം ഹൈസ്കൂളില്‍ എത്തുമ്പോള്‍ എസ്എഫ്ഐയുടെയും കെഎസ്യുവിന്റെയും മറ്റും നേതാക്കളുടെ ഉദ്ബോധനങ്ങളില്‍ ആകൃഷ്ടരായി രൂപപ്പെടുന്നതാണ്.
കുട്ടികള്‍ നാളത്തെ വോട്ടര്‍മാരാണ്. പക്ഷേ അവരില്‍ പൗര-രാഷ്ട്രീയാവബോധം രൂപപ്പെടുത്താന്‍ സംവിധാനങ്ങളില്ല. വിദേശരാജ്യങ്ങളിലെ സ്ഥിതി വ്യത്യസ്തമാണ്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ എന്റെ സുഹൃത്ത് ഡോ.ശാരദാ രാജീവന് കാനഡയില്‍ പോയി വന്ന വിശേഷങ്ങള്‍ പറഞ്ഞകൂട്ടത്തില്‍ അവരുടെ എട്ടുവയസ്സായ പൗത്രന് അഭിനവിനെക്കുറിച്ചും പറയുകയുണ്ടായി. അഭിനവ് മേനോന് കാനഡയിലാണ്. അവിടെ ഭരിച്ചിരുന്ന പാര്‍ട്ടി മാറേണ്ട ആവശ്യകതയെപ്പറ്റിയും ഇതര പാര്‍ട്ടികളിലെ നല്ല നേതാക്കളെപ്പറ്റിയും മറ്റും അഭിനവ് അഭിപ്രായം പറയുന്നത് ശാരദ ടേപ്പ് ചെയ്തുകൊണ്ടുവന്ന് എന്നെ കേള്‍പ്പിച്ചു. അപ്പോഴാണ് നമ്മുടെ കുട്ടികള്‍ക്ക് സ്വയം അഭിപ്രായ രൂപീകരണത്തിനോ, പാര്‍ട്ടികളെയോ നേതാക്കളെയോ വിലയിരുത്തുന്നതിനോ, അവര്‍ ജനസേവകരോ, സ്വാര്‍ത്ഥമതികളോ എന്നറിയുന്നതിനോ ഉള്ള പ്രാപ്തി ഇല്ലല്ലോ എന്ന് ഞാന്‍ ഖേദിച്ചത്. സ്വയം വിലയിരുത്തി അഭിപ്രായം രൂപപ്പെടുത്തുകയല്ല, നേതാക്കള്‍ പറയുന്നത് കണ്ണടച്ച് വിശ്വസിച്ചും കൊടികള്‍ പിടിച്ചും മുദ്രാവാക്യം വിളിച്ചും നടക്കുന്നവരാണ് നമ്മുടെ കുട്ടികളില്‍ ഏറെയും. അക്രമരാഷ്ട്രീയത്തിലും അവര്‍ പിന്നിലല്ല. ദൈവത്തിന്റെ സ്വന്തം നാട്ടിലെ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍ ദേശീയബോധത്തിന്റെയോ പൗരബോധത്തിന്റെയോ ചിന്താഗതി വളര്‍ന്നുവരാന്‍ ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയനേതൃത്വം അനുവദിച്ചില്ല. ഇപ്പോള്‍ ദേശീയ രാഷ്ട്രീയം കേരളത്തില്‍ ശക്തിപ്പെടുന്നതിനെ ഇവിടുത്തെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും അസഹിഷ്ണുതയോടെയാണ് കാണുന്നത്.
കാനഡയില്‍ സാസ്കച്ച്വാനിലെ സാസ്ക്കട്ടൂണ് എന്ന സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ വോട്ടിനും പ്രാധാന്യമുണ്ട്. അവിടുത്തെ നാഷണല്‍ എഡ്യുക്കേഷന്‍ എലിമെന്ററി, സെക്കന്ററി സ്കൂള്‍ കുട്ടികളെയും ‘സ്റ്റുഡന്റ് വോട്ട് 2015’ എന്ന പ്രക്രിയയില്‍ ഭാഗഭാക്കാക്കുന്നു. എലിമെന്ററി എന്നാല്‍ മൂന്നാം സ്റ്റാന്റേര്‍ഡ് മുതല്‍ ഏഴാം ക്ലാസ് വരെയും സെക്കന്ററി എന്നാല്‍ എട്ടുമുതല്‍ പത്തുവരെയുമുള്ള ക്ലാസുകളാണ്. എട്ടുവയസ്സായ കുട്ടിക്കും സ്റ്റുഡന്റ്സ് വോട്ടില്‍ പങ്കെടുക്കാം. ഇതാണ് ‘മോക് വോട്ടിങ്’. ഇതുമൂലം കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ രാഷ്ട്രീയ കാര്യങ്ങളില്‍ അവബോധം ഉണ്ടാകാന്‍ അവസരം ലഭ്യമാകുന്നു. കുട്ടികളായിരിക്കുമ്പോള്‍ മുതല്‍ കളിയിലും പഠനത്തിനും പുറമെ കുറച്ച് രാഷ്ട്രീയ അവബോധവും പകര്‍ന്നുനല്‍കുന്നു.
പതിനായിരക്കണക്കിന് എലിമെന്ററി, സെക്കന്ററിതലത്തിലുള്ള കുട്ടികള്‍ മോക് പാര്‍ലമെന്റില്‍ പങ്കെടുത്ത് കൃത്യതയോടെ വോട്ട് ചെയ്യുമ്പോള്‍ അവര്‍ ഭാവിയില്‍ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെക്കുറിച്ച് അവബോധമുള്ളവരായി മാറുന്നു.
കാനഡയില്‍ പാര്‍ലമെന്ററി സമ്പ്രദായത്തില്‍ നിയമാനുസൃത തെരഞ്ഞെടുപ്പ് ചിട്ടയോടെ നടത്തുന്ന കുട്ടികള്‍ക്ക് മുനിസിപ്പാലിറ്റി കിറ്റുകള്‍ കൊടുക്കും. ഇതുമൂലം കുട്ടികള്‍ വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്ത്, വോട്ടേഴ്സ് ലിസ്റ്റില്‍ ഇടംപിടിച്ച്, ഐഡി കാര്‍ഡ് നേടി രഹസ്യബാലറ്റില്‍ കൂടി വോട്ട് ചെയ്യാന്‍ പഠിക്കുന്നു. സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തുന്നതുള്‍പ്പെടെ കൃത്യമായ സംവിധാനങ്ങളാണ് അവിടെ നിലനില്‍ക്കുന്നത്.
ഭാരതത്തിലെ കുട്ടികള്‍ക്ക് രാഷ്ട്രീയാവബോധമില്ല. അവര്‍ ടിവിയില്‍ കാണുന്നതുപോലും പലപ്പോഴും കാര്‍ട്ടൂണ്‍ ചാനലുകളാണ്. ഇവിടെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ അവരെ രാഷ്ട്രീയത്തെക്കുറിച്ച് പഠിക്കാന്‍ അനുവദിക്കാത്തത് അത് അവരുടെ പഠനത്തെ ബാധിക്കും എന്ന ഭയപ്പാടിലാണ്. ഒരു പൗരന്റെ ഉത്തരവാദിത്തബോധം ചെറുപ്പംമുതലേ വളര്‍ത്തിയെടുക്കാനുള്ള പ്രയത്നം നടക്കുന്നില്ല.
കാനഡയില്‍ മൂവായിരം കുട്ടികള്‍ ക്യൂനിന്ന് കിറ്റുവാങ്ങുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുമെന്ന് ശാരദ വിശദീകരിക്കുന്നു. എട്ടുവയസ്സായ അഭിനവ് മേനോനും ഈ ക്യൂവില്‍ ചിട്ടയോടെ നിന്നു. അഭിനവ് മൂന്നാം ക്ലാസുകാരനാണ്. ആരാണ് പ്രധാനമന്ത്രി ആകേണ്ടത് എന്ന ചര്‍ച്ചയില്‍നിന്ന് ഈ എട്ടുവയസ്സുകാര്ക്ക് എല്ലാ നേതാക്കളുടെയും പേരും ചരിത്രവും അറിയാമെന്ന് വ്യക്തമായതായി ശാരദ പറയുന്നു.
കുട്ടികളെല്ലാവരും മാറ്റത്തിനായി വോട്ട് ചെയ്തു. അതും രഹസ്യ ബാലറ്റിലൂടെ. കാനഡയില്‍ 12 വര്‍ഷമായി ഭരിക്കുന്നത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ്. മറ്റൊരു പാര്‍ട്ടി വരേണ്ടതല്ലെ? വ്യതിയാനം തീര്‍ച്ചയായും വേണം. പുതിയ നേതാക്കള്‍ വരുമ്പോള്‍ സ്വന്തം കാര്യത്തേക്കാള്‍ സമൂഹനന്മയ്ക്ക് പ്രാധാന്യം കൊടുക്കുമെന്നും കുട്ടികള്‍ കരുതുന്നു.
സമൂഹത്തിന് ശക്തിപകരാനും സാമ്പത്തികവളര്‍ച്ചക്കും പുതിയ നേതൃത്വം ഉപകരിക്കുമെന്ന് കാനഡയിലെ ഈ എട്ടുവയസുകാരന് ചിന്തിക്കുമ്പോള്‍ ഇവിടെ പ്രായമായവര്‍പോലും പലപ്പോഴും ഏത് നേതാവെന്നോ, ആരാണ് നല്ലവനെന്നോ നോക്കാതെ പരിചിതര്‍ക്കോ അല്ലെങ്കില്‍ സ്വന്തം മതസമുദായങ്ങളില്പ്പെട്ടവര്ക്കോ വോട്ട് നല്കുന്നു. സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതുപോലും ഇവിടെ ജാതി-മതാടിസ്ഥാനത്തിലാണല്ലോ. സ്വതന്ത്രന് എത്ര മഹാനായാലും വോട്ടുപെട്ടിയില്‍ വോട്ട് വീഴണമെന്നില്ല.
കാനഡയില്‍ വീടിനുള്ളിലെ രാഷ്ട്രീയചര്‍ച്ചകളിലും കുട്ടികള്‍ പങ്കെടുക്കുന്നു. തെരഞ്ഞെടുപ്പ് ദിവസം കാമ്പസുകളിലും മോക് തെരഞ്ഞെടുപ്പ് നടക്കും. രാഷ്ട്രീയ അവബോധം അത്യാവശ്യമാണെന്ന തിരിച്ചറിവില്‍നിന്നാണ് ഇത്. അറിവ് എന്നാല്‍ രാഷ്ട്രീയ അവബോധംകൂടിയാണ് എന്ന തിരിച്ചറിവ് കുടുംബത്തിലോ സ്കൂളുകളിലോ നിന്ന് നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നില്ല.
അച്ഛനമ്മമാര്‍ കുട്ടികളെ പ്രേരിപ്പിക്കുന്നത് പഠിച്ച് ഉന്നതവിജയം നേടാനാണ്. ഭാവിപൗരന്മാരാണെന്നോ അറിവോടെയുള്ള രാഷ്ട്രീയ പങ്കാളിത്തം അത്യാവശ്യമാണെന്നോ കുട്ടികള്‍ക്ക് അവബോധം നല്‍കുന്നില്ല. കാനഡയില്‍ ഒരു അഭിപ്രായ സര്‍വ്വേയില്‍ 30 ശതമാനം കുട്ടികള്‍ക്കു മാത്രമേ യുഎന്‍ പ്രതിനിധിയുടെ പേര് അറിയാതുള്ളൂ. ബാക്കി 70 ശതമാനം പേര്‍ക്കും അതറിയാമായിരുന്നു. അവിടെ കുട്ടികള്‍ ടിവി കാണുന്നത് വിനോദത്തിന് മാത്രമല്ല, രാഷ്ട്രീയ അവബോധം നേടാനുമാണ്.
നമുക്കും ഇത് ഒരു പാഠമാകേണ്ടതാണ്. ഇവിടെ നമ്മള് പലപ്പോഴും കാണുന്നത് ടിവി നോക്കി രാഷ്ട്രീയചര്‍ച്ചകള്‍ കേള്‍ക്കുന്ന കുട്ടികളെയല്ല- മറിച്ച് ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയയിലും കയറി അശ്ലീലസൈറ്റുകള്‍ വീക്ഷിക്കുന്നവരെയാണ്.
ഐഡിയോളജി വളര്‍ത്തിയെടുക്കാന്‍ നല്ല ഭരണം ആവശ്യമാണ്. പരിസ്ഥിതി അവബോധം, അഴിമതിവിരുദ്ധത, മൂല്യച്യുതി അകറ്റല്‍ മുതലായ വസ്തുതകള്‍ മനഃശാസ്ത്രപരമായി പുതിയ തലമുറയെ പഠിപ്പിക്കണം. കുട്ടിക്കാലത്തുതന്നെ അവരെ അച്ചടക്കത്തോടുകൂടി വളര്‍ത്താന്‍ ശ്രദ്ധിക്കണം. രാഷ്ട്രീയമായ അറിവ് അവര്‍ക്ക് ഭാവിയില്‍ ഗുണകരമാകും. ബുദ്ധിയുള്ള, നേതൃപാടവമുള്ള ഒരു തലമുറയെ നാം വാര്‍ത്തെടുക്കേണ്ടതാണ്.
ഉന്നത രാഷ്ട്രീയ-സാമൂഹ്യ അവബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതോടൊപ്പം അവരെ തൊഴില്‍മേഖലയില്‍ സമര്ത്ഥരാക്കാനും ശ്രദ്ധിക്കണം. ഇന്ന് കേരളത്തിന്റെ ഏറ്റവും വലിയ ഭാരം യുവാക്കളുടെ തൊഴിലില്ലായ്മയാണ്. തൊഴിലില്ലായ്മയാണ് യുവാക്കളെ ചതിയിലേക്കും വഞ്ചനയിലേക്കും മറ്റും നയിച്ച് എങ്ങനെയെങ്കിലും പണംനേടാന്‍ പ്രേരിപ്പിക്കുന്നത്.
ഇപ്പോള്‍ കേരളം ഉറ്റുനോക്കുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഫലമെന്തായിരിക്കും എന്നാണ്. ഇത് വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ ആണല്ലോ. ബിജെപിയും യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ ആത്മവിശ്വാസം പുലര്‍ത്തുന്നു. ഈ തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ ആകാംക്ഷയോടെ ഫലം കാത്തിരിക്കുമ്പോള്‍ നമ്മുടെ കുട്ടികളുടെ ശ്രദ്ധ ഐഎസ്എല്‍ ഫലത്തിലാണ്. കേരളം എന്ന് കാനഡയുടെ നിലയിലെത്തും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: