കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ കൊട്ടിക്കലാശം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ആര്‍ഭാടങ്ങളൊഴിവാക്കി ബിജെപി സ്ഥാനാര്‍ത്ഥികള്‍ നടത്തിയ പ്രചാരണ സമാപന പരിപാടികള്‍ യുഡിഎഫിനും എല്‍ഡിഎഫിനുമുള്ള ജനങ്ങളുടെ താക്കീതായി മാറി. 61, 62 ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളായ അച്ചുതന് വെട്ടത്ത്, ടി. കെ. നാരായണ സ്വാമി എന്നിവരുടെ കൊട്ടിക്കലാശം വളഞ്ഞമ്പലത്ത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ അരങ്ങേറി. 29-ാം ഡിവിഷന് സ്ഥാനാര്‍ഥി എസ്. മായയുടെ പരസ്യ പ്രചാരണ സമാപനം ഐലന്റ് ഹാര്‍ബറിലും 53-ാം ഡിവിഷനിലെ സ്ഥാനാര്‍ഥി സജി എസിന്റെ കൊട്ടിക്കലാശം പൊന്നുരുന്നി ബിജെപി ഓഫീസിനു സമീപവും 37-ാം ഡിവിഷന് സ്ഥാനാര്‍ഥി കെ.എസ്. സുരേഷ്കുമാറിന്റെ പരസ്യ പ്രചാരണ സമാപനം ഇടപ്പള്ളിയിലും നടന്നു.
തോപ്പുംപടി ജംഗ്ഷന്, കടവന്ത്ര, വൈറ്റില, കലൂര്‍, പുന്നയ്ക്കല്‍ ജംഗ്ഷന്, ആലിന്‍ച്ചുവട്, പേട്ട, തേവര, ടി.ഡി. റോഡ്, പനമ്പിളി നഗര്‍, ഇടപ്പള്ളി, കുന്നുംപുറം എന്നിവിടങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥികളുടെ കൊട്ടിക്കലാശം നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, ജില്ലാ പ്രസിഡന്റും 56-ാം ഡിവിഷന് സ്ഥാനാര്‍ത്ഥിയുമായ അഡ്വ. പി.ജെ. തോമസ്, നേതാക്കളായ എന്‍. സജികുമാര്‍, പി. ശിവശങ്കര്‍, കെ.എസ്. രാജേഷ്, ജെയ്സണ്‍ എളംകുളം, ജെ. സുരേഷ്, ഹരീഷ്, വെണ്ണല സജീവന്, യു.ആര്. രാജേഷ്, ജയന് തോട്ടുങ്കല്‍, വിനോദ് നന്ദനം, നന്ദകുമാര്‍, രാജേന്ദ്രന്, സുമേഷ്, സുമത് ബാബു, രാജേഷ് ചന്ദ്രന്, ഗണേഷ്, പി.എല്‍. ബാബു, സി.എ. സജീവന്, എം.എല്‍. രമേഷ്, ദിലീപ്, സുരേഷ്, സോളമന് ഡേവിഡ്, എന്‍.വി. സുദീപ്, അഡ്വ.പി. കൃഷ്ണദാസ്, സുഭാഷ് എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ പങ്കെടുത്തു. 67ാം ഡിവിഷന് സ്ഥാനാര്‍ത്ഥി സന്ധ്യാ ജയപ്രകാശിന്റെ പ്രചാരണം ഘോഷയാത്രയോടെ സമാപിച്ചു. എറണാകുളം തിരുമല ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നിന്നാരംഭിച്ച ഘോഷയാത്ര വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ സമാപിച്ചു. പി.ജി. അനില്‍കുമാര്‍, വെങ്കിടേഷ്, ഉപേന്ദ്രനാഥ് ഭട്ട്, എച്ച്. ദിനേശ്, രാജേന്ദ്രഷേണായ്, കണ്ണന്, ദാമോദരപൈ, സുന്ദര്‍ എന്നിവര്‍ നേതൃത്വം നല്കി. വരാണസിയില്‍ നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കാളിയായിരുന്ന യുവമോര്‍ച്ച മുന്‍ ജില്ലാ വൈസ്പ്രസിഡന്റ് ആര്. ജീവന്‍ലാലിന്റെ നേത്യത്വത്തില്‍ യുവാക്കളെയും സ്ത്രീകളെയും അണിനിരത്തി കോര്‍പ്പറേഷന്റെ വിവിധ ഭാഗങ്ങളില്‍ ഘോഷയാത്രയും നടന്നു. നഗത്തിലെ കടവന്ത്ര, രവിപുരം, ചെറളായി, പള്ളുരുത്തി, പാടിവട്ടം, ചളിക്കവട്ടം, പാലാരിവട്ടം തുടങ്ങിയ ഭാഗങ്ങളില്‍ കൊട്ടിക്കലാശം വര്‍ണാഭമായി. മാറ്റത്തിനൊരു കയ്യൊപ്പ് എന്ന പ്രചാരണ വാഹനത്തില്‍ ഒപ്പുചാര്ത്തിയും പ്രതീകാത്മകമായി യുഡിഎഫിനെയും, എല്‍ഡിഎഫിനെയും ഹൈഡ്രജന്‍ ബലൂണില്‍ പറത്തിയും ജനങ്ങള്‍ കൊട്ടിക്കലാശത്തില്‍ ആവേശത്തോടെ പങ്കെടുത്തു.
മട്ടാഞ്ചേരി: മട്ടാഞ്ചേരിയില്‍ നടന്ന കലാശക്കൊട്ടില്‍ ബിജെപി മുന്നേറ്റം പ്രകടമായി. പശ്ചിമകൊച്ചിയിലെ 26 ഡിവിഷനുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ശക്തമായ മത്സരം കാഴ്ചവെക്കുമ്പോള്‍ ഇരുമുന്നണികളുടെയും കണക്കൂട്ടലുകള്‍ തകരുകയാണ്. ഗൃഹ സമ്പര്‍ക്കം മുതല്‍ നവമാധ്യമങ്ങള്‍ വരെ പ്രചാരണത്തില്‍ പ്രയോജനപ്പെടുത്തി.
ആലുവ: ആലുവയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം പ്രതീക്ഷിച്ചെത്തിയവര്‍ക്ക് കടുത്ത നിരാശ. മത്സര രംഗത്തുള്ള മൂന്ന് മുന്നണികളും കൊട്ടിക്കലാശത്തിന് റെയില്‍വേ സ്ക്വയറിലേക്കെത്തിയില്ല. പകരം വാര്‍ഡുകളില്‍ അവസാനവട്ട പ്രവര്‍ത്തനങ്ങള്‍ ഒതുക്കി. ഏത് തെരഞ്ഞെടുപ്പായാലും പ്രചാരണം അവസാനിക്കുന്ന അവസാന മണിക്കൂറുകളില്‍ മുന്നണികള്‍ കൊട്ടിക്കലാശത്തിനായി ആലുവ റെയില്‍വേ സ്റ്റേഷന് സ്ക്വയറിലേക്കെത്തുകയാണ് പതിവ്. ലോകസഭ, നിയമസഭ തെരഞ്ഞെടുപ്പുകളാണെങ്കില്‍ മറ്റ് പഞ്ചായത്തുകളില്‍ നിന്നുള്ള പ്രചാരണ വാഹനങ്ങളുമെത്തും. മുനിസിപ്പല്‍ തെരഞ്ഞെടുപ്പായതിനാല്‍ മുനിസിപ്പല്‍ അതിര്‍ത്തിയിലെ പ്രചാരണ വാഹനങ്ങളും പ്രവര്‍ത്തകരുമാണ് എത്തേണ്ടിയിരുന്നത്. അതും കാണാതിരുന്നതാണ് വോട്ടര്‍മാര്‍ക്ക് കൗതുകവും നിരാശയും പകര്‍ന്നത്. പമ്പ് കവല മുതല്‍ റെയില്‍വേ സ്റ്റേഷന്, കെഎസ്ആര്‍ടിസി സ്റ്റാന്റ്, ഗവ. ആശുപത്രി കവല തുടങ്ങിയ ഭാഗങ്ങള്‍ അനൗണ്‍സ്മെന്റ് വാഹനവും മറ്റ് പ്രകടനങ്ങളും ചുറ്റിസഞ്ചരിക്കും. ഒന്നിന് പിറകെ ഒന്നായി കാതുകൂര്‍പ്പിക്കുന്ന ശബ്ദത്തോടെ വാഹനങ്ങള്‍ നിരത്തിലെത്തുമ്പോള്‍ പലപ്പോഴും സംഘര്‍ഷത്തിനും വേദിയാകാറുണ്ട്. കൊട്ടിക്കലാശം വീക്ഷിക്കാന്‍ പരിസര പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെത്തി റോഡിനിരുവശവും തമ്പടിക്കും. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ എസ്ഐയുടെ നേതൃത്വത്തില്‍ പോലീസുമെത്താറുണ്ട്. ഇക്കുറിയും നിയന്ത്രിക്കാന്‍ ആവശ്യത്തിലേറെ പോലീസും കാണികളും കൃത്യസമയത്തെത്തിയെങ്കിലും പ്രചരണ വാഹനങ്ങള്‍ പേരിനുപോലും ഉണ്ടായില്ല. മുന്നണി നേതാക്കള്‍ തമ്മിലുണ്ടാക്കിയ ധാരണയാണ് കൊട്ടിക്കലാശം ഒഴിവാക്കാന്‍ കാരണമെന്നാണ് സാധാരണ പ്രവര്‍ത്തകരുടെ സംശയം.
ബിജെപി എടയപ്പുറം, ചുണങ്ങംവേലി, കോട്ടേക്കാട്, അണ്ടികമ്പനി മേഖലകളില്‍ സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോ സംഘടിപ്പിച്ചു. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്താനാണ് ബിജെപി തീരുമാനിച്ചതെന്ന് ബിജെപി ടൗണ്‍ പ്രസിഡന്റ് എ.സി. സന്തോഷ് കുമാര്‍ പറഞ്ഞു. ആലുവ നഗരസഭ പരിധിയിലുള്ള തോട്ടക്കാട്ടുകരയില്‍ യുഡിഎഫ് കൊട്ടിക്കലാശം സംഘടിപ്പിച്ചു. ഈ മേഖലയിലെ ഏഴ് സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും താളമേളങ്ങളുടെ അകമ്പടിയോടെ പ്രകടനം നടത്തി. തുടര്‍ന്ന് തോട്ടക്കാട്ടുകര കവലയില്‍ സമാപനവും സംഘടിപ്പിച്ചു. ആലുവ നഗരത്തില്‍ മത്സരിക്കുന്ന നഗരസഭ ചെയര്മാന് എം.ടി. ജേക്കബ് ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയാണ് പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: