ബാലരാമപുരം: വിരണ്ടോടിയ ആനയെ തളയ്ക്കാന്‍ നാല് മണിക്കൂര്‍ പരിശ്രമം. ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് പരിക്ക്.ആറുകിലോമീറ്ററോളം ഓടി ആന നാശാനഷ്ടം വരുത്തി. നെല്ലിവിള, മൈലംമൂട്ടില്‍, അഴിപ്പില്മേലെ വീട്ടില്‍ വിശ്വംഭരന് നായര്‍ (72) ആണ് ആനയുടെ ചവിട്ടേറ്റ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. രാവിലെ 8.15 നായിരുന്നു നെല്ലിവിളയിലെ സ്വകാര്യ ഗോഡൗണില്‍ നിന്ന് തടിപിടിക്കുന്നതിനിടെ പാപ്പാന്റെ മര്‍ദ്ദനമേറ്റ ആന വിരണ്ടോടിയത്.
പാപ്പനെ ആക്രമിച്ച് റോഡിലേക്ക് ഓടിയ ആന ജോലിക്ക് പോകുകയായിരുന്ന വിശ്വംഭരന്‍നായരെ തുമ്പിക്കയില്‍ തൂക്കിയെടുത്ത് നെല്ലിവിളയിലെ ഷാജിയുടെ വീടിന്റെ മതിലിലടിച്ചു. മതില് തകര്‍ന്ന് വിശ്വംഭരന്‍നായര്‍ വീട്ടിന്റെ മുന്‍വശത്ത് വീണെങ്കിലും ആന വിരണ്ട് റോഡിലേക്ക് ഓടി.
നെല്ലിവളയില് നിന്നരംഭിച്ച ഓട്ടം ആന വിഴിഞ്ഞം റോഡ് ബാലരാമപുരം ദേശീയപാതയിലെത്തിയെങ്കിലും നാട്ടുകാര്‍ ആന വിരണ്ട് വരുന്നത് റോഡില്‍ നിന്നവരെ അറിയിച്ച് മുന്നേപാഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി. ദേശീയ പാതിയിലിറങ്ങി ഓടിയ ആന കല്ലമ്പലം, ആലുവിള, റോഡില്‍ കയറി. തേമ്പാമുട്ടം, നെയ്യാര്‍ കനാലില്‍ ചാടിയ ആന വീടുകളുടെ പിന്‍വശത്തും മുന്‍വശത്തും കൂടി ഓടിയത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി.
നെയ്യാര്‍ കനാലില്‍ ചാടിയ ആന കനലിലൂടെ രണ്ട് കിലോമീറ്ററോളം ഓടിയെങ്കിലും കനലിന് കുറുകെ പാലം കടന്ന് പോകുവാന്‍ കഴിയാത്തത് കാരണം തിരികെഓടി സമീപത്തെ പുരയിടത്തില്‍ കയറി ഓട്ടം തുടര്‍ന്നു.
വിവിധ ഭാഗങ്ങളില്‍ റോഡിന് കുറുകെ വാഹനമിട്ട് ആനയെ തടയാന്‍ ശ്രമിച്ചെങ്കിലും ആന ഇതെല്ലാം മറികടന്ന് ഓട്ടം തുടര്‍ന്നു. പലരും റോഡരികില്‍ വാഹനങ്ങളുപേക്ഷിച്ച് ഓടി. സ്കൂളില്‍ കുട്ടികളെ അയയ്ക്കുന്നതിന് നിന്നവര്‍ ആനയെ കണ്ട് ഓടിയതില്‍ വീണ് പരിക്കേറ്റിരുന്നു.
ആനയ്ക്ക് പിന്നാലെ നൂറുകണക്കിന് നാട്ടുകാര്‍ ഓടിയത് പോലീസിനെയും വലച്ചു. ആന ഓടിയ വഴിയില്‍ ബൈക്കിലും ഓടിയും നാട്ടുകാര്‍ ആന വരുന്ന വിവരം വിളിച്ചറിയിച്ച് മുമ്പേ ഓടിയത് വലിയൊരു ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചു. നെയ്യാര്‍ കനാലില്‍ നിന്നു കയറി ബാലരാമപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ വീടിന്റെ പിന്‍വശത്ത് കയറിയെങ്കിലും ഇടുങ്ങിയ വഴിയിലൂടെ മുന്നോട്ട് പോകുവാന്‍ കഴിയാതെ ആന മതില് തകര്‍ത്ത് രവീന്ദ്രന്റെ വീട്ടിന്റെ പിന്‍വശത്ത് നിലയുറപ്പിച്ചു. രണ്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പാപ്പാന് വിഷ്ണുവും സഹായികളും ചേര്‍ന്ന് ആനയെ കുരുക്കിട്ട് തളച്ചു.
കാരയ്ക്കാമണ്ഡപത്ത് മില്ലിട്ടിരിക്കുന്ന പാല സ്വദേശി മണിക്കുട്ടന്റെ ഉടമസ്ഥതയിലുള്ള ശിവകുമാര്‍ എന്ന 24 വയസുള്ള ആനയാണ് ഇടഞ്ഞത്. നെയ്യാറ്റിന്‍കര സിഐ സി.ജോണ്‍, ബാലരാമപുരം എസ്ഐ ടി.വിജയകുമാര്‍, നെയ്യാറ്റിന്‍കര എസ്ഐ അനില്‍കുമാര്‍ എന്നിവര്‍ തടിച്ച് കൂടിയ ജനക്കൂട്ടത്തെ നിയന്ത്രിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: