കോഴിക്കോട്: ധ്യാനം എന്നത് കേവലം ക്രിയയോ, അഭ്യാസമോ അല്ലെന്നും യഥാര്‍ത്ഥത്തില്‍ അതൊരു അനുഭവമാണെന്നും സംബോധ് ഫൗണ്ടേഷന് കേരളയുടെ മുഖ്യാചാര്യന്‍ സ്വാമി അധ്യാത്മാനന്ദ സരസ്വതി പറഞ്ഞു. സംബോധ് ഫൈണ്ടേഷന്‍ ബോധാനന്ദ സേവാ സൊസൈറ്റി കേഴിക്കോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തളി പത്മശ്രീ കല്യാണ മണ്ഡപത്തില്‍ ആരംഭിച്ച ഗീതാജ്ഞാന യജ്ഞത്തില്‍ ഭഗവദ്ഗീത ആറാം അധ്യായം ധ്യാനയോഗത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തനിക്ക് താന്‍ തന്നെ അന്യമായിപ്പോകുന്ന ഐഡന്റിറ്റി ക്രൈസിസിലാണ് ഇന്ന് പലരും. പരിസരങ്ങളും അനുഭവമണ്ഡലങ്ങളും ചുറ്റുപാടുകളും ഒരിക്കലും സ്വസ്ഥമാകുമെന്ന് കരുതിക്കൂടാ, ഒന്നും ശാശ്വതമല്ലെന്ന് ഭഗവാന് തന്നെ പറയുന്നുണ്ട്. പ്രശ്നങ്ങളും പ്രതിസന്ധികളും വന്നുചേരുന്ന സമയത്ത് മനസ്സ് തളരാനുള്ള സാധ്യത സ്വാഭാവികമാണ്. ഇവിടെയാണ് ധ്യാനത്തിന്റെ പ്രസക്തിയെന്ന് സ്വാമി പറഞ്ഞു. ഗീതാജ്ഞാനയജ്ഞം കവി പി.പി. ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. സംബോധ് ഫൗണ്ടേഷന് (കോഴിക്കോട്) പ്രസിഡന്റ ഡോ. വിറ്റന്ദാസ് റാവു യു അധ്യക്ഷത വഹിച്ചു. അധ്യാത്മിക പ്രഭാഷകരായ ഇന്ദിരാ കൃഷ്ണകുമാര്‍, കുഞ്ഞിരാമവാര്യര്‍, പാറോപ്പടി ബോധാനന്ദാശ്രമത്തിലെ ശങ്കരനാരായണന് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കുമാരി ലക്ഷ്മിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ സംബോധ് ഫൗണ്ടേഷന് സെക്രട്ടറി ഉണ്ണികൃഷ്ണന് പി. സ്വാഗതം പറഞ്ഞു. ഇന്ന് രാവിലെ ഏഴ് മുതല്‍ എട്ട് വരെ തപോവന സ്വാമിയാല്‍ വിരചിതമായ ബദരീശ സ്തോത്രത്തെക്കുറിച്ച് സ്വാമി അധ്യാത്മാനന്ദ സരസ്വതി പ്രഭാഷണം നടത്തും. ഗീതാജ്ഞാനയജ്ഞം ഇന്നു തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: