ന്യൂദല്‍ഹി: ഭാരത നേപ്പാള്‍ അതിര്‍ത്തിയില്‍ മധേശി വിഭാഗക്കാര്‍ നടത്തുന്ന പ്രതിഷേധത്തിന് നേരെ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ ഒരു ഭാരതീയന് കൊല്ലപ്പെട്ട സംഭവത്തെപ്പറ്റി അന്വേഷണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയോട് ആവശ്യപ്പെട്ടു.
സ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും നേപ്പാളിലേക്ക് പോകുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പ്രക്ഷോഭം തുടരുന്ന പശ്ചാത്തലത്തില്‍ നേപ്പാള്‍ അംബാസിഡര്‍ ദീപ് ഉപാദ്ധ്യായയെ വിദേശകാര്യമന്ത്രാലയം വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചു.
നേപ്പാളിനെ മതേതരത്വ രാജ്യമായി പ്രഖ്യാപിച്ചതോടെയാണ് പ്രക്ഷോപം ആരംഭിച്ചത്. നേപ്പാളില്‍ നിന്നും ബിഹാറിലെ റക്സൗളിലേക്കുള്ള പാത രണ്ട് മാസമായി അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള ഇന്ധന നീക്കം മുടങ്ങി. ഒക്ടോബറില്‍ നേപ്പാള്‍ ഉപപ്രധാനമന്ത്രി കമല്‍ ഥാപ്പയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, കേന്ദ്ര ആഭ്യന്തരമന്ത്രി രാജനാഥ് സിംഗ് എന്നിവര്‍ അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ചിരിന്നു.
നേപ്പാളിലെ പുതിയ ഭരണഘടനക്കെതിരെയാണ് മധേശി സമുദായത്തില്‍ പെട്ടവര്‍ അതിര്‍ത്തി ഉപരോധിച്ച് പ്രതിഷേധിക്കുന്നത്. ഫെഡറല്‍ രീതി അനുശാസിക്കുന്ന ഭരണഘടന അവകാശലംഘനമാകുമെന്നാണ് മധേശികളുടെ ആരോപണം. രണ്ട് മാസമായി തുടരുന്ന പ്രതിഷേധങ്ങളില്‍ ഇതുവരെ 45 പേര് മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.പ്രതിഷേധം രൂക്ഷമായതോടെ ഗതാഗതം തടസപ്പെടുത്തിവരെ മാറ്റുന്നതിനായി പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തിയതാണ് സംഘര്‍ഷം രൂക്ഷമാകാന്‍ കാരണം.
പോലീസും പ്രതിഷേധക്കാരുമായുണ്ടായ ഏറ്റമുട്ടലില്‍ ബിഹാര്‍ സ്വദേശിയായ ആശിഷ് റാം കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: