കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ പതിനാലാം വാര്‍ഡ് ബൂത്തായ യുബിഎംസി സ്കൂളില്‍ കള്ളവോട്ട് നടത്തിയതായി പരാതി. കളളവോട്ട് നടത്തിയ ആളെ പോലീസ് കയ്യോടെ പിടികൂടി. വിദേശത്തുള്ള കബീര്‍ എന്നയാളുടെ വോട്ട് ചെയ്യാനെത്തിയ യുവാവിനെയാണ് പോലീസ് പിടികൂടിയത്. വോട്ട് ചെയ്യാനൊരുങ്ങിയ ഇയാളെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.വി.ശൈലജ തടയുകയായിരുന്നു. ബൂത്തില്‍ നിന്ന് ഇറങ്ങി ഓടാന്‍ ശ്രമിച്ച ഇയാളെ പോലീസ് പിടികൂടി. എന്നാല്‍ പിടികൂടിയ ഇയാളെ പോലീസ് പിന്നീട് രക്ഷപ്പെടാന്‍ അനുവദിക്കുകയായിരുന്നുവെന്ന് ടി.വി.ശൈലജ ആരോപിച്ചു. ഇത്തരത്തില്‍ മൂന്നോളം വോട്ടുകള്‍ പലരായി ചെയ്തെന്നും പരാതിപ്പെട്ടതല്ലാതെ പോലീസ് നടപടി സ്വീകരിച്ചില്ലെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. ലീഗ് വിമത സ്ഥാനാര്‍ത്ഥിയുടെ പ്രവര്‍ത്തകനാണ് കള്ളവോട്ട് ചെയ്തതെന്ന് പറയുന്നു. പിന്നീട് ബൂത്തില്‍ ക്യാമറ സ്ഥാപിച്ചു.
ജി.സുധീഷിന്റെ നിര്യാണത്തില്‍ ബിജെപി ജില്ലാ കമ്മറ്റി അനുശോചിച്ചു
കാസര്‍കോട്: ബിജെപി പ്രവര്‍ത്തകനും പനത്തടി പഞ്ചായത്ത് റാണിപുരം വാര്‍ഡിലെ വിവേകാനന്ദ വിദ്യാമന്ദിരം 2-ാം നമ്പര്‍ ബൂത്ത് ഏജന്റുമായ ജി. സുധീഷിന്റെ നിര്യാണത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
തെരെഞ്ഞെടുപ്പ് നടക്കുന്നതിനിടെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് പോളിംഗ് ബൂത്തിനു പുറത്തിറങ്ങിയ സുധീഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കിഴക്കേ വീട്ടിലെ ഗോവിന്ദന് നാരായണി ദമ്പതികളുടെ മകനാണ് സുധീഷ്. അനിത, സുനിത എന്നിവര്‍ സഹോദരങ്ങളാണ്.
മോഷണം: ആധുനിക മത്സ്യ മാര്‍ക്കറ്റ് ഉപേക്ഷിക്കാനൊരുങ്ങി തൊഴിലാളികള്‍
കാസര്‍കോട്: പ്രവര്‍ത്തനം തുടങ്ങിയ ആധുനിക മത്സ്യമാര്‍ക്കറ്റില്‍ കള്ളന്മാരെകൊണ്ട് തൊഴിലാളികള്‍ പൊറുതിമുട്ടുന്നു. ഇവിടെ നിന്ന് സാധനങ്ങള്‍ ദിവസവും കളവ് പോവുകയാണ്. മാര്‍ക്കറ്റിന്റെ ജനല്‍പാളി തകര്‍ത്താണ് കള്ളന്മാര് അകത്ത് കയറുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി കടപ്പുറം സ്വദേശികളായ കാര്‍ത്യായനി, പപ്പി എന്നിവരുടെ ഇരുപതിതായിരം രൂപ കവര്‍ച്ച ചെയ്തു. മാര്‍ക്കറ്റിനകത്ത് പ്രത്യേകം സൂക്ഷിച്ച കവറില്‍ നിന്നാണ് മോഷണം പോയത്. ഇതുസംബന്ധിച്ച് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും പൊലിസില്‍ പരാതിനല്കാന് തയ്യാറായില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. അശാസ്ത്രീയമായി കോടികള്‍ പണിത് നിര്‍മ്മിച്ച കെട്ടിടത്തിലാണ് കള്ളന്മാര് സദൈര്യം വിലസുന്നത്. തൊഴിലാളികള്‍ ഇരിക്കാന്‍ വാങ്ങിയ പത്തോളം സ്റ്റൂളുകളും നശിപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിലെ മൂന്ന് ഫാനുകളും മോഷണം പോയിട്ടുണ്ട്. ഐസില്‍ സൂക്ഷിക്കുന്ന മിക്ക മത്സ്യങ്ങളും കടത്തുന്നുണ്ട്. തുടര്‍ച്ചയായുള്ള മോഷണം കാരണം തൊഴിലാളികള്‍ മാര്‍ക്കറ്റ് ഉപേക്ഷിക്കാനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: