വലിയ പുരോഗമനവാദികളായി വേഷം കെട്ടിയാടുന്നവരാണ് ഭാരതത്തിലെ മാര്ക്സിസ്റ്റനുയായികള്. അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം, പൗരാവകാശം, മതസ്വാതന്ത്ര്യം, സ്ത്രീ ശാക്തീകരണം മുതലായ വിഷയങ്ങളെക്കുറിച്ചെല്ലാം ഘോരഘോരം പ്രസംഗിക്കുകയും കിടിലന്‍ ലേഖനങ്ങളെഴുതുകയും ചെയ്യുന്ന ഈ ബീഫേറിയന്മാര് മറ്റ് കോലാഹലങ്ങള്‍ സൃഷ്ടിക്കുന്നതിലും മുന്‍പന്തിയിലാണ്. പക്ഷേ കമ്മ്യൂണിസ്റ്റുകള്‍ അരിയിട്ടു വാഴ്ച നടത്തിയതും നടത്തുന്നതുമായ രാജ്യങ്ങള്ക്കുമുഴുവന് എല്ലാ മനുഷ്യാവകാശങ്ങളും നിര്‍ദ്ദയം അടിച്ചമര്‍ത്തിയ ചരിത്രവും വര്ത്തമാനകാലവുമാണുള്ളത്.
ഭാരതത്തില്‍ ഏറ്റവും പ്രചാരമുള്ളതുമായി ഗണിക്കപ്പെടുന്ന ഇംഗ്ലീഷ് ദിനപത്രത്തില്‍ ഒരു മനുഷ്യാവകാശ സംഘടനയുടേതായി 22-7-2015 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണുന്നു. ”നിരവധി ദശാബ്ദങ്ങള്‍ക്കുശേഷം മൃഗീയമായൊരു വേട്ട ചൈനീസ് ഭരണകൂടം രാജ്യത്തെ സിവില്‍ സൊസൈറ്റിക്കെതിരെ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. 9-7-2015 ല്‍ തുടങ്ങിയ ഈ വേട്ടയില്‍ 238 പേര് ഇതിനകം പിടിക്കപ്പെടുകയോ ചോദ്യം ചെയ്യപ്പെടുകയോ ഉണ്ടായി. ചുരുങ്ങിയത് ആറുപേരെ കാണാതായിരിക്കുന്നു.
ഇവരില്‍ ചിലര്‍ തടവിലാക്കപ്പെട്ടിരിക്കാം. പിടിക്കപ്പെട്ടാലുള്ള അവസ്ഥയോര്‍ത്ത് മറ്റുള്ളവര്‍ ഒളിവില്‍ പോയതാകാം. രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഒരു ക്രിസ്ത്യന്‍ സഭാ പ്രതിനിധിയും കാണാതായവരിലുണ്ട്. ഇവര്ക്കെന്തു സംഭവിച്ചിരിക്കുമെന്ന് പറയാനാകില്ലെന്ന് മായാവാങ്ങ് എന്ന മനുഷ്യാവകാശ പ്രവര്ത്തകന് അഭിപ്രായപ്പെടുന്നു. വാങ് യു എന്നുപേരുള്ള ഒരറ്റോര്ണിയുടെ അറസ്റ്റില്‍നിന്നാണ് പ്രശ്നത്തിന്റെ തുടക്കം. ഈ വര്‍ഷാരംഭത്തില്‍ പിടിയിലായ ഏതാനും രാഷ്ട്രീയ കുറ്റവാളികള്‍ക്കും സ്ത്രീപക്ഷവാദികള്‍ക്കും വേണ്ടി വാദിച്ചിരുന്നവനാണിദ്ദേഹം. സര്‍ക്കാര്‍ മാധ്യമമായ സിന്‍ഹുവാ ആരോപണങ്ങളെല്ലാം നിഷേധിക്കുന്നുണ്ടെങ്കിലും ചൈനീസ് നിരീക്ഷകനായ ഈവാ വില്‍സ് മൊഴിയുന്നത് മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും നിയമജ്ഞര്ക്കുമെല്ലാമെതിരായ കമ്യൂണിസ്റ്റ് ഭരണത്തിന്റെ നടപടികള്‍ ഇതുവരെ കാണാത്തവിധം ക്രൂരവും വിപുലവുമാണെന്നാണ്.”
ടീസ്റ്റ സെതല്വാദുമാര് ചൈനയിലാണ് ജനസേവന തട്ടിപ്പുകള്‍ നടത്തിയതെങ്കില്‍ ഭവിഷ്യത്തെത്താകുമായിരുന്നുവെന്നും ഇത്തരുണത്തില്‍ ചിന്തിക്കേണ്ടതാണ്. ഒരുവര്‍ഷം മുമ്പ് ഹോങ്കോങ്ങില്‍ ജനാധിപത്യാവകാശത്തിനുവേണ്ടി തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികള്‍ പ്രാണഭയം കാരണം സമരം പാതിവഴിയിലുപേക്ഷിച്ചത് നമുക്കറിയാം. അതുപോലെ മൂന്നുപതിറ്റാണ്ടുകള്‍ക്കുമുമ്പ് മൂവായിരത്തിലധികം യുവാക്കളെ പട്ടാളടാങ്കുകള്‍ കയറ്റിയരച്ചു കൊന്ന ടിയാനെന്‍ മെന്‍ ചത്വര സംഭവത്തെക്കുറിച്ച് ചൈനയിലെ പുതിയ തലമുറക്ക് തെല്ലും അറിവില്ലത്രെ. അത്രയ്ക്ക് ഭീകരതയോടും സൂക്ഷ്മതയോടുംകൂടി പൈശാചികമായ ഈ ചരിത്രത്തെ ജനങ്ങളുടെ സ്മൃതിയില്‍ നിന്നും ഭരണകൂടം മായ്ച്ചു കളഞ്ഞിരിക്കുന്നു.
മന്ത് മറുകാലിലാരോപിക്കാന് സമര്‍ത്ഥരായ നമ്മുടെ മാര്‍ക്സിസ്റ്റുകള്‍ മതന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലാത്തത് ഭാരതത്തിലാണെന്ന് കുപ്രചാരണം നടത്തിക്കൊണ്ടേയിരിക്കും. ഏഴു ദശാബ്ദങ്ങള്‍ക്കുള്ളില്‍ പത്തുകോടിയിലധികം ജനങ്ങളെ വകവരുത്തിയ പ്രത്യയശാസ്ത്രത്തില്‍ അഭിരമിക്കുന്നവര്‍ ‘ഹൈന്ദവ ഫാസിസം’ ഈ രാജ്യത്തെ വേട്ടയാടുകയാണെന്ന് സിദ്ധാന്തിക്കും. എന്നാല്‍ അടിയന്തരാവസ്ഥയുടെ കിരാത കാലഘട്ടത്തില്‍ എല്ലാ മനുഷ്യാവകാശങ്ങളും ചവുട്ടിമെതിക്കപ്പെട്ടപ്പോള്‍ പ്രതികരിക്കാന്‍ പാടേ മറന്നുപോയ ഈ ‘മനുഷ്യാവകാശവാദികള്‍’ ഹിമക്കരടികളെപ്പോലെ ദീര്ഘനിദ്രയിലാണ്ടുപോകുകയല്ലേ ചെയ്തത്? ചില വിപ്ലവാശയക്കാര്‍ ‘നാവടക്കൂ പണിയെടുക്കൂ’, ‘അടിയന്തരാവസ്ഥ നാടിന്റെ നന്മക്ക്’ തുടങ്ങിയ ഉശിരന്‍ മുദ്രാവാക്യങ്ങള്‍ ചമച്ച് കോണ്‍ഗ്രസ് തേര്‍വാഴ്ചയെ സൗന്ദര്യവല്ക്കരിക്കുകയുണ്ടായി.
ഫ്രഞ്ച് മാസികയായ ചാര്‍ലെ ഹെബ്ദോയുടെ ആസ്ഥാനത്ത് ഭീകരാക്രമണമുണ്ടായപ്പോള്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ‘ഇടതുപക്ഷ പുരോമനവാദി’ കുറ്റപ്പെടുത്തിയത് പ്രസ്തുത മാസിക ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അതിരുകടന്നുവെന്നാണ്. പക്ഷേ എത്ര അടിസ്ഥാനരഹിതവും ആഭാസകരവുമായിട്ടാണെങ്കിലും ഏതെങ്കിലും കുബുദ്ധി ഹിന്ദുത്വത്തെയോ അതിന്റെ ആരാധ്യപുരുഷരെയോ അധിക്ഷേപിച്ചാല്‍ മാര്‍ക്സിസ്റ്റു മാടമ്പിമാരവനെ വാനോളം പുകഴ്ത്തും, വേണ്ടാവൃത്തിക്ക് പൂര്‍ണ പിന്തുണയും നല്‍കും.
ഇറാഖിലെ ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന് ഒരു കമ്മ്യൂണിസ്റ്റ് വിരോധികൂടിയായിരുന്നു. പക്ഷേ അദ്ദേഹം വധിക്കപ്പെട്ടപ്പോള്‍ കേരളത്തിലെ സ്റ്റാലിനിസ്റ്റുകള്‍ നട്ടുച്ചക്കൊരു ഹര്‍ത്താല്‍ നടത്തി അമേരിക്കന്‍ സാമ്രാജ്യത്വത്തെ ‘വിറപ്പിച്ചു.’ എന്നാല്‍ കമ്യൂണിസ്റ്റുകാരനായിരുന്ന അഫ്ഗാന് ഭരണാധികാരി നജീബുള്ളയെ താലിബാന് തല്ലിക്കൊന്ന് കാബൂളിലെ തെരുവില്‍ കെട്ടിത്തൂക്കിയത് ഈ വിപ്ലവവീരന്മാര്‍ അറിഞ്ഞതേയില്ല. എന്തൊരു വര്‍ഗസ്നേഹം! ഇപ്പോള്‍ ഭാരതത്തില്‍ കോമണ്‍ സിവില്‍ കോഡ് വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കുകയാണല്ലൊ. പക്ഷേ സ്ത്രീശാക്തീകരണത്തിന്റെ വക്താക്കളായ സഖാക്കള്‍ ഇങ്ങനെയൊരു നിയമനിര്മാണത്തിനനുകൂലമായി ഒരക്ഷരം ഉരിയാടില്ല.
‘ഇംഗ്ലീഷ് ദേശാഭിമാനി’ ഇക്കാര്യത്തില്‍ ഇടതുപക്ഷ തനിനിറം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ”ഭാരത ഭരണഘടനയില്‍ മൗലികാവകാശങ്ങള്‍ക്കാണ് പ്രാധാന്യം, പൊതുസിവില്‍ നിയമപ്രശ്നം വരുന്നത് നിര്‍ദ്ദേശക തത്വങ്ങളിലാണ്, നിര്‍ദ്ദേശക തത്വങ്ങള്‍ നടപ്പാക്കല്‍ നിര്‍ബന്ധമല്ലാത്ത ഉപദേശങ്ങളാണ്. എന്നാല്‍ മതസ്വാതന്ത്ര്യം മൗലികാവകാശവും” എന്നിങ്ങനെ പോകുന്നു ഈ ജിഹ്വയുടെ പരോക്ഷമായ ബോധവല്‍ക്കരണം. 1955 ല്‍ ഹിന്ദു കോഡ് പാസ്സാക്കുമ്പോള്‍ ഇതേ ഭരണഘടനയല്ലേ നമുക്കുണ്ടായിരുന്നത്? ഹിന്ദുക്കളുടെ വ്യക്തിനിയമങ്ങളെ അസാധുവാക്കിയ പ്രസ്തുത നിയമനിര്‍മാണം കോമണ്‍ സിവില്‍കോഡിന്റെ ആദ്യപടിയാണെന്ന് ‘രാഷ്ട്ര ശില്‍പ്പി’ അന്ന് പാര്‍ലമെന്റില്‍ പ്രസ്താവിക്കുകയും ചെയ്തു.
എന്നിട്ടെന്തുണ്ടായി? മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഖുറാന് അവരുടെ ശ്രുതിയും ശരിയത്ത് (വ്യക്തിനിയമം) സ്മൃതിയുമാണ്. അതായത് ശ്രുതി ഒരു മതത്തിന്റെ മൗലികമായ ഭാഗവും സ്മൃതി നിര്ദ്ദേശകതത്വങ്ങളുമാണെന്ന് ചുരുക്കം. ദി ഹിന്ദു പത്രത്തിലെ മനീഷികള്‍ക്ക് ഈ ലളിത സത്യം അറിയാം, എന്നിട്ടും ബോധപൂര്‍വം ആശയക്കുഴപ്പം സൃഷ്ടിച്ച് വായനക്കാരെ സൃഷ്ടിപരമായ ഒരു നിയമനിര്‍മാണത്തിനെതിരെ അണിനിരത്തുകയാണ് ഈ പത്രം ചെയ്യുന്നത്. ഇതാണ് ലക്ഷണമൊത്ത മാര്‍ക്സിയന്‍ കാപട്യം.
ഹമാസ് ഭീകരവാദ സംഘടനയാണെന്ന് അറബികള്‍ അംഗീകരിച്ചാലും നമ്മുടെ സഖാക്കളത് വകവെക്കില്ല. ഇവരുടെ ദൃഷ്ടിയില് ഇസ്രായേലികള്‍ അക്രമകാരിയും ഹമാസ് അഹിംസാവാദികളുമാണ്. ഏറ്റവും ഒടുവിലായി ഇസ്ലാമിക ഭീകരത മുസ്ലിങ്ങളെ തന്നെ വേട്ടയാടുന്ന കാഴ്ച നാം കാണുന്നു. ദുരന്തപൂര്‍ണമായ വലിയൊരഭയാര്ത്ഥിപ്രവാഹവും ഇതു സൃഷ്ടിച്ചിട്ടുണ്ട്. അയിലന്‍ ബാഗ്ദാദിയെന്ന മൂന്നുവയസ്സുകാരന്റെ പ്രജ്ഞയറ്റ ശരീരത്തിന്റെ ദൃശ്യം മനസ്സില്‍നിന്നും മായുന്നില്ല. ഈ പശ്ചാത്തലത്തില്‍ ‘ഐഎസ്’ ഇസ്ലാമല്ല എന്ന പോസ്റ്ററുകള്‍ ജമാഅത്തെ ഇസ്ലാമിക്കാരും മറ്റും നാടുനീളെ പതിച്ചിട്ടുണ്ട്.
പക്ഷേ അല്‍ഖ്വയ്ദ, താലിബാന്, ബോക്കോഹറാം, ലഷ്ക്കറെ തൊയ്ബ, ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്നിങ്ങനെയുള്ള അസംഖ്യം ഭീകരസംഘടനകളില്‍ ഒന്നുമാത്രമാണല്ലൊ ‘ഐഎസ്.’ ആ നിലക്ക് മറ്റു സംഘടനകള്‍ ഇസ്ലാമികമാണോ എന്നാരും ഇതുപോലെ വ്യക്തമാക്കിക്കാണുന്നില്ല. ജമാഅത്തെ ഇസ്ലാമിക്കാര്‍ നെഞ്ചേറ്റി നടക്കുന്ന മൗദൂദിയന്‍ ആശയമാണോ യഥാര്‍ത്ഥ ഇസ്ലാം എന്നും തിരിച്ചറിയാനാകുന്നില്ല. കാരണം 1970കളില്‍ പാക്കിസ്ഥാന് പട്ടാളവും ജമാഅത്തെ ഇസ്ലാമിയും ചേര്‍ന്ന് ബംഗ്ലാദേശിലെ ഹിന്ദുക്കളെ വംശഹത്യ നടത്തുകയായിരുന്നുവെന്നും അമേരിക്കന്‍ ഭരണവര്‍ഗം ഈ വസ്തുത അറിഞ്ഞിട്ടും മൗനം പാലിച്ചപ്പോള്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഭാരതീയരില്‍നിന്നും വിവരം മറച്ചുവയ്ക്കുകയാണുണ്ടായതെന്നും ഗാരി ജെ.ബാസ്സ് എഴുതിയ ”ദി ബ്ലഡ് ടെലഗ്രാം-എ ഫോര്‍ഗോട്ടണ്‍ ജെനോ സൈഡ്” എന്ന പുസ്തകത്തില്‍ (2013) പറഞ്ഞിട്ടുണ്ട്.
കൂടാതെ ഹമീദ് ചേന്നമംഗലൂരിന്റെ ”ദൈവത്തിന്റെ രാഷ്ട്രീയം” എന്ന കൃതിയും ജമാഅത്തെ ഇസ്ലാമിയെ നമുക്ക് നന്നായി പരിചയപ്പെടുത്തുന്നു. പക്ഷേ രാപ്പകല്‍ ‘ഹിന്ദുവര്‍ഗീയത’യെ പ്രതിരോധിക്കാന്‍ തിണ്ണമിടുക്കുകാണിക്കുന്ന മാര്‍ക്സിസ്റ്റുകള്‍ ഇസ്ലാമിന്റെ പേരിലെ ഭീകരതയെക്കുറിച്ച് ഒരക്ഷരം ഉരിയാടുകയോ ഒരു വരിയും എഴുതുകയോ ചെയ്യുന്നില്ല.
ഭാരതത്തിന്റെ നന്മക്കുവേണ്ടി നിലകൊള്ളുന്നു എന്ന നാട്യക്കാരാണല്ലൊ ഇവര്‍. ഭാരതവും അമേരിക്കയും ജപ്പാനും ചേര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ നടത്തിയ നാവികാഭ്യാസത്തെ മാര്‍ക്സിസ്റ്റു തിരുമേനിമാര് ശക്തമായി അപലപിച്ചു.
ചൈനയെ വലയം ചെയ്യാനും ക്ഷയിപ്പിക്കാനുമാണത്രെ ഈ നടപടി. പക്ഷേ ചൈനയല്ലേ പാക്കിസ്ഥാനെ നമുക്കെതിരായി ഇപ്പോഴും സഹായിക്കുന്നത്? ബ്രഹ്മപുത്രാ നദിയില്‍ പടുകൂറ്റന്‍ ഒരണക്കെട്ട് ഇതേ ചൈന നിര്‍മിച്ചു കഴിഞ്ഞു. അനുബന്ധമായി രണ്ടോ മൂന്നോ എണ്ണം കൂടി നിര്മിക്കപ്പെടുന്നുമുണ്ട്. നമ്മുടെ കുടിവെള്ളം മുട്ടിക്കാനും സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ ഇവിടെ പ്രളയം സൃഷ്ടിക്കാനും കഴിയുന്ന ഈ നിര്‍മിതികള്‍ ഭാരതത്തിന് കടുത്ത ഭീഷണിയാണ്. പക്ഷേ മാര്ക്സിസ്റ്റുകള്ക്കിത് വിഷയമല്ല. ചൈനക്ക് ഭാരതം ‘ഭീഷണി’യാകുന്നതാണ് പ്രതിഷേധാര്‍ഹം! മൂന്ന് ശതമാനത്തോളം ജനങ്ങള്‍ ഇപ്പോഴുമിവിടെ ഈ പാര്‍ട്ടിയെ പിന്തുണക്കുന്നത് വലിയ വിരോധാഭാസം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: