അടിമാലി: വോട്ട് മറിച്ചെന്നാരോപിച്ച് കൊന്നത്തടി പാറത്തോട് ടൗണില്‍ സിപിഎം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. മുന്‍ പഞ്ചായത്ത് മെമ്പറിന് പരിക്കേറ്റു. പാറത്തോട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും മുന്‍ മെമ്പറുമായ വക്കച്ചന്‍ തോമസിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പാറത്തോട് മുന്‍ പഞ്ചായത്ത് മെമ്പറായ സനലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വക്കച്ചനെ ആക്രമിച്ചത്. ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് ടൗണില്‍ സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പരസ്പരം രണ്ട് തവണ എറ്റുമുട്ടിയത്. മുനിയറ ഡിവിഷനില്‍ നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവിന് വക്കച്ചന്‍ വോട്ട് മറിച്ചുവിറ്റു എന്നാരോപിച്ചാണ് ആക്രമണം നടന്നത്. കോഴവിവാദത്തെതുടര്‍ന്ന് വക്കച്ചനെ 6 വര്‍ഷത്തേക്ക് അയോഗ്യനാക്കിയിരുന്നു. ഇതുമറച്ച് വെച്ച് ഇയാള്‍ മുനിയറ സൗത്തില്‍ മത്സരിക്കാന്‍ നാമനിര്‍ദേശം നല്‍കിയിരുന്നു. ബിജെപി നേതൃത്വം ഇടപ്പെട്ടാണ് സത്യം പുറത്തെത്തിച്ചത്. പഞ്ചായത്ത് മെമ്പറായിരുന്ന കാലത്ത് റോഡ് പണിക്കിടെ അഴിമതി നടത്തിയതിനാണ് വക്കച്ചനെ അയോഗ്യനാക്കിയത്. പാര്‍ട്ടിക്കുള്ളിലെ ഇത്തരം പ്രശ്‌നങ്ങളാണ് ചേരിതിരിഞ്ഞുള്ള സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തിനിടെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ കാറില്‍ ഓടിക്കയറിയാണ് വക്കച്ചന്‍ തടിതപ്പിയത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ രാത്രി വൈകിയും തുടരുകയാണ്. സ്ഥലത്ത് സിഐയുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സന്നഹമാണ് എത്തിയിരിക്കുന്നത്.
















