കൊച്ചി: ഹോസ്റ്റലില്‍നിന്ന് കേടായ ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ ഭക്ഷണം നിഷേധിച്ചു. പെണ്‍കുട്ടികള്‍ പ്രതിഷേധവുമായി പുറത്തിറങ്ങിയതോടെ പൊലീസെത്തി ഹോസ്റ്റല്‍ അധികൃതരുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിച്ചു.
കലൂര്‍ ദേശാഭിമാനി ജങ്ഷനു സമീപത്തെ മോണിക്ക ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്കാണ് ദുരനുഭവം. ഞായറാഴ്ച ഉച്ചയ്‌ക്ക് ഹോസ്റ്റലില്‍ വിതരണംചെയ്ത കേടായ ഭക്ഷണം കഴിച്ചവര്‍ക്ക് ഛര്‍ദിയും വയറിളക്കവും പിടിപെട്ടിരുന്നു. ആറുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കേടായ ഭക്ഷണം വിതരണംചെയ്തതിനെ താമസക്കാര്‍ ചോദ്യംചെയ്തതതോടെ തിങ്കളാഴ്ച ഭക്ഷണം നിഷേധിക്കുകയായിരുന്നു. വാര്‍ഡനോട് ചോദിച്ചെങ്കിലും ഉടമയുടെ നിര്‍ദേശമില്ലാതെ ഭക്ഷണം നല്‍കാനാവില്ലെന്ന് അറിയിച്ചതായും താമസക്കാര്‍ പറഞ്ഞു. പ്രതിഷേധവുമായി കുട്ടികള്‍ പുറത്തിറങ്ങിയതോടെ വിവരമറിഞ്ഞ് നോര്‍ത്ത് എസ്‌ഐ എസ് സനലിന്റെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തി.
ഹോസ്റ്റല്‍ അധികൃതരുമായി താമസക്കാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ പൊലീസ് ഭക്ഷണശാലയും പരിശോധിച്ചു. താമസക്കാരിലെ മൂന്നുപേരും ഉടമയും ഹോസ്റ്റല്‍ വാര്‍ഡനും പൊലീസില്‍നിന്ന് ഒരാളും ഉള്‍പ്പെടുന്ന ഹോസ്റ്റല്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. രണ്ടാഴ്ചയിലൊരിക്കല്‍ ഹോസ്റ്റല്‍ പ്രവര്‍ത്തനം കമ്മിറ്റി പരിശോധിക്കുമെന്നും എസ്‌ഐ സനല്‍ അറിയിച്ചു. പ്രതിഷേധിച്ചവരുള്‍പ്പെടെ ഹോസ്റ്റലിലെ താമസക്കാര്‍ക്ക് സംഭവത്തിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാകരുതെന്നും പൊലീസ് നിര്‍ദേശിച്ചു. എന്നാല്‍ മുറികളില്‍ കൊണ്ടുപോയി കഴിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഭക്ഷണഹാളിനു പുറത്ത് ഭക്ഷണം കൊണ്ടുപോകുന്നത് അനുവദിക്കില്ലെന്നും ഹോസ്റ്റല്‍ നടത്തിപ്പുകാരനായ ബെന്നി പറഞ്ഞു. 85 പേരാണ് ഹോസ്റ്റലില്‍ താമസിക്കുന്നത്. ഭക്ഷണമുള്‍പ്പെടെ 10,000 രൂപമുതലാണ് മുറിവാടക. ആളുകളുടെ എണ്ണമനുസരിച്ച് ഒരാളില്‍നിന്ന് 4,000 രൂപമുതല്‍ മുകളിലേക്കാണ് പ്രതിമാസം ഈടാക്കുന്നത്. മോശം ഭക്ഷണം വിതരണംചെയ്യുന്നത് പതിവാണെന്നും പലപ്പോഴും പരാതിപ്പെട്ടിട്ടും പരിഹാരമില്ലാതെ വന്നതോടെയാണ് പ്രതിഷേധവുമായി പുറത്തിറങ്ങിയതെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: