കൊച്ചി: ഡിവിഷനുകളിലെ അടിസ്ഥാന പ്രശ്‌നങ്ങളിലൂന്നി നടത്തിയ പ്രചാരണത്തിലൂടെ വോട്ടര്‍മാരുമായി സ്ഥാപിച്ച വ്യക്തിബന്ധങ്ങളുടെ സംതൃപ്തിയിലും ആത്മവിശ്വാസത്തിലും ബിജെപി സ്ഥാനാര്‍ഥികള്‍ കലാശക്കൊട്ടിലേക്ക്. ഇത്രയും ആത്മവിശ്വാസത്തോടെ ബിജെപി സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഇതാദ്യം. പ്രചാരണത്തിലെ മേല്‍ക്കൈ വോട്ടായി മാറുമെന്ന് സ്ഥാനാര്‍ഥികള്‍ക്ക് ഉറപ്പ്. ത്രികോണ മത്സരത്തിലെ മൂന്നാം കക്ഷി എന്ന പതിവു രീതി മാറി ബിജെപിയും മറ്റൊരു മുന്നണിയുമെന്ന നിലയിലേക്ക് തെരഞ്ഞെടുപ്പ് പോരാട്ടം മാറിയിരിക്കുന്നു.
മൂന്നുവട്ടം ജനങ്ങളെ നേരില്‍ക്കണ്ട് വോട്ടുറപ്പിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് 19-ാം ഡിവിഷന്‍ പള്ളുരുത്തി കച്ചേരിപ്പടിയിലെ ബിജെപി സ്ഥാനാര്‍ഥി പി. ബി. സുജിത്ത്. പല ടേമുകളിലായി ഇറക്കുമതി സ്ഥാനാര്‍ഥികളാണ് ഈ ഡിവിഷനില്‍ മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ സ്വന്തം ഡിവിഷന്‍കാരനായ സുജിത്തിനെ ഏറെ ആവേശത്തോടെയാണ് ജനങ്ങള്‍ സ്വീകരിക്കുന്നത്. റഡിഡന്റ്‌സ് അസോസി യേഷന്റെയും എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റിന്റെയും പ്രസിഡന്റ് കൂടിയാണെന്നത് സുജിത്തിന്റെ സാധ്യതകള്‍ക്ക് കൂടുതല്‍ കരുത്തേകുന്നു. കോര്‍ണര്‍ മീറ്റിംഗുകളും കുടുംബയോഗങ്ങളും റോഡ് ഷോയുമായി സുജിത്തിന്റെ പ്രചാരണം വന്‍മുന്നേറ്റം നടത്തിക്കഴിഞ്ഞു.
16-ാം ഡിവിഷന്‍ ഇടക്കൊച്ചി സൗത്തില്‍ ബിജെപി സ്ഥാനാര്‍ഥി സോമജ കാര്‍ത്തികേയന്‍ മൂന്നുവട്ടം വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടു തേടി. എസ്എന്‍ഡിപിയുടെയും ധീവരസഭയുടെയും പിന്തുണയും ബിജെപി സ്ഥാനാര്‍ഥിക്കുണ്ട്. കുടുംബയോഗങ്ങളും റോഡ് ഷോയും നടത്തി പ്രചാരണം കൊഴുപ്പിച്ച സോമജ കുടിവെള്ളം, കാന, റോഡ് തുടങ്ങിയ പ്രശ്‌നങ്ങളുന്നയിച്ചാണ് വോട്ട് തേടിയത്. ശക്തി പ്രകടനത്തോടെയാണ് പ്രചാരണത്തിന് സമാപനം.
കാല്‍ നൂറ്റാണ്ടായി പൊതുരംഗത്ത് സജീവമായ കെ. കെ. റോഷന്‍കുമാര്‍ 18-ാം ഡിവിഷന്‍ കോണത്ത് വിജയം ഉറപ്പാക്കുന്ന പ്രചാരണമാണ് നടത്തിയത്. കോര്‍പ്പറേഷനില്‍ വികസനത്തില്‍ ഏറ്റവും പിന്നോക്കമായ ഡിവിഷന്‍ ശക്തമായി മാറ്റം ആഗ്രഹിക്കുന്നുവെന്ന് മനസ്സിലായെന്ന് റോഷന്‍കുമാര്‍ പറഞ്ഞു. കുടുംബയോഗങ്ങളും മറ്റുമായി പ്രചാരണം സമഗ്രമായി തന്നെ പൂര്‍ത്തിയാക്കി ധീവരസഭയും എസ്എന്‍ഡിപിയും മറ്റ് പിന്നോക്ക സമുദായങ്ങളും റോഷന്‍കുമാറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തി പ്രകടനത്തോടെ കൊട്ടിക്കലാശം. നാലു റൗണ്ട് ജനങ്ങളെ നേരില്‍ക്കണ്ട് വോട്ടുറപ്പാക്കിയതിന്റെ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ് അഞ്ചാം ഡിവിഷന്‍ മട്ടാഞ്ചേരിയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ആര്‍. എസ്. ശ്രീകുമാര്‍. സ്ലിപ്പ് വിതരണം പോലും ഇതിനകം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ചിട്ടയായ പ്രവര്‍ത്തനമാണ് ഇവിടെ നടന്നത്. മുസ്ലിം ലീഗിലെ ആഭ്യന്തര പ്രശ്‌നം ശ്രീകുമാറിന്റെ വിജയത്തിന് കൂടുതല്‍ സാധ്യത നല്‍കുന്നു.
സാമൂഹ്യ പ്രവര്‍ത്തന രംഗത്തെ മികവ് തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് 74-ാം ഡിവിഷന്‍ തട്ടാഴത്തെ ബിജെപി സ്ഥാനാര്‍ഥി ജിഷ ടീച്ചര്‍. ബൂത്തു തിരിച്ച് പ്രത്യേക സ്‌ക്വാഡുകളായി നടത്തിയ പ്രചാരണം ഏറെ ഫലം കണ്ടുവെന്നാണ് ജിഷ ടീച്ചറുടെ വിലയിരുത്തല്‍. ധീവരസഭയുടെയും അമൃത സ്വാശ്രയ സംഘത്തിന്റേയും സജീവ പ്രവര്‍ത്തകയായ ജിഷ ടീച്ചര്‍ക്ക് എസ്എന്‍ഡിപിയുടെ പിന്തുണയുമുണ്ട്. എസ്എന്‍ഡിപി ടീച്ചര്‍ക്ക് പ്രത്യേക സ്വീകരണം നല്‍കുകയും പ്രചാരണം നടത്തുകയുമുണ്ടായി. ടീം-74 കൂട്ടായ്‌മയും ടീച്ചര്‍ക്ക് ഏറെ സ്വാധീനം നേടികൊടുക്കുന്നു. ഡിവിഷന്റെ വികസനത്തിനൊപ്പം കൗണ്‍സിലിലെ വിവരങ്ങള്‍ ടീം-74 ന്റെ നോട്ടീസ് ബോര്‍ഡുകളില്‍ യഥാസമയം പ്രസിദ്ധീകരിക്കുമെന്ന ജിഷ ടീച്ചറിന്റെ വാഗ്ദാനത്തിന് വന്‍ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ അംഗീകാരമായി ഭൂരിപക്ഷം കൂടുമെന്ന ഉറച്ച വിശ്വാസത്തിലാണ് 66-ാം ഡിവിഷന്‍ എറണാകുളം സെന്‍ട്രലിലെ ബി.ജെ.പി. സ്ഥാനാര്‍ഥി സുധ ദിലീപ്കുമാര്‍. അഞ്ചുവര്‍ഷം ഡിവിഷനിലെ ജനങ്ങളുടെ ഏത് കാര്യത്തിനും സുധ ഒപ്പമുണ്ടായിരുന്നു. നിരവധി അര്‍ഹരായവര്‍ക്ക് ക്ഷേമ പെന്‍ഷനുകള്‍ ലഭ്യമാക്കി. റാലികളും കോര്‍ണര്‍ യോഗങ്ങളുമൊക്കെയായും ജനങ്ങളെ നേരില്‍ക്കണ്ടും മൂന്ന് റൗണ്ട് പ്രചാരണം സുധ പൂര്‍ത്തിയാക്കി.
യുഡിഎഫ്-എല്‍ഡിഎഫ് അഡ്ജസ്റ്റമെന്റ് രാഷ്‌ട്രീയത്തിനെതിരായ ജനങ്ങളുടെ അമര്‍ഷം തനിക്ക് അനുകൂല വോട്ടായി മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് 73-ാം ഡിവിഷന്‍ പച്ചാളത്തെ ബിജെപി സ്ഥാനാര്‍ഥി അബിജു സുരേഷ്. പദയാത്രയും കുടുംബയോഗങ്ങളും ഒക്കെയായി അബിജു ഇതിനകം മൂന്ന് റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കി. 32 വികസന പരിപാടിയുമായി പ്രത്യേക അജണ്ട തന്നെ അബിജു ജനങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എസ്എന്‍ഡിപിയും കുഡുംബി സമുദായവും പിന്തുണ പ്രഖ്യാപിച്ചത് അബിജുവിന്റെ സാധ്യതകള്‍ക്ക് പലമടങ്ങ് കരുത്താകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: