എടത്വ: തലവടി ഗ്രാമപഞ്ചായത്തില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരം. ഇടതിനും വലതിനും ഭീഷണിയായി ബിജെപിയുടെ പോരാട്ടം. പതിനഞ്ചു വാര്‍ഡുകളിലും ബിജെപി കടുത്ത മത്സരമാണ് കാഴ്ചവയ്‌ക്കുന്നത്. പന്ത്രണ്ടു വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളും മൂന്നിടത്ത് എന്‍ഡിഎ സ്വതന്ത്രസ്ഥാനാര്‍ത്ഥികളുമാണ് മത്സരരംഗത്തുള്ളത്.
സിപിഎമ്മിലെ രൂക്ഷമായ വിഭാഗീയതയും കോണ്‍ഗ്രസിലെ ഗ്രൂപ്പിസവും ബിജെപിയുടെ മുന്നേറ്റത്തിന് ഗുണകരമായിരിക്കുകയാണ്. സിപിഎമ്മില്‍ വിഎസ് പക്ഷം ശക്തമായ പോരാട്ടം നടത്തുന്ന പ്രദേശംകൂടിയാണിത്. ചില സ്ഥലങ്ങളില്‍ വിഎസ് പക്ഷക്കാരെ വെട്ടിനിരത്തി ഔദ്യോഗിക പക്ഷക്കാരെ സ്ഥാനാര്‍ത്ഥികളാക്കിയതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിലെ അവസ്ഥയും മറ്റൊന്നല്ല. തൊഴിലുറപ്പു തൊഴിലാളികളെപ്പോലും തെറ്റിദ്ധരിപ്പിച്ച് പ്രചാരണരംഗത്തിറക്കിയാണ് സിപിഎം പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നത്. പഞ്ചായത്തിലെ വികസന മുരടിപ്പാണ് ബിജെപി പ്രചരണരംഗത്ത് സജീവമായി ഉന്നയിക്കുന്നത്. കുടിവെള്ള പ്രശ്‌നമാണ് പഞ്ചായത്ത് നേരിടുന്ന പ്രധാന വെല്ലുവിളി. കിലോമീറ്ററുകള്‍ താണ്ടിയാണ് ഇവിടെയുള്ളവര്‍ കുടിവെള്ളം ശേഖരിക്കുന്നത്. ഇതിനു പരിഹാരം കാണാന്‍ ഇതുവരെ ഇരുമുന്നണികള്‍ക്കും കഴിഞ്ഞിട്ടില്ല. അതിനിടെ ബിജെപി മുന്നേറ്റം അട്ടിമറിക്കാന്‍ പലവാര്‍ഡുകളിലും സിപിഎമ്മും കോണ്‍ഗ്രസും അവിശുദ്ധ സഖ്യത്തിലേര്‍പ്പെട്ടുകഴിഞ്ഞു. ഇതിനായി വീടുകള്‍ കയറിയിറങ്ങിയുള്ള കുപ്രചരണവും ഇരുമുന്നണികളും തുടങ്ങി.
















