കാഞ്ഞങ്ങാട്: യുഡിഎഫ് ഭരിക്കുന്ന കള്ളാര്‍ പഞ്ചായത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആനുകൂല്യ വിതരണത്തിന് ശ്രമം. ആനുകൂല്യ വിതരണത്തിനായി ഉപഭോക്താക്കളെ കണ്ടെത്താന്‍ ഗ്രാമസഭയില്‍ നല്കിയ അപേക്ഷയില്‍ മുന്‍ഗണനാ ലിസ്റ്റില്‍ ക്രിത്രിമം കാട്ടിയാണ് ആനുകൂല്യം നല്കാന് മോണിറ്ററിംഗ് കമ്മറ്റി തീരുമാനം. അര്‍ഹയായ ഗുണഭോക്താവിന് ലഭിക്കാതെ വന്നപ്പോള്‍ വിവരാവാകാശ നിയമപ്രകാരം രേഖകള്‍ കൈപ്പറ്റിയപ്പോഴാണ് വാര്‍ഡംഗം സ്വന്തക്കാര്‍ക്ക് വേണ്ടി ഗ്രാമസഭകളില്‍ നടത്തുന്ന തട്ടിപ്പ് പുറത്തായത്. ലിസ്റ്റില്‍ ക്രിത്രിമം കാട്ടി ആനുകൂല്യം വേണ്ടപ്പെട്ടവര്‍ക്ക് നല്കി രാഷ്ട്രീയം കളിച്ച പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരെ ഉപഭോക്താവ് കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
കള്ളാര്‍ പഞ്ചായത്തിലെ 13 ാം വാര്‍ഡിലെ ഗ്രാമസഭയിലാണ് ഉദ്യോഗസ്ഥര്‍ തട്ടിപ്പ് നടത്തിയത്. 2015-16 വര്‍ഷത്തെ ജനകീയാസൂത്രണം പദ്ധതിയില്‍ വാര്‍ഡിലെ രണ്ട് വനിതകളില്‍ നിന്ന് കറവ പശുവിനെ വാങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചിരുന്നു. ആറുപേരാണ് കറവ പശുവിനായി ഗ്രാമസഭയില്‍ അപേക്ഷ സമര്‍പ്പിച്ചത്. സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയില്‍ നല്കിയ മാര്‍ക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് കാണിച്ച് ഉപഭോക്താവായ കൊട്ടോടിയിലെ അടുക്കാടുക്കം വിജയകുമാരിയാണ് കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്.
പരമ്പരാഗതമായ കന്നുകാലി വളര്‍ത്തല്‍, സൊസൈറ്റിയില്‍ പാല് അളക്കുന്നവര്‍, വാര്‍ഷിക വരുമാനം 50000 രൂപയില്‍ താഴെ എന്നിവയാണ് മുന്‍ഗണനാ മാനദണ്ഡങ്ങള്‍. എന്നാല്‍ നല്കിയ അപേക്ഷയില്‍ ഇതൊന്നും ഇല്ല എന്ന് രേഖപ്പെടുത്തിയ അപേക്ഷകയ്ക്കാണ് ആനുകൂല്യം നല്‍കിയിട്ടുള്ളത്. അപേക്ഷകയ്ക്ക് ഇവ ഉള്ളതായി കാണിച്ച് മോണിറ്ററിംഗ് കമ്മറ്റി മാര്‍ക്കും നല്‍കിയിട്ടുണ്ട്. മുന്‍ഗണനാ മാനദണ്ഡങ്ങള്‍ ഉള്ളയാള്‍ക്ക് 50 മാര്‍ക്കും ഇല്ലാത്തയാള്‍ക്ക് 60 മാര്‍ക്കുമാണ് നല്‍കിയിട്ടുള്ളത്. അതേ സമയം രണ്ടാം സ്ഥാനത്തുള്ള രണ്ടുപേരില്‍ നിന്ന് ഒരാളെ തെരഞ്ഞെടുത്തത് ഏതു മാനദണ്ഡം വെച്ചാണെന്നും വ്യക്തമല്ല.
ഇത്തരത്തില്‍ കള്ളാര്‍ പഞ്ചായത്തില്‍ നടക്കുന്ന പല ഗ്രാമസഭകളിലും വേണ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യം നല്കാന് മാനദണ്ഡങ്ങള്‍ തെറ്റിക്കുന്നതായി നേരത്തെ വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: