
മൂന്നാര്‍: കഴിഞ്ഞ ദിവസം കൂപ്പിലുണ്ടായ തര്‍ക്കം അടിപിടിയിലെത്തുകയും ഒരാള്‍ മരിക്കാനിടയായതുമായ സംഭവത്തിലെ മൂന്ന് പ്രതികള്‍ പിടിയില്‍. കെഡിഎച്ച്പി മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനിലെ ദാസ് എന്ന് വിളിപ്പേരുള്ള രാജ്കുമാര്‍ (29) ചിറ്റുവാര സൗത്ത് ഡിവിഷന്‍ സ്വദേശി രാജാ (29) മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷന്‍ സ്വദേശി രാമര്‍ (25) എന്നിവരാണ് പിടിയിലായിട്ടുള്ളത്. ഇതില്‍ രാജാ സംഘര്‍ഷത്തില്‍ പരിക്കേറ്റതു കാരണം ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തിലാണ്. തിങ്കളാഴ്ച ഉച്ചയ്‌ക്ക് മൂന്നു മണിയാക്കായിരുന്നു കേസിനാസ്പദമായ സംഭവം. മാട്ടുപ്പെട്ടി ആര്‍ ആന്റ് ഡി ഡിവിഷനിലുള്ള കൂപ്പിലാണ് സംഭവം നടന്നത്. കൂപ്പില്‍ വിറകു കയറ്റുന്നതുമായി ബന്ധപ്പെട്ടുള്ള കരാറിലെ അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. മരിച്ച മുനിയസ്വാമിയും കൂപ്പില്‍ സബ് കോണ്‍ട്രാക്ടറായിരുന്നു. അറസ്റ്റിലായ രാജ്കുമാര്‍ മറ്റൊരു കരാറുകാരനാണ്. വിറക് കയറ്റി ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വാക്കുതര്‍ക്കം കൈയ്യേറ്റത്തിലെത്തുകയും രണ്ടു സംഘമായി തിരിഞ്ഞ് ഏറ്റുമുട്ടുകയുമായിരുന്നു. ഏറ്റുമുട്ടലിനിടയില്‍ ഉരുളന്‍ കട്ടയെടുത്ത് അടിക്കുകയും. തലയ്‌ക്കു പിന്നില്‍ ശക്തമായ അടിയേറ്റ് മുനിയസ്വാമി കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടന്‍ തന്നെ മുനിയസ്വാമിയെ കൂടെയുണ്ടായിരുന്ന ആസാമീസുകാരായ തൊഴിലാളികളാണ് ആശുപത്രിയിലെത്തിച്ചത്. ടാറ്റാ ടീ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാള്‍ മരിച്ചിരുന്നു. പ്രതിയെന്നു കരുതുന്ന ഒരാള്‍ കൂടി വലയിലായതായി സൂചനയുണ്ട്. മൂന്നാര്‍ സിഐ യുടെ നേതൃത്യത്തിലുള്ള സംഘത്തിനാണ് അന്വേഷണത്തിന്റെ ചുമതല.
















