പൂനെ: ജയിക്കുമോ ബ്ലാസ്‌റ്റേഴ്‌സ് ഇന്നെങ്കിലും. തുടര്‍ച്ചയായ മൂന്ന് പരാജയങ്ങളുടെ നടുക്കത്തില്‍ ഇന്ന് ബ്ലാസ്‌റ്റേഴ്‌സ് പൂനെ സിറ്റി എഫ്‌സിക്കെതിരെ ഇറങ്ങുന്നു. പൂനെയിലെ ബാലെവാഡി സ്‌റ്റേഡിയത്തില്‍ രാത്രി 7ന് കിക്കോഫ്.
കൊച്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ 3-1 വിജയവും രണ്ടാം കളിയില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഗോള്‍രഹിത സമനിലയും നേടിയതൊഴിച്ചാല്‍ പിന്നീട് കേരളത്തിന്റെ സ്വന്തം കൊമ്പന്മാര്‍ ഐഎസ്എല്‍ രണ്ടാം പതിപ്പില്‍ ഇതുവരെ പച്ചതൊട്ടിട്ടില്ല. അതിനൊരു മാറ്റമാണ് ഇന്ന് കോച്ച് പീറ്റര്‍ ടെയ്‌ലറും ടീം അംഗങ്ങളും ആഗ്രഹിക്കുന്നത്. തുടര്‍ച്ചയായ മൂന്ന് പരാജയങ്ങക്കൊടുവിലാണ് ഇന്നത്തെ നിര്‍ണായക പോരാട്ടം.
അത്‌ലറ്റികോ കൊല്‍ക്കത്തക്കെതിരെ കൊല്‍ക്കത്തയില്‍ 2-1ന്റെ പരാജയം. കൊച്ചിയില്‍ ദല്‍ഹി ഡൈനാമോസിനെതിരെ 62,000ത്തിലേറെ കാണികളെ സാക്ഷിനിര്‍ത്തി 1-0ന്റെ പരാജയം. ഒടുവില്‍ ഗോവ എഫ്‌സിക്കെതിരെ ഒരു ഗോളിന് മുന്നിട്ടുനിന്നശേഷം ഫട്ടോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ 2-1ന്റെ പരാജയം. ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകരെ തൃപ്തിപ്പെടുത്താനെങ്കിലും ഇന്ന് ഒരു വിജയം. അതാണ് ടീമിന്റെ ലക്ഷ്യം. നിലവില്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലാണ് ബ്ലാസ്‌റ്റേഴ്‌സ്.
മുന്‍മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി മധ്യനിര ഗോവക്കെതിരെ മികച്ച പ്രകടനം നടത്തി. എന്നാല്‍ ഇൗ കളിയില്‍ മുഹമ്മദ് റാഫി ഒരു ഗോള്‍ നേടി തന്റെ പ്രതിഭ നിലനിര്‍ത്തിയെങ്കിലും ആദ്യ ഇലവനില്‍ ഇടംപിടിച്ച സാഞ്ചസ് വാട്ട് അവസരങ്ങള്‍ തുലച്ചുകളയുന്നത് തലയില്‍ കൈവച്ചാണ് ആരാധകര്‍ കണ്ടുനിന്നത്. അര്‍ദ്ധാവസരം പോലും ഗോളാക്കുക എന്നതാണ് സ്‌ട്രൈക്കര്‍മാരുടെ ജോലിയെങ്കിലും അത് മറക്കുന്ന പ്രകടനമാണ് കൊമ്പന്മാരുടെ മുന്‍നിര താരങ്ങള്‍ നടത്തുന്നത്.
കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകള്‍ വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് നേടിയത് അഞ്ച് ഗോളുകള്‍ മാത്രം. കഴിഞ്ഞ ഗോവക്കെതിരായ മത്സരത്തില്‍ മനോഹരമായ ഒരു ഹെഡ്ഡറിലൂടെ ഗോള്‍ നേടി ടീമിന് ലീഡ് സമ്മാനിച്ച മുഹമ്മദ് റാഫി ഇന്ന് കളിക്കുമോ എന്ന കാര്യം ഉറപ്പില്ല. മത്സരത്തിനിടെ പരിക്കേറ്റതാണ് റാഫിയുടെ കാര്യം സംശയത്തിലാക്കിയിരിക്കുന്നത്. ഈ മത്സരത്തിന്റെ 74-ാം മിനിറ്റില്‍ പരിക്കേറ്റ റാഫിയെ തിരിച്ചുവിളിച്ച് വിനീതിനെ ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറക്കുകയായിരുന്നു.
കഴിഞ്ഞ അഞ്ച് കളികളിലും അണിനിരന്ന 5-3-2 ശൈലി തന്നെയായിരിക്കും ബ്ലാസ്‌റ്റേഴ്‌സ് ഇന്നും അവലംബിക്കുക. എന്നാല്‍ ഈ ശൈലി ആദ്യ മത്സരത്തിലൊഴികെ വേണ്ട രീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനില്‍ വന്‍ അഴിച്ചുപണി നടത്തുന്ന പീറ്റര്‍ ടെയ്‌ലര്‍ ഇന്നും ഏറെ മാറ്റങ്ങള്‍ വരുത്താനാണ് സാധ്യത. അങ്ങനെ വന്നാല്‍ പരിക്കേറ്റ റാഫിക്ക് പകരം സാഞ്ചസ് വാട്ടിനൊപ്പം ക്രിസ് ഡഗ്നല്‍ ആദ്യ ഇലവനില്‍ ഇടംപിടിക്കാന്‍ സാധ്യതയുണ്ട്.
പ്രതിരോധത്തില്‍ സന്ദേശ് ജിംഗാന്‍, പീറ്റര്‍ റാമേജ്, മാര്‍ക്കസ് വില്യംസ്, സൗമിക് ഡേ, രാഹുല്‍ ബെക്കെ എന്നിവര്‍ മികച്ചു നില്‍ക്കുന്നുണ്ട്. മധ്യനിരയില്‍ ഇന്ന് കാര്‍ലോസ് മര്‍ച്ചേന കളിച്ചേക്കും. പ്ലേമേക്കര്‍മാരായ ജോസു കുരായിസും വിക്ടര്‍ ഹെരേരയും മെഹ്താബ് ഹുസൈനും വിനീതും കാവിന്‍ ലോബോയും ജോവോ കോയിമ്പ്രയുമെല്ലാം മികച്ച താരങ്ങളാണ്. ഇവരില്‍ നിന്ന് മധ്യനിരയെ തെരഞ്ഞെടുക്കുക എന്നതാണ് പീറ്റര്‍ ടെയ്‌റലുടെ വെല്ലുവിളി. വിംഗുകളിലൂടെയുള്ള ആക്രമണങ്ങള്‍ക്കൊപ്പം മധ്യനിര ശോഭിക്കുകയും സ്‌ട്രൈക്കര്‍മാര്‍ ലക്ഷ്യം തെറ്റാതെ നിറയൊഴിക്കുകയും ചെയ്താല്‍ ഇന്ന് പൂനെക്കെതിരെ വിജയത്തോടെ തിരിച്ചുവരവാം. മറിച്ചായാല്‍ തുടര്‍ച്ചയായ നാലാം പരാജയം ഏറ്റുവാങ്ങുകയും ചെയ്യാം.
കഴിഞ്ഞ ദിവസം ചെന്നൈയിന്‍ എഫ്‌സിയോട് പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാനുറച്ചായിരിക്കും പൂനെ സിറ്റി ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഇറങ്ങുക. കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ വിജയിച്ച് ഒമ്പതുപോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള പൂനെക്ക് ഇന്ന് ജയിച്ചാല്‍ 12 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറാം. മുംബൈ സിറ്റി, നോര്‍ത്ത് ഈസ്റ്റ്, അത്‌ലറ്റികോ കൊല്‍ക്കത്ത എന്നീ ടീമുകളെ പരാജയപ്പെടുത്തിയ അവര്‍ ദല്‍ഹി ഡൈനാമോസിനോടും കഴിഞ്ഞ ദിവസം ചെന്നൈയിന്‍ എഫ്‌സിയോടുമാണ് പരാജയപ്പെട്ടത്.
ഐവറി കോസ്റ്റ് താരം ദിദിയര്‍ സകോറ നയിക്കുന്ന ടീമിന്റെ കരുത്ത് സ്‌ട്രൈക്കര്‍മാരാണ്. തുര്‍ക്കി താരം ടുന്‍കെ സാന്‍ലി, നൈജീരിയന്‍ താരം കാലു ഉച്ചെ, ഡച്ച് താരം വെസ്ലി വെര്‍ഹോക്ക്, റുമാനിയന്‍ സൂപ്പതാരം അഡ്രിയാന്‍ മുട്ടു, കോസ്റ്ററിക്ക് താരം യെന്‍ഡ്രിക് റ്യുയിസ് എന്നിവരുള്‍പ്പെട്ടെ താരനിര ബ്ലാസ്‌റ്റേഴ്‌സിനേക്കാള്‍ കരുത്തര്‍ തന്നെയാണ്. സകോറ നയിക്കുന്ന മധ്യനിരയില്‍ ഇംഗ്ലീഷ് താരം ജെയിംസ് ബെയ്‌ലി, മലയാളി താരം സുശാന്ത് മാത്യു, ജാക്കിചന്ദ്, ലിങ്‌ദോ, ലെനി റോഡ്രിഗസ്, ഫനായി ലാല്‍റെംപുനിയ എന്നിവരും ഉള്‍പ്പെടുന്നു.
ഇംഗ്ലണ്ട് താരങ്ങളായ നിക്കി ഷിറോയ്, റോജര്‍ ജോണ്‍സണ്‍ എന്നിവര്‍ക്കൊപ്പം ധര്‍മ്മരാജ് രാവണ്‍, ഗുര്‍മാംഗി സിങ്, മനീഷ് മെയ്‌ത്താനി എന്നിവരും മികച്ച താരങ്ങളാണ്. എന്തായാലും അതിജീവിനത്തിനായി കേരള ബ്ലാസ്‌റ്റേഴ്‌സും വിജയവഴിയില്‍ തിരിച്ചെത്താന്‍ സ്വന്തം തട്ടകത്തില്‍ പൂനെ സിറ്റിയും ഇറങ്ങുന്നതോടെ ആവേശകരമായ പോരാട്ടത്തിനായിരിക്കും ശിവ്ഛത്രപതി ശിവാജ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സാക്ഷ്യം വഹിക്കുക.
















