കൊളംബോ: ഇരു ടീമുകള്‍ക്കും ജയപ്രതീക്ഷ നിലനില്‍ക്കുന്ന ശ്രീലങ്ക-വെസ്റ്റിന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിവസം മഴ കളി മുടക്കി. രാവിലെ മുതല്‍ മഴ പെയ്തതോടെ സാറ ഓവലില്‍ ഒരു പന്തു പോലും എറിയാനായില്ല. ഉച്ചയോടെ മഴ ശമിച്ചെങ്കിലും ഗ്രൗണ്ട് മത്സരസജ്ജമാകാത്തതിനാല്‍ മത്സരം ഉപേക്ഷിച്ചു.
മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 244 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന വിന്‍ഡീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 20 റണ്‍സില്‍. ഒരു ദിവസവും ഒമ്പത് വിക്കറ്റും കൈയിലിരിക്കെ ജയിക്കാന്‍ 224 റണ്‍സ് കൂടി വേണം വിന്‍ഡീസിന്. ആദ്യ ടെസ്റ്റ് ജയിച്ച ലങ്ക രണ്ടു മത്സര പരമ്പരയില്‍ മുന്നില്‍.
















