ന്യൂദല്‍ഹി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ഒന്നാമിന്നിങ്‌സ് ലീഡിനായി സര്‍വീസസ് പൊരുതുന്നു. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സില്‍ സര്‍വീസസ്. ഒരു ദിവസവും മൂന്ന് വിക്കറ്റും അവശേഷിക്കെ 41 റണ്‍സ് കൂടി വേണം കേരളത്തിനൊപ്പമെത്താന്‍. സ്‌കോര്‍: കേരളം – 322, സര്‍വീസസ് – 281/7.
വിക്കറ്റ് പോകാതെ 66 എന്ന നിലയില്‍ ഇന്നലെ ഇന്നിങ്‌സ് തുടങ്ങിയ സര്‍വീസസിനെ വേഗത്തില്‍ റണ്‍ കണ്ടെത്താന്‍ കേരള ബൗളര്‍മാര്‍ അനുവദിച്ചില്ല. ഓപ്പണര്‍ അന്‍ഷുല്‍ ഗുപ്തയുടെയും (68), രവി ചന്ദ്രന്റെയും (56) അര്‍ധശതകങ്ങളാണ് സര്‍വീസിനെ കാത്തത്. വികാസ് ഹത്‌വാല (45), സൗമിക് ചാറ്റര്‍ജി (42) എന്നിവരും പിന്തുണ നല്‍കി. മുസാഫറുദ്ദീന്‍ കാലിദും (28), റൗഷാന്‍ രാജും (മൂന്ന്) ക്രീസില്‍. കേരളത്തിനായി കെ.എസ്. മോനിഷ് മൂന്നു വിക്കറ്റെടുത്തു. രോഹന്‍ പ്രേമിന് രണ്ടും, സന്ദീപ് വാര്യര്‍, മനുകൃഷ്ണന്‍ എന്നിവര്‍ക്ക് ഓരോന്നും വിക്കറ്റ്.
















