പ്രാകൃതകമ്യൂണിസത്തില്‍ നിന്നും ശാസ്ത്രീയ സോഷ്യലിസത്തിലേക്കുള്ള മാനവ സമൂഹത്തിന്റെ പരിണാമ പ്രക്രിയയില്‍ സംഭവിക്കാവുന്ന വ്യത്യസ്ത പരിവര്‍ത്തന ഘട്ടങ്ങളെ കുറിച്ചും വിപ്ലവപ്രവര്‍ത്തനങ്ങളെക്കുറിച്ചും കമ്യൂണിസ്റ്റ് താത്വികനായ കാറല്‍മാക്സ് വിശദീകരിച്ചിട്ടുണ്ട്. ഉള്ളവനും ഇല്ലാത്തവനും എന്ന ദ്വിവര്‍ഗ സിദ്ധാന്തവും ഉള്ളവനെ ഇല്ലായ്മചെയ്ത് ഇല്ലാത്തവന് ഉള്ളവനായി മാറുകയും അതിനായുള്ള വിപ്ലവവുമെല്ലാം വിശദീകരിക്കുന്ന മാര്‍ക്സിസം കമ്യൂണിസ്റ്റ് കാഴ്ചപ്പാടിലുള്ള സാമൂഹ്യവ്യവസ്ഥയും സ്ത്രീപുരുഷ ബന്ധം, ലൈംഗികത, സ്വത്തവകാശം, മിച്ചമൂല്യം, സാഹിത്യം-കല ഇത്യാദി മനുഷ്യബന്ധിതമായതെല്ലാം ചര്‍ച്ചചെയ്യുന്നുണ്ട്. എന്നാല്‍ ഒരിടത്തും പോത്ത് വിപ്ലവത്തെക്കുറിച്ച് പറയുന്നതായി അറിയില്ല.
1920 കള്‍ക്ക് ശേഷമാണ് ഭാരതത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊള്ളുന്നത്. കുറെയധികം ചര്‍ച്ചകള്‍ക്ക് ശേഷമാണത്രെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അവര്‍ പേരിടുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്)രുശ(ാ). ഇന്ത്യയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് പറയുമ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകമായ ചില പരിപാടികള്‍ വേണമല്ലോ. പ്രത്യേകിച്ചും ഒരു വിപ്ലവപാര്ട്ടിയാകുമ്പോള്. കാലത്തെ അതിജീവിച്ച് മുന്നോട്ട് പോകാന്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വൈവിധ്യമാര്‍ന്ന സമര പരിപാടികളില്‍ ഒന്നാണ് പോത്ത് സമരം.
ഇല്ലാത്തവരെ സംഘടിപ്പിച്ച് അധികാരം പിടിച്ചെടുക്കാന്‍ ലോകത്തിന്റെ നാനാദിക്കിലും വിപ്ലവമുന്നേറ്റങ്ങള്‍ നടത്തിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്ത്യന്‍ മാതൃക തികച്ചും വ്യത്യസ്തമാണ്. കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പടെ വര്‍ഗബഹുജന സംഘടനകളെയെല്ലാം അണിനിരത്തി തൊഴിലാളി വര്‍ഗ സര്‍വാധിപത്യത്തിന്റെ ഇന്ത്യന്‍ പാതതെളിക്കാന്‍ പുന്നപ്ര-വയലാറിലെ വാരിക്കുന്തങ്ങള്‍ക്ക് പകരം വയ്ക്കാന്‍ ഇന്നത്തെ കാലത്തെ ഏറ്റവും നല്ല ആയുധമാണത്രെ പോത്ത്.
നാല്ക്കാലികളുടെ വര്‍ഗത്തില്‍ പോത്ത് വ്യത്യസ്തമായ ഒരു ജീവിയാണ്. പശു, കാള,മൂരി, ആട്, എന്നിങ്ങനെ കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട നാല്ക്കാലി വിഭാഗത്തില്‍പ്പെട്ടതാണെങ്കിലും പോത്ത് പൊതുവെ ഒരു നിര്‍ഗുണ പരബ്രഹ്മമാണ്. കുറെ എന്തെങ്കിലും തിന്നുക, കുറെ എന്തെങ്കിലും പണിയെടുക്കുക, വെള്ളത്തിലോ, ചെളിയിലോ കിടക്കുക എന്നതൊഴിച്ചാല്‍ പോത്തുകള്‍ക്ക് പ്രത്യേകിച്ച് മറ്റുവികാരങ്ങളൊന്നുമില്ല. കട്ടിയുള്ള തോലായതുകൊണ്ട് അടി എത്ര കിട്ടിയാലും അതേറ്റുവാങ്ങാന്‍ അതിന് മടിയുമില്ല. കഴുത്തില്‍ കുരുക്കിട്ട കയറും പിടിച്ച് ആര് മുന്നില്‍ നടന്നാലും അത് പിറകെ പോകും.
നാം കഴിക്കുന്ന ആഹാരം നമ്മുടെ ശരീരത്തെയെന്നപോലെ മനസ്സിനേയും സ്വാധീനിക്കുന്നുണ്ടെന്നാണല്ലോ ശാസ്ത്രമതം. ശാസ്ത്രീയ സോഷ്യലിസം നടപ്പാക്കാനുള്ള ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ ജീവിതാഭിലാഷത്തില് സഖാക്കളുടെ ഭക്ഷണത്തെ ശാസ്ത്രീയമാക്കുക എന്ന ചിന്ത തെറ്റാണെന്ന് എങ്ങനെപറയാനാകും. നെഹ്രുവിന് ശേഷം ഇഎംഎസ് എന്ന് മുദ്രാവാക്യം മുഴക്കിയ ഒരുകാലമുണ്ടായിരുന്നു പാര്‍ട്ടിക്ക്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ 45 ഓളം എംപിമാര്‍ ഒറ്റയ്ക്കുണ്ടായിരുന്നു പാര്‍ട്ടി. ബംഗാള്‍, കേരളം, ത്രിപുര എന്നിവിടങ്ങളില്‍ ഭരണം. മറ്റ് നിരവധി സംസ്ഥാനങ്ങളില്‍ നിയമസഭാ അംഗങ്ങള്‍ ഇങ്ങനെയുള്ള പാര്‍ട്ടി ഇപ്പോള്‍ വളര്‍ന്ന് വളര്‍ന്ന് അതിന്റെ വര്‍ഗ-ബന്ധുജനാടിത്തറ വര്‍ദ്ധിപ്പിച്ച് അവസാനം ഇന്ത്യന്‍ പാര്‍ലമെന്റില്‍ പത്തില്‍ താഴെ അംഗങ്ങളായി കഴിയുകയാണ്. കേരളത്തിലും പശ്ചിമ ബംഗാളിലും ഇനി ഒരിക്കലും ഭരണത്തില്‍ കയറാന്‍ കഴിയില്ലെന്നുറപ്പായി. ത്രിപുരയില്‍ അധികാരം നിലനിര്‍ത്താന്‍ നിയമസഭാ മന്ദിരത്തിനകത്ത് ദുര്‍മന്ത്രവാദം നടത്തുകയാണ് മാണിക് സര്‍ക്കാര്‍! ദേശീയ പാര്‍ട്ടി എന്ന പദവി നിലനില്ക്കുന്നതാകട്ടെ വര്‍ഗീയ ഫാസിസ്റ്റ് പാര്‍ട്ടിയെന്ന് നാഴികയ്ക്ക് നാല്പതുവട്ടം ആക്ഷേപിക്കുന്ന ബിജെപിയുടെ ഔദാര്യത്തിലും.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വമ്പിച്ച മാറ്റങ്ങളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ആഗോളതലത്തില്‍ തന്നെ രാജ്യത്തിന്റെ യശസ് ഉയര്‍ന്നിരിക്കുന്നു. മുഴുവന്‍ ഭാരതീയരും വിശിഷ്യാ യുവതി-യുവാക്കളില്‍, വിദ്യാര്‍ത്ഥികളില്‍ അളവറ്റ അഭിമാനവും ദേശീയ ഉണര്‍വും സംജാതമായിരിക്കുന്നു. അവര്‍ കൂട്ടത്തോടെ മോദിക്കൊപ്പം അണിനിരക്കുകയാണ്. ഭാരതത്തില്‍ ഇനി കൂട്ടുകക്ഷി ഭരണം മാത്രമേ സാധ്യമാകൂ എന്ന രാഷ്ട്രീയ നിരീക്ഷണങ്ങളെ തകിടം മറിച്ച് ഏകകക്ഷി ഭരണത്തിലേക്ക് ഭാരതത്തില്‍ പുതിയ ജനാധിപത്യ പാത വെട്ടിത്തെളിച്ചെടുത്ത മോദി എന്ന ദേശീയ ഇച്ഛാശക്തിക്കുമുന്നില്‍ ഭാരതം ഒന്നടങ്കം നമിച്ചു നില്‍ക്കുകയാണ്. ഇന്നത്തെ ഭാരത രാഷ്ട്രീയ സാഹചര്യത്തെ വിലയിരുത്തുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന ഒരു വസ്തുതയുണ്ട്. മോദി സര്‍ക്കാര്‍ കേവലം അഞ്ച് വര്‍ഷത്തേക്കുള്ള ഒരു സംവിധാനമല്ല.
സ്ഥിരതയും തുടര്‍ച്ചയുമുള്ള ഒരു ഭരണ യാഥാര്‍ത്ഥ്യമായിരിക്കും അത്. ഈ തിരിച്ചറിവ് ലഭിച്ച ഒട്ടനവധി പാര്‍ട്ടിയംഗങ്ങള്‍ കേരളത്തിലെമ്പാടും പാര്‍ട്ടിയോട് ലാല്‍സലാം ചൊല്ലി ബിജെപിയില്‍ ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. അവശേഷിക്കുന്ന പാര്‍ട്ടി സഖാക്കളെ പിടിച്ചു നിര്‍ത്താനുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ തലതിരിഞ്ഞ ബുദ്ധിയാണ് ഈ പോത്ത് തീറ്റ.
പോത്ത് തിന്ന് പാര്‍ട്ടിക്ക് മൊത്തത്തിലൊരു പോത്ത് ബുദ്ധിയായതിന്റെ തെളിവുകള്‍ ഈ അടുത്തകാലത്ത് നടന്ന പല സംഭവങ്ങളിലൂടെ പാര്‍ട്ടി സഖാക്കള്‍ തെളിയിച്ചതാണല്ലോ?.സോളാര്‍തട്ടിപ്പില്‍ ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് പിടിച്ച് താഴെയിറക്കിയതിന് ശേഷമേ തിരിച്ച് വീട്ടിലേക്കുള്ളു എന്ന് പ്രതിജ്ഞ ചെയ്താണ് സഖാക്കള്‍ സെക്രട്ടറിയേറ്റ് വളയല്‍ സമരത്തിന് പോയത്.
സമരസഖാക്കള്‍ക്കായി പാര്‍ട്ടി കുറ്റമറ്റ സംവിധാനങ്ങളാണ് ഒരുക്കിയത്. തലസ്ഥാന നഗരിയുടെ പല ഭാഗങ്ങളിലും വിശ്രമമന്ദിരങ്ങള്‍, താമസ സൗകര്യങ്ങള്‍, പുഴുക്ക് മുതല്‍ പോത്ത് ബിരിയാണി വരെ സമൃദ്ധമായ ഭക്ഷണം. ഒന്ന് മാത്രം ശ്രദ്ധിച്ചില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന ആയിരക്കണക്കിന് സമര ഭടന്മാര് മൂക്കറ്റം ഭക്ഷണം കഴിച്ച് കിടന്നുറങ്ങുമ്പോള്‍ അവരില്‍ ദഹന പ്രക്രിയ നടക്കുമെന്നും ആവശ്യമില്ലാത്തതെല്ലാം പിറ്റേന്ന് പുറത്തേക്ക് പോകേണ്ടതാണെന്നും അതിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കേണ്ടതാണെന്നുമുള്ള ചിന്ത സാക്ഷാല്‍ പിണറായി തൊട്ട് തോമസ് ഐസക് വരെ ഒരാള്‍ക്കും വന്നില്ല. അതാണ് പോത്ത് ബുദ്ധി. പാര്‍ട്ടിയുടെ പോത്ത് ബുദ്ധി പ്രയോഗിക്കപ്പെട്ട രണ്ടാം സമരമായിരുന്നു ചുംബന സമരം. കോഴിക്കോട്ടും കൊച്ചിയിലും ഏതാനും ഞരമ്പുരോഗികള്‍ പ്രഖ്യാപിച്ച ചുംബനാഭാസത്തിന് സ്വാതന്ത്ര്യവും സോഷ്യലിസവും ജനാധിപത്യവും ആലേഖനം ചെയ്ത ശുഭ്രപതാകയേന്തി യൂത്ത് സഖാക്കള്‍ പിന്തുണ നല്കി.
തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും അഴിമതിക്കുമെല്ലാം എതിരെ ഒരുകാലത്ത് സമരം നയിച്ച യുവസഖാക്കള്‍ പോത്ത് തീറ്റ ആരംഭിച്ചപ്പോള്‍ സമരം പാര്‍ട്ടിയുടെ ‘അന്തിമ’ ലക്ഷ്യമായ ചുംബനത്തിന് വേണ്ടിയായി. നാളിതുവരെയായി നാം കാത്തിരുന്ന ചുംബനം നടന്നിട്ടില്ല. പക്ഷേ, അതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. സഖാവ് അച്ചുതാനന്ദനും സഖാവ് പിണറായിയും തമ്മിലുള്ള ചുംബനം. പോളിറ്റ് ബ്യൂറോ രണ്ട് സ്ഥലങ്ങളില്‍ കുറ്റിയടിച്ച് മൂക്ക് കയറിട്ട് കെട്ടിയിട്ടുണ്ടെങ്കിലും രണ്ടും വാല് പൊക്കിക്കഴിഞ്ഞു. മുക്രയിട്ട് തുടങ്ങി.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോത്ത്ബുദ്ധിയില് നിന്നുദിച്ച മൂന്നാമത്തെ സംരംഭമാണ് ‘അക്ഷരാര്ത്ഥ’ത്തില്‍ ലക്ഷണമൊത്ത പോത്ത് നേതൃനിരയില്‍ കണ്ണൂരില്‍ നടത്തിയ ഓണാഘോഷ -ശ്രീകൃഷ്ണജയന്തിയെന്ന ലേബലില്‍ നടത്തിയ കുരിശിലേറ്റല്‍ പരിപാടി. ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ചും കഴുത്തില്‍ കയറിട്ട് വലിച്ചും പാര്‍ട്ടി സഖാക്കള്‍ തിമിര്‍ത്തപ്പോള്‍ കേരളം മൊത്തം വിലയിരുത്തി ഇത് പോത്തുകളേയും നാണിപ്പിക്കുന്നതെന്ന്.
സധാരണ സഖാക്കള്‍ പോത്ത് തീറ്റ നടത്തുമ്പോള്‍ ഇടതുപക്ഷ സഹയാത്രികരായ സാഹിത്യനായകര്ക്കെങ്ങനെ മാറിനില്ക്കാന് കഴിയും. ഇക്കാലമത്രയും പാര്‍ട്ടിയിടപെട്ട് സംഘടിപ്പിച്ചു നല്കിയ പുരസ്കാരങ്ങള്‍ അവര്‍ തിരിച്ചു നല്‍കുകയാണ്. നരേന്ദ്രമോദി ഭക്ഷണസ്വാതന്ത്ര്യം നിഷേധിക്കുകയാണത്രേ. ഭാരതത്തില്‍ ചില സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചതും കര്‍ണാടകയില്‍ എഴുത്തുകാരനായ കല്‍ബുര്‍ഗി കൊല്ലപ്പെട്ടതുമാണ് പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കി പ്രതിഷേധിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. എനിക്ക് അധികാരം കിട്ടിയാല്‍ ഞാന്‍ ആദ്യം ചെയ്യുക ഗോവധ നിരോധനം നടപ്പാക്കുകയായിരിക്കും എന്ന് പറഞ്ഞത് മഹാത്മാഗാന്ധിയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ സുപ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളില്‍ ഒന്നാണ് ഗോവധനിരോധനം. ഭാരതത്തില്‍ ആദ്യമായി ഗോവധ നിരോധനം കൊണ്ടുവന്നത് കോണ്‍ഗ്രസ് സര്‍ക്കാരുകളാണ്. ഇതൊന്നും അറിയുകയോ മനസ്സിലാക്കുകയോ ചെയ്യാതെ നരേന്ദ്രമോദിയോട് പ്രതിഷേധിക്കുന്നതില്‍ ഔചിത്യമെന്ത്?.
കന്നടസാഹിത്യകാരന്‍ കല്‍ബുര്‍ഗിയുടെ കൊലപാതകത്തിനുത്തരവാദി കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരാണ്. നിരവധി തവണ ഭീഷണിയുണ്ടായിട്ടും അദ്ദേഹത്തിന് വേണ്ടത്ര സംരക്ഷണം കൊടുക്കാതെ നിരുത്തരവദാപരമായി പെരുമാറിയ കര്‍ണാടക സര്‍ക്കാര്‍ കൊലപാതകികളെ പിടിച്ചു നിയമത്തിന് മുന്നില്‍ കൊണ്ടുവരട്ടെ. കൊലപാതകികളെ സമൂഹമധ്യത്തില്‍ തുറന്ന് കാണിക്കട്ടെ. ഇതില്‍ നരേന്ദ്രമോദി സര്‍ക്കാരിനെന്താണ് പങ്ക്. കിട്ടിയ അവാര്‍ഡുകള്‍ തിരിച്ചേല്പ്പിക്കുന്ന സാഹിത്യകാരന്മാര് ഇതിനുത്തരം പറയാന്‍ ബാധ്യസ്ഥരല്ലേ? അവാര്‍ഡുകള്‍ തിരിച്ചു നല്കിയവര് അവാര്‍ഡുനേടിയ പുസ്തകങ്ങള്‍ വിറ്റഴിച്ച് കിട്ടിയ പണം തിരിച്ചുനല്‍കുമോ?. ഇല്ല, നെറികെട്ട ഈ നാലാംകിട സാഹിത്യകാരന്മാരുടെ ചെയ്തികളെ ലോകം പുച്ഛിച്ചുതള്ളുകയാണ്. അതിന്റെ തെളിവാണ് തസ്ലീമ നസ്രിംമിന്റെ പ്രതികരണം.
എന്തായാലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരള ജനത കുറേയേറെ വിപ്ലവ പോത്തുകളെ ആട്ടിത്തെളിച്ച് പടിക്ക് പുറത്താക്കും. കേന്ദ്രസാഹിത്യ അക്കാദമിയില്‍ നിന്നും ഈ ഗണത്തില്‍പ്പെട്ട എത്രപേര്‍ പുറംകണ്ടം ചാടുമെന്ന് കണക്കാക്കാനിരിക്കുന്നതേയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: