ചെന്നൈ: 248 ദിവസവും 13 ഇന്നിങ്‌സിനും ശേഷമാണ് വിരാട് കോഹ്‌ലി ഏകദിന ക്രിക്കറ്റില്‍ മൂന്നക്കം തികയ്‌ക്കുന്നത്. കരിയറിലെ 23ാം സെഞ്ചുറി ചെപ്പോക്കില്‍ കുറിച്ചപ്പോള്‍ അത് മറ്റൊരു നാഴികക്കല്ലു കൂടിയായി. ഏകദിന ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യാക്കാരന്‍ എന്ന ബഹുമതി. മുന്‍ നായകന്‍ സൗരവ് ഗാംഗുലിയെയാണ് വിരാട് മറികടന്നത്. ഇന്ത്യാക്കാരില്‍ ഇനി മുന്നിലുള്ളത് 49 സെഞ്ചുറിയുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രം. 165ാമത്തെ മത്സരത്തില്‍ 157ാം ഇന്നിങ്‌സില്‍ വിരാടിന്റെ ഈ നേട്ടം.
കുമാര്‍ സംഗക്കാര (25), സനത് ജയസൂര്യ (28), റിക്കി പോണ്ടിങ് (30) എന്നിവരും വിരാടിനേക്കാള്‍ മുന്നില്‍. അതേസമയം, ചെന്നൈയില്‍ സെഞ്ചുറി കുറിച്ച എ.ബി. ഡിവില്ലേഴ്‌സ് വിരാടിനു തൊട്ടുപിന്നില്‍. 22ാം ശതകമാണ് ഡിവില്ലേഴ്‌സ് നേടിയത്. സെഞ്ചുറികളുടെ എണ്ണം മറികടക്കാന്‍ വിരാടും വില്ലിയും തമ്മിലാകും ഇനി മത്സരം.
















