ന്യൂദല്‍ഹി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സര്‍വീസസിനെതിരെ കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍. രോഹന്‍ പ്രേമിന്റെ സെഞ്ചുറിയുടെ (101) പിന്‍ബലത്തില്‍ 322 റണ്‍സെടുത്തു കേരളം. ആദ്യ ഇന്നിങ്‌സ് തുടങ്ങിയ സര്‍വീസസ് രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 66 റണ്‍സില്‍. പത്ത് വിക്കറ്റ് കൈയിലിരിക്കെ കേരളത്തിനൊപ്പെത്താന്‍ 256 റണ്‍സ് കൂടി വേണം സര്‍വീസസിന്. സ്‌കോര്‍: കേരളം – 322, സര്‍വീസസ് – 66/0.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന്റെ നെടുംതൂണായത് രോഹന്‍. 267 പന്ത് നേരിട്ട് ഏഴു ഫോറും രണ്ട് സിക്‌സറുമുള്‍പ്പെടെ രോഹന്റെ ഇന്നിങ്‌സ്. ഓപ്പണര്‍ വി.എ. ജഗദീഷ് (59), സച്ചിന്‍ ബേബി (51) എന്നിവര്‍ അര്‍ധശതകം നേടി. സഞ്ജു വി. സാംസണ്‍ (28), അക്ഷയ് കോടോത്ത് (21) എന്നിവരും സംഭാവന നല്‍കി. സര്‍വീസസിനായി രജത് പലിവാല്‍ മൂന്നും, മസാഫറുദ്ദീന്‍ ഖാലിദ്, ദിവേഷ് പഥാനിയ എന്നിവര്‍ രണ്ടു വീതവും വിക്കറ്റെടുത്തു. അന്‍ഷുല്‍ ഗുപ്ത (33), നായകന്‍ സൗമിക് ചാറ്റര്‍ജി (28) എന്നിവര്‍ ക്രീസില്‍.
















