ലക്ക്‌നൗ: തന്നെ പീഡിപ്പിച്ചയാളുടെ മകന്റെ തലയറുത്തു പതിമുന്നൂകാരി പ്രതികാരം ചെയ്തു. ഉത്തര്‍പ്രദേശിലെ അലിഗഢ് ജില്ലയിലെ ഖൈറിലാണ് ഞെട്ടിക്കുന്ന സംഭവം. റിങ്കു എന്നയാളുടെ അഞ്ചുവയസ്സുകാരനായ മകന്‍ അമിത്താണ് പെണ്‍കുട്ടിയുടെ ക്രൂര പ്രതികാരത്തിനിരയായത്.
വീടിനു പുറത്തു കളിക്കുകയായിരുന്ന അമിത്തിനെ ഒറ്റപ്പെട്ട സ്ഥലത്തു കൊണ്ടുപോയി പെണ്‍കുട്ടി തലയറുക്കുകയായിരുന്നുവെന്ന് ഖൈര്‍ പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ രജ്‌വീര്‍ സിങ് അറിയിച്ചു. ക്രൂരമായ പ്രതികാരത്തിന് ശേഷം കുട്ടിയുടെ മൃതദേഹത്തില്‍ കല്ലുവച്ച് ഇടിക്കുകയും പോളിത്തീന്‍ ബാഗില്‍ ചുറ്റി തീവയ്‌ക്കുകയും ചെയ്തു. പിറ്റേന്ന് നായ്‌ക്കള്‍ പകുതിവെന്ത ശരീരം കടിച്ചെടുത്തു വന്നപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.
അമിത്തിനെ പെണ്‍കുട്ടിക്കൊപ്പമാണ് കണ്ടതെന്ന മാതാപിതാക്കളുടെ മൊഴിയില്‍ പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ അമിത്തിന്റെ പിതാവ് തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. നേരത്തെ റിങ്കുവിനെതിരെ പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
















