ന്യൂദല്‍ഹി : ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാന നഗരമായ അമരാവതിയുടെ ശിലാസ്ഥാപന കര്‍മ്മം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി് നിര്‍വ്വഹിക്കും. സിംഗപ്പൂര്‍ സര്‍ക്കാരിന്റെ സഹായത്തോടെ 217 ചതുരശ്ര കിലോമീറ്ററില്‍ ലോകനിലവാരത്തിലാണ് ആന്ധ്രയുടെ പുതിയ തലസ്ഥാനം നിര്‍മ്മിക്കുന്നത്. അമരാവതിയോട് ചേര്‍ന്ന് 2,00,000 കോടി രൂപ മുതല്‍ മുടക്കില്‍ പുതിയ കാര്‍ഷിക മേഖലയും ഒരുക്കുന്നുണ്ട്.
13 ജില്ലകളില്‍ നിന്നായി ഒരു കിലോ മണ്ണും ഒരു ലിറ്റര്‍ വെള്ളവും കൊണ്ടുവന്ന് കൃഷ്ണ നദിയുടെ തീരത്ത് ഒരുക്കിയിട്ടുള്ള ഭീമന്‍ സ്‌റ്റേജില്‍ തളിച്ചാണ് അമരാവതിയുടെ ശിലാസ്ഥാപനം കര്‍മ്മം നടക്കുക. ഇതിനായി തിരുമല, ശ്രീശൈലം, വൈഷ്‌ണോദേവി, അജ്മീര്‍, വാരണാസി, ശബരിമല ഉള്‍പ്പെടെയുള്ള പുണ്യസ്ഥലങ്ങളില്‍ നിന്നുള്ള വെള്ളവും മണ്ണും ഇവിടെ എത്തിച്ചിട്ടുണ്ട്.
ശിലാസ്ഥാപനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി തിരുപ്പതി വിമാനത്താവളത്തിലെ ഗരുഡ ടെര്‍മിനലിന്റെ ഉദ്ഘാടനവും തിരുപ്പതിയിലെ മൊബൈല്‍ നിര്‍മ്മാണ യൂണിറ്റിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കും. തുടര്‍ന്ന് മോദി തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.
















