പത്തനംതിട്ട: ജില്ലയില്‍ നവംബര്‍ അഞ്ചിന് നടക്കുന്ന തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് ഭാഗമായുള്ള പ്രവര്‍ത്തനങ്ങളില്‍ ചട്ട ലംഘനം നടത്തുന്നതായി കണ്ടാല്‍ കര്‍ശന നടപടിയെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ നിര്‍ദേശിച്ചു. ജില്ലയിലെ തിരഞ്ഞെടുപ്പ് നിരീക്ഷകന് (ജനറല്‍) വി.സനല്‍കുമാര്‍ ഐ.എ.എസിന്റെ സാന്നിധ്യത്തില്‍ കൂടിയ തിരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തിലാണ് നിര്‍ദേശം.
ചട്ടലംഘനം സംബന്ധിച്ച് ലഭിക്കുന്ന പരാതികള്‍ ഗൗരവമായി കൈകാര്യം ചെയ്യണമെന്നും ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നതിലും അവ ആവശ്യപ്പെടുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതിലും കൃത്യത പാലിക്കണമെന്ന് സ്ഥാനാര്‍ഥികള്‍ക്ക് അറിയിപ്പ് നല്‍കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് നിരീക്ഷകന് അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലഭിച്ച 18 പരാതികളില്‍ തീര്‍പ്പ് കല്പ്പിച്ചുവരുന്നതായി നോഡല്‍ ഓഫീസര്‍ അറിയിച്ചു.
പ്രശ്നസാധ്യതയുള്ള ബൂത്തുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് 27 ന് 11 മണിക്ക് പ്രത്യേക യോഗം കൂടും. സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിന് ചെലവഴിക്കാവുന്ന തുകയുടെ റേറ്റ് ചാര്‍ട്ട് തീരുമാനിക്കുന്നതിന് 26 ന് മൂന്ന് മണിക്ക് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം കൂടാനും തീരുമാനിച്ചു. പോസ്റ്റല്‍ ബാലറ്റ് വിതരണം, ഉദ്യോഗസ്ഥരുടെ പരിശീലനം, വോട്ടിംഗ് യന്ത്രങ്ങളുടെയും പോളിംഗ് സാമഗ്രികളുടെയും വിതരണം എന്നിവ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്കി.
ചെലവ് നിരീക്ഷകരായ എ. ഷാജഹാന്, എം.രാമചന്ദ്രന് നായര്‍, സാംസണ് ജോണ്‍, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ സുന്ദരന്‍ ആചാരി, നോഡല്‍ ഓഫീസര്‍മാര്‍, ഡീഫേയ്സ്മെന്റ് സ്ക്വാഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: