മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ലോക ഫുട്‌ബോളിലെ സൂപ്പര്‍ ക്ലബ് റയല്‍ മാഡ്രിഡിന് എന്തു കാര്യമെന്ന് സംശയം തോന്നാം. എന്നാല്‍, കാര്യമുണ്ട്. റയലിലെ രണ്ടു സുഹൃത്തുക്കള്‍ ഐഎസ്എല്ലില്‍ ഇന്നു നേര്‍ക്കുനേര്‍ എത്തും. നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്‌സിയും ദല്‍ഹി ഡൈനാമോസും ഏറ്റുമുട്ടുമ്പോള്‍ റയല്‍ മാഡ്രിഡില്‍ ഒരുമിച്ചു കളിച്ച രണ്ടു പേരുടെ പോരാട്ടമാകുമത്, ഫ്രഞ്ച് താരം നിക്കോളസ് അനെല്‍ക്കയുടെയും ബ്രസീലിന്റെ റോബര്‍ട്ടോ കാര്‍ലോസിന്റെയും.
1999-2000ത്തില്‍ ചാമ്പ്യന്‍സ് ലീഗ് അടക്കം നേടിയ വിന്‍സന്റ് ഡെല്‍ ബോസ്‌കിന്റെ വിഖ്യാത സംഘത്തില്‍ അംഗങ്ങളായിരുന്നു ഇരുവരും. ഇവിടെയും ഇവര്‍ക്ക് സാമ്യമുണ്ട്. രണ്ടു പേരും ടീമിന്റെ മാനേജര്‍, മാര്‍ക്വീ താരം.
കളത്തില്‍ പക്ഷേ, കാര്‍ലോസിനാണ് മുന്‍തൂക്കം. തോറ്റു തുടങ്ങിയ ദല്‍ഹി കഴിഞ്ഞ മൂന്നു കളികളിലും തകര്‍പ്പന്‍ ജയവുമായി തിരികെയെത്തി. മുംബൈയ്‌ക്കാകട്ടെ ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള സമനില മാത്രമേ ആശ്വസിക്കാനുള്ളു. മറ്റു രണ്ടു കളികളും തോറ്റു. നാലു കളികളില്‍ ഒമ്പത് പോയിന്റോടെ രണ്ടാമതുണ്ട് ദല്‍ഹി, ഒരു പോയിന്റ് മാത്രമുള്ള മുംബൈ ഏഴാമതും.
ആദ്യ കളിയില്‍ ബൂട്ടണിഞ്ഞ കാര്‍ലോസ് പിന്നീടുള്ള കളികളില്‍ മുഴുവന്‍ സമയ പരിശീലകന്റെ വേഷമണിഞ്ഞു. ആ കളികള്‍ ജയിച്ചു. നിക്കോളസ് അനെല്‍ക്കയും പരീശലകന്റെ വേഷത്തിലാണ് കഴിഞ്ഞ മത്സരങ്ങളില്‍ എത്തിയത്. സുനില്‍ ഛേത്രിയെന്ന രാജ്യത്തെ ഏറ്റവും മികച്ച മുന്നേറ്റനിരക്കാരന്‍ കളിച്ച കഴിഞ്ഞ കളിയില്‍ ബ്ലാസ്റ്റേഴ്‌സിനെ വിറപ്പിച്ചെങ്കിലും വീഴ്‌ത്താനായില്ല. ഛേത്രിയുടെ മികവും ജോണ്‍ ആര്‍നെ റീസ നേതൃത്വം നല്‍കുന്ന പ്രതിരോധവും തമ്മിലുള്ള ബലാലം കൂടിയാകും ഇന്നത്തെ പോരാട്ടം. ജയിച്ച് പട്ടികയില്‍ ഒന്നാമതെത്താന്‍ ദല്‍ഹി കോപ്പുകൂട്ടുമ്പോള്‍, വിജയവഴിയിലേക്ക് തിരികെയെത്താനാകും മുംബൈയുടെ ശ്രമം.
















