കോഴിക്കോട്: കക്കോടി മുന്‍ഗ്രാമപഞ്ചായത്ത് അംഗവും പഞ്ചായത്ത് 17-ാം വാര്‍ഡ് ആര്‍എംപി സ്ഥാനാര്‍ത്ഥിയുമായ എം.പി. പ്രവീണിന്റെ വീടിന് നേരെ സിപിഎം അക്രമം. കഴിഞ്ഞ ദിവസം രാത്രി 11.45 ഓടെയാണ് രണ്ടു ബൈക്കുകളിലെത്തിയ അക്രമിസംഘം വീടിന്റെ ജനല്‍ ഗ്ലാസുകള്‍ അടിച്ചുപൊളിച്ചത്. അക്രമം നടക്കുമ്പോള്‍ പ്രവീണിന്റെ അമ്മയും സഹോദരിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
ഡിവൈഎഫ്ഐ മേഖലാ ജോയിന്റ് സെക്രട്ടറിയായിരുന്ന പ്രവീണ്‍, ടി.പി. ചന്ദ്രശേഖരന്റെ വധത്തിനു ശേഷമാണ് പാര്‍ട്ടി വിട്ടത്. നാമനിര്‍ദ്ദേശപത്രികയുടെ സൂക്ഷ്മ പരിശോധന നടക്കുന്ന സമയത്ത് പ്രവീണിനെ സിപിഎം പ്രാദേശിക നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നു. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചില്ലെങ്കില്‍ എണ്ണത്തോണിയില്‍ കിടത്തുമെന്നായിരുന്നു ഭീഷണി. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പ്രവീണ്‍ തയ്യാറായില്ല. തുടര്‍ന്നാണ് വീടിനു നേരെ അക്രമം നടന്നത്.
സിപിഎം ഏരിയാ കമ്മറ്റി ഓഫീസ് ഉദ്ഘാടന സമയത്ത് ഏരിയാ സെക്രട്ടറിയായിരുന്ന മാമ്പറ്റ ശ്രീധരനെതിരെ ഒരു വിഭാഗം ലഘുലേഖകള്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നില്‍ താനാണെന്ന് സൂചിപ്പിച്ച് നിരവധി ഫോണ്‍ ഭീഷണികള്‍ നേരിടേണ്ടി വന്നുവെന്ന് പ്രവീണ്‍ ജന്മഭൂമിയോട് പറഞ്ഞു. അന്ന് അസി. കമ്മീഷണര്‍, ചേവായൂര്‍ പോലീസ് എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.
ആഭ്യന്തര പ്രശ്നങ്ങളില്‍പ്പെട്ട് കക്കോടി ഏരിയയില്‍ സിപിഎം പ്രതിരോധത്തിലാണ്. പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ഔദ്യോഗിക നേതൃത്വത്തിനെതിരെ ഇടഞ്ഞിരിക്കയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി നല്‍കാനാണ് ഇവരുടെ ശ്രമം. ഇതില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് സിപിഎം അക്രമം അഴിച്ചുവിടുന്നത്. ആക്രമിക്കപ്പെട്ട പ്രവീണിന്റെ വീട് ആര്‍എംപി നേതാവ് കെ.കെ. രമയടക്കമുള്ള നേതാക്കള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: