ശബരിമല: ഭക്തസഹസ്രങ്ങളുടെ ശരണഘോഷത്തെയും സന്നിധാനത്തിന് വലംവച്ച ശ്രീകൃഷ്ണപ്പരുന്തിനേയും സാക്ഷിയാക്കി ശബരിമലയില്‍ പുതുതായി പഞ്ചലോഹം പൊതിഞ്ഞ പതിനെട്ടാംപടി പ്രതിഷ്ഠയും കലശാഭിഷേകവും നടന്നു.
തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെയും മേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരിയുടേയും കാര്‍മികത്വത്തിലാണ് പ്രതിഷ്ഠാകലശ ചടങ്ങുകള്‍ നടന്നത്.
ഇന്നലെ പുലര്‍ച്ചെ ഗണപതിഹോമത്തോടെയാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിച്ചത്. തന്ത്രി മഹാകുംഭ കലശപൂജ നടത്തി ശ്രീകോവിലില്‍ നിന്നും ജീവകലശംപൂജിച്ച് നേരത്തെ ശ്രീകോവിലില്‍ ലയിപ്പിച്ച പതിനെട്ട് പടികളിലേയും ദേവതകളെ കലശത്തിലാവാഹിച്ച് പതിനെട്ട് പടികളിലേക്ക് അഭിഷേകം ചെയ്ത് മഹാപൂജ നടത്തിയാണ് പ്രതിഷ്ഠാകര്‍മ്മം പൂര്‍ത്തിയാക്കിയത്. വ്യാഴാഴ്ച ശുദ്ധിക്രിയകള്‍ നടത്തി പതിനെട്ട് പടികളും ഗിരിദേവതാ പ്രതിഷ്ഠായോഗ്യമാക്കിയിരുന്നു.
പതിനെട്ട് പടികളിലും പട്ടുവിരിച്ച് പ്രത്യേക ഒരുക്കുകള്വെച്ചായിരുന്നു പ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിച്ചത്. പ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം പതിനെട്ടാംപടി പഞ്ചലോഹം പൊതിഞ്ഞ് സമര്‍പ്പിച്ച ബംഗളരൂ സ്വദേശി അശോക് കുമാറും തിരുവാഭരണം ദേവസ്വം കമ്മീഷണര്‍ പി.ആര്.അനിതയും പടികളില്‍ തൊട്ട് നമസ്ക്കരിച്ച് പടികയറി. ഇവരോടൊപ്പം പതിനെട്ട് പടികള്‍ പഞ്ചലോഹം പൊതിയാന്‍ നേതൃത്വം നല്കിയ ശില്പ്പികളുമുണ്ടായിരുന്നു. തുടര്‍ന്ന് ശബരിമല ദര്‍ശനത്തിനെത്തിയ ആയിരക്കണക്കിന് ഭക്തര്‍ ശരണംവിളികളോടെ പടികളില്‍ തൊട്ടുതൊഴുത് പതിനെട്ടാംപടിചവിട്ടി.
വൈകിട്ട് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ പടിപൂജയും നടന്നു. തുടര്‍ന്ന് രാത്രി 10 മണിയോടെ നടഅടച്ചു. തുലാമാസ പൂജകള്‍ക്കായി ഇന്ന് വൈകിട്ട് 5 ന് വീണ്ടും നടതുറക്കും. നാളെ തുലാം ഒന്നിന് സന്നിധാനത്ത് മേല്‍ശാന്തി നറുക്കെടുപ്പ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: