കായംകുളം: റിബലുകള്‍ സംഘടിക്കുന്നതോടെ കായംകുളം നഗരസഭയില്‍ എല്‍ഡിഎഫ് പതറുന്നു. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കല്‍ ഘട്ടം എത്തിയിട്ടും റിബല്‍ ഭീഷണി ഒഴിവാക്കാന്‍ വേണ്ടത്ര ചര്‍ച്ചകള്‍ പോലും നടത്താതെ ഉലയുകയാണ് എല്‍ഡിഎഫ് നേതൃത്വം.
ഒന്നര ദശാബ്ദമായി നഗരസഭയില്‍ പ്രതിപക്ഷത്തിരിക്കുന്ന എല്‍ഡിഎഫിന് ഭരണത്തിലെത്താനുള്ള സാധ്യതകള്‍ പലവഴിയുണ്ടെന്ന് നേതൃത്വം വിലയിരുത്തുന്നതിനിടെയാണ് പാളയത്തില്‍ പടയില്‍ എല്‍ഡിഎഫ് നട്ടം തിരിയുന്നത്.
നേതൃത്വം വഹിക്കേണ്ട സിപിഎമ്മില്‍ത്തന്നെ റിബല്‍ ഭീഷണി ഒഴിവാക്കുവാന്‍ കഴിയാത്ത അവസ്ഥയാണ്. നഗരസഭ 15-ാം വാര്‍ഡില്‍ സിപിഎം എസ്. അനീഗറെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി പ്രഖ്യപിച്ചുവെങ്കിലും സിപിഎമ്മില്‍ നിന്നുതന്നെയുള്ള ഗിരീഷ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാതെ മത്സര രംഗത്തു നില്‍ക്കുന്നത് കടുത്ത ഭീഷണിയായിരിക്കുകയാണ്.
മൂന്നാം വാര്‍ഡില്‍ സിപിഐ മണ്ഡലം സെക്രട്ടറി എ.എ. റഹിം ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ മുസ്ലീം ലീഗ് നേതൃത്വത്തോട് തെറ്റിപ്പിരിഞ്ഞ് സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ നഗരസഭ വൈസ്ചെയര്‍മാന്‍ ഒ.എ. ജബ്ബാറിന് സിപിഎമ്മുകാര്‍ രഹസ്യ പിന്തുണ നല്‍കുന്നതായുള്ള ആരോപണം സിപിഎമ്മും സിപിഐയും തമ്മിലുള്ള കടുത്ത പോരിലേക്ക് നയിക്കുകയാണ്.
ഈ സാഹചര്യം മൂന്നാം വാര്‍ഡിനോടു ചേര്‍ന്നു കിടക്കുന്ന 39-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ. ജലീലിനെ ബാധിക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. താരതമ്യേന സിപിഐക്ക് സ്വാധീനമുള്ള വാര്‍ഡുകളില്‍ ഒന്നാണിത്.
നഗരസഭ എട്ടാം വാര്‍ഡാണ് എല്‍ഡിഎഫ് ഭീഷണി നേരിടുന്ന മറ്റൊരു കേന്ദ്രം. മുസ്ലീം ലീഗ് നേതാവും മുതിര്‍ന്ന കൗണ്‍സിലറുമായ പി.കെ. കൊച്ചുകുഞ്ഞാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. കൊച്ചുകുഞ്ഞിനെതിരെ കടുത്ത മത്സരം കാഴ്ച വയ്ക്കാനാവുമെന്ന അവകാശവാദവുമായി എന്‍സിപി സംസ്ഥാന സെക്രട്ടറി സുല്‍ഫിക്കര്‍ മയൂരി സ്ഥാനാര്‍ത്ഥിയായെങ്കിലും എല്‍ഡിഎഫ് സീറ്റ് സിപിഐക്ക് വിട്ടുകൊടുത്തതിനാല്‍ റിബല്‍ മത്സരമായി മാറിയിരിക്കുകയാണ്. സിപിഐയിലെ പി.ടി. ഹക്കീമാണ് ഇവിടെ സ്ഥാനാര്‍ത്ഥി.
രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളെ മത്സരത്തിനിറക്കാതെ സിപിഎം നടത്തുന്ന പരീക്ഷണം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. ഗാനകുമാര്‍, പി. അരവിന്ദാക്ഷന് എന്നിവരാണ് മത്സര രംഗത്തു നിന്ന് മാറിനില്‍ക്കുന്നത്. പകരം മുന്‍ മുനിസിപ്പല്‍ ചെയര്‍മാനും സിപിഎം നേതാവുമായ എം.ആര്. രാജശേഖരനാണ് സിപിഎമ്മിനെ നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: