ആലുവ: സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് യുഡിഎഫില്‍ അസംതൃപ്തരുടെ എണ്ണമേറിയത് തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമോയെന്ന ആശങ്ക. നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസും മുസ്ലീംലീഗും മാത്രമാണ് യുഡിഎഫ് എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. അതേസമയം നഗരസഭയില്‍ ഇതുമില്ല. ഇവിടെ കോണ്‍ഗ്രസിന്റെ അവഗണനക്കെതിരെ രണ്ട് വാര്‍ഡില്‍ മുസ്ലീംലീഗും പത്രിക നല്കി. മറ്റ് കക്ഷികള്‍ക്കൊന്നും മണ്ഡലത്തിലൊരിടത്തും സീറ്റില്ല. നഗരസഭയില്‍ കോണ്‍ഗ്രസ് സിറ്റിംഗ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ വിമതന്മാരായി പത്രിക നല്കി.
സിറ്റിംഗ് കൗണ്‍സിലര്‍ ബിന്ദു അലക്സ്, മുന്‍ കൗണ്‍സിലര്‍ കെ.എം. സുകുമാരന്‍ എന്നിവര്‍ പത്രിക നല്കി. കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളായ നിത്യ ജിന്സണ്, സാബു പരിയാരത്ത്, ജോബി വര്‍ഗീസ്, ജയകുമാര്‍ എന്നിവരും വിവിധ വാര്‍ഡുകളില്‍ റിബലായി. സിറ്റിംഗ് കൗണ്‍സിലര്‍ ഉമാ ലൈജി സീറ്റ് നിഷേധത്തെ തുടര്‍ന്ന് രണ്ടാം വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായതും കോണ്‍ഗ്രസിന് തിരിച്ചടിയായി. നഗരസഭയില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് രണ്ട് വാര്ുകളില് മുസ്ലീംലീഗ് മത്സരിക്കുന്നുണ്ട്.
ഇതേതുടര്‍ന്ന് കേരള കോണ്‍ഗ്രസ് (മാണി) ഗ്രൂപ്പ് ആലുവയില്‍ മുന്നണി വിട്ടു. ജനതാദള്‍ (യു)ളിനും സമാന നിലപാടാണ്. കാഞ്ഞൂരില്‍ കേരള കോണ്‍ഗ്രസിന് നിലവില്‍ ഉണ്ടായിരുന്ന സീറ്റും നല്‍കിയില്ല. ഇരു പാര്‍ട്ടികളും ഇവര്‍ക്ക് സ്വാധീനമുള്ള ചില വാര്‍ഡുകളില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. കീഴ്മാട് പഞ്ചായത്ത് 17 ാം വാര്‍ഡില്‍ ജനതാദള്‍ നേതാവ് പി.പി. ഷാജി പത്രിക നല്കി. ചൂര്‍ണിക്കരയില്‍ കോണ്‍ഗ്രസ് എല്‍.ഡി.എഫിലെത്തി സ്ഥാനാര്ത്ഥിയായവര് വരെയുണ്ട്. മഹിള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാജി സന്തോഷ് സിറ്റിംഗ് വാര്‍ഡില്‍ റിബലാണ്. ചൂര്‍ണിക്കര ബ്ളോക്ക് ഡിവിഷനില്‍ മുസ്ലീംലീഗ് ജില്ലാ നേതാവ് കെ.എ. മായിന്‍കുട്ടി റിബലാണ്.
മുപ്പത്തടം സൗത്ത് ബ്ളോക്ക് ഡിവിഷനില്‍ കെ.കെ. ജിന്നാസിനെതിരെ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ആന്റണി റിബലാണ്. കോണ്‍ഗ്രസ് മുന്‍ മണ്ഡലം ട്രഷറര്‍ വി.പി. രാജീവും പത്രിക നല്‍കിയിട്ടുണ്ട്. കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിജന്‍ സംവരണ വാര്‍ഡായ അഞ്ചില്‍ കോണ്‍ഗ്രസ്സിലെ സ്ഥാനാര്‍ത്ഥി ആരെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പാര്‍ട്ടി നിര്‍ദേശിച്ചയാള്‍ അപ്രതീക്ഷിതമായി പിന്മാറിയതിനെ തുടര്‍ന്ന് പാര്‍ട്ടി നിര്‍ദ്ദേശമില്ലാതെ മണ്ഡലം ജനറല്‍ സെക്രട്ടറി എ.സി. രാജന്, യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്കാനിഷ് സുകുമാരന്‍ എന്നിവര്‍ രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: