ആലപ്പുഴ: എസ്എന്‍ഡിപിയുടെ രാഷ്ട്രീയ നീക്കത്തെ ചെറുക്കാന്‍ സിപിഎം വനിതാ സ്ക്വാഡുകളെ രംഗത്തിറക്കി പ്രചരണം നടത്തും. എസ്എന്‍ഡിപിയോടും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടും യാതൊരു വിട്ടുവീഴ്ചയും കാണിക്കേണ്ടെന്നാണ് പാര്‍ട്ടി നേതൃത്വം അണികള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.
മൈക്രോ ഫിനാന്‍സ്, കുടുംബയൂണിറ്റ് എന്നിവയുടെ പ്രവര്‍ത്തനം സ്ത്രീകളെ കേന്ദ്രീകരിച്ചായതിനാല്‍ ഇപ്പോഴത്തെ എസ്എന്‍ഡിപി നേതൃത്വത്തിന്റെ നിലപാട് കൂടുതല്‍ സ്വാധീനിക്കുക വനിതകളെയായിരിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ത്രീവോട്ടുകളുടെ ചോര്‍ച്ച സിപിഎമ്മിന് കനത്ത തിരിച്ചടിയാകും സമ്മാനിക്കുക. ഈ സാഹചര്യത്തിലാണ് എല്ലാ പ്രദേശങ്ങളിലും വനിതകളുടെ പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ച് എസ്എന്‍ഡിപിക്കെതിരായ പ്രചാരണം നടത്താന്‍ സിപിഎം തീരുമാനം.
രാഷ്ട്രീയം ചര്‍ച്ച ചെയ്യാതെ എസ്എന്‍ഡിപിയെയും നേതൃത്വത്തെയും വിചാരണ ചെയ്യുന്ന പ്രചരണങ്ങളാണ് സ്ത്രീകളെ നിയോഗിച്ച് നടത്തുക. ഇതിനായി മൈക്രോഫിനാന്‍സ് പദ്ധതി, സ്വാമി ശാശ്വതീകാനന്ദയുടെ മരണം, വെള്ളാപ്പള്ളി നടേശന്റെ കുടുംബാധിപത്യം, സിപിഎമ്മും എസ്എന്‍ഡിപിയുമായി കാലങ്ങളായി തുടരുന്ന ബന്ധം തുടങ്ങി വാസ്തവവും അവാസ്തവവുമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ലഘുലേഖകളും വനിതാ സ്ക്വാഡുകള്‍ മുഖേന വിതരണം ചെയ്യും.
കൂടാതെ പാര്‍ട്ടി കുടുംബങ്ങളിലെ സ്ത്രീകളെ നിയോഗിച്ച് എസ്എന്‍ഡിപി മൈക്രോഫിനാന്‍സ് കൂട്ടായ്മകളില്‍ പദ്ധതി നടത്തിപ്പില്‍ അഴിമതി നടന്നതായി ആരോപണമുന്നയിക്കുകയും പ്രമേയം പാസാക്കുകയും ചെയ്യാന്‍ ആസൂത്രണ നീക്കങ്ങളും സിപിഎം ആരംഭിച്ചുകഴിഞ്ഞു.
പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളാരും തന്നെ എസ്എന്‍ഡിപി നേതൃത്വത്തെ ന്യായീകരിക്കുന്ന പ്രസ്താവനകളോ പ്രവര്‍ത്തനങ്ങളോ നടത്തരുതെന്ന് പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന് കഴിഞ്ഞദിവസം നടന്ന സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ കര്‍ശനനിര്‍ദ്ദേശം തന്നെ നല്‍കിക്കഴിഞ്ഞു. വെളളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് തങ്ങളുടെ വരുതിക്ക് കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തേണ്ടതെന്നുള്ള വ്യക്തമായ നിര്‍ദ്ദേശമാണ് പിണറായി നല്‍കിയത്. വെള്ളാപ്പള്ളി നടേശനുമായി ഒരുമിച്ച് വേദി പങ്കിടില്ലെന്ന് പ്രസ്താവന ഇറക്കി ജി. സുധാകരന് ഇതിനു തുടക്കമിട്ടുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: