ശിവാകൈലസ്
കാട്ടാക്കട: സ്ഥലവും ഫണ്ടും ഉണ്ടെങ്കിലും കാട്ടാക്കട കോടതി സമുച്ചയ നിര്‍മാണം മാത്രം സ്വപ്നമായി ശേഷിക്കുന്നു. നിര്‍ദ്ദിഷ്ട കോടതി സമുച്ചയത്തിനായി അഞ്ചുതെങ്ങിന്‍മൂട്ടില്‍ കാട്ടാക്കട പഞ്ചായത്ത് വാങ്ങിയിട്ട 50 സെന്റ് ഭൂമി കാടുകയറി നശിക്കുകയാണ്. ഈ സ്ഥലം പഞ്ചായത്ത് നീതിന്യായവകുപ്പിന് കൈമാറിയിട്ട് പത്തുവര്‍ഷം പൂര്‍ത്തിയായിട്ടും കോടതി നിര്‍മാണം അനന്തമായി നീളുകയാണ്. കോണ്ട്രാക്ടര്മാരുടെ നിസ്സഹകരണവും സമരവുമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ തടസമെന്നാണ് അധികൃതരുടെ വിശദീകരണം.
കാട്ടാക്കട കോടതി നിര്‍മാണത്തിന്റെ ചുമതല പൊതുമരാമത്ത് വകുപ്പിനെ നേരിട്ട് ഏല്‍പ്പിക്കണമെന്ന് കാട്ടാക്കട ബാര്‍ അസോസിയേഷന് പ്രസിഡന്റ് മുഖ്യമന്ത്രി, ധനമന്ത്രി എന്നിവര്‍ക്ക് നേരിട്ട് നിവേദനം നല്‍കിയിരുന്നു. രണ്ടുതവണ ടെണ്ടര്‍ ക്ഷണിച്ചെങ്കിലും ആരും കരാര്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് കോടതി നിര്‍മാണത്തിന് അനുവദിച്ച 3.10 കോടി രൂപയുടെ 24.5 ശതമാനം വര്‍ധനവോടെ കരാര്‍ കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ഏറ്റെടുത്തു. എന്നാല്‍ 20 ശതമാനം വര്‍ദ്ധനയേ നല്കാന് കഴിയൂവെന്ന് ടെന്‍ഡര്‍ കമ്മിറ്റി തീരുമാനിച്ചതോടെ കോര്പ്പറേഷന് പിന്മാറി.
ഒടുവില്‍ 20 ശതമാനം വര്‍ദ്ധനവോടെ പിഡബ്ലിയുഡി കരാര്‍ ഏറ്റെടുത്തു. എന്നാല്‍ പിഡബ്ലിയുഡി ക്വട്ടേഷന്‍ ക്ഷണിച്ചെങ്കിലും കരാര്‍ ഏറ്റെടുക്കാന്‍ ആരും മുന്നോട്ടു വന്നില്ല. സര്‍ക്കാരിന്റെ നിബന്ധനകള്‍ക്ക് വിധേയമായി പണി ഏറ്റെടുത്ത കരാറുകാര്‍ക്ക് കഴിഞ്ഞ രണ്ടു വര്‍ഷമായി ബില്ലുകള്‍ മാറുന്നില്ല. കിട്ടേണ്ട പണം എന്നു കിട്ടുമെന്ന് ഒരു ഉറപ്പും ലഭിക്കാത്തതിനാല്‍ പുതിയ നിര്‍മാണ കരാര്‍ എടുക്കാന്‍ കരാറുകാര്‍ വിസമ്മതിക്കുകയായിരുന്നു.
2005 ലാണ് കോടതി സമുച്ചയത്തിനായി പഞ്ചായത്ത് സ്ഥലം വാങ്ങി വകുപ്പിന് കൈമാറിയത്. 2007 ല്‍ സര്‍ക്കാര്‍ 80 ലക്ഷം രൂപ കോടതി നിര്‍മാണത്തിനായി ബഡ്ജറ്റില്‍ വകയിരുത്തി. തുടര്‍ന്ന് പ്ലാനും എസ്റ്റിമേറ്റും സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും കോടതി നിര്‍മാണം യാഥാര്‍ഥ്യമായില്ല.
കാട്ടാക്കട താലൂക്ക് ആസ്ഥാനമായി മാറിയതോടെ സബ് കോടതി, കുടുംബ കോടതി, എംഎസിറ്റി, മുന്‍സിഫ് കോടതി എന്നിവ അനുവദിക്കേണ്ടതുണ്ട്. പക്ഷേ അതിനെല്ലാം കോടതി സമുച്ചയം നിര്‍മിക്കണം. 50 വര്‍ഷത്തിലേറെയായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാട്ടാക്കട കോടതിക്ക് ഇപ്പോള്‍ കേസുകളുടെ എണ്ണം കൂടിയതോടെ സ്ഥലപരിമിതി പ്രശ്നം സൃഷ്ടിക്കുകയാണ്. ദിവസേന നൂറുകണക്കിന് ആളുകള്‍ എത്തുന്ന കോടതിയില്‍ തൊണ്ടി മുതല്‍ സൂക്ഷിക്കാന്‍ പോലും സൗകര്യങ്ങളില്ല. സ്ഥലം വകുപ്പിന് കൈമാറിയതോടെ തങ്ങളുടെ ഉത്തരവാദിത്വം അവസാനിച്ചെന്ന കണക്കുകൂട്ടലിലാണ് കാട്ടാക്കട പഞ്ചായത്തിലെ ഭരണ നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: