കട്ടപ്പന: സംശയാസ്പദമായ നിലയില്‍ കണ്ട പ്രതികളെ പിടികൂടിയപ്പോള്‍ ചുരുളഴിഞ്ഞത് നിരവധി മോഷണ കേസുകള്‍ക്ക്. അട്ടപ്പള്ളം സെന്റ് തോമസ് ഫൊറോന പള്ളിയിലും സ്കൂളിലും, സമീപത്തെ വീട്ടിലും കവര്‍ച്ച നടത്തിയ സംഘത്തിലെ മൂന്നു പേരെയാണ് കുമളി പൊലിസ് അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപെട്ടു. തമിഴ്നാട് ധര്‍മഗിരി സ്വദേശികളായ നടരാജന് (42), മുരുകന് (32) , കുപ്പുസാമി (45) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുമാര്‍ എന്നയാളാണ് ഓടി രക്ഷപെട്ടത്. ഇന്നലെ രാവിലെ കുമളി ബിവറേജസ് ഔട്ട്ലെറ്റിനു സമീപം സംശയാസ്പദമായ നിലയില്‍ കണ്ട ഇവരെ പൊലിസ് പിടികൂടി ചോദ്യം ചെയ്തപ്പോവാണ് മോഷ്ടാക്കളാണെന്നു വ്യക്തമായത്. കഴിഞ്ഞ 30ന് രാത്രിയാണ് പള്ളിയില്‍ കവര്‍ച്ച നടത്തിയത്. 120000 രൂപയാണ് മോഷ്ടിക്കപ്പെട്ടത്. മോഷണത്തിനുശേഷം ഒട്ടകത്തലമേട് വരെ നടന്നുപോയ പ്രതികള്‍ അവിടെനിന്നും വാഹനത്തില്‍ തമിഴ്നാട്ടിലേയ്ക്ക് കടക്കുകയായിരുന്നു. പിറ്റേന്ന് ഇവര്‍ വീണ്ടുമെത്തി ചെളിമടയില്‍ പ്രവര്‍ത്തിക്കുന്ന ചെങ്കര ബാങ്ക് ശാഖയിലും മോഷണം നടത്തി. തുടര്‍ന്ന് സമീപത്തെ ഒരു വീട്ടില്‍നിന്ന് ഒരു പവന് സ്വര്‍ണവും കവര്‍ന്നു. കുമളിയില്‍ മൂന്നും കമ്പംമെട്ടില്‍ ഒരു കേസും ഇവരുടെ പേരില്‍ നിലവിലുണ്ട്. കുപ്രസിദ്ധ മോഷണസംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് പൊലിസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: