പാലക്കാട്: കേരള പാലീസിന്റെ പ്രത്യേകസംഘം രാജ്യംമുഴുവന്‍ അരിച്ചുപെറുക്കിയിട്ടും പിടികൊടുക്കാതെ ഒളിവില്‍ക്കഴിഞ്ഞ ആട് ആന്റണിക്കെതിരെ സംസ്ഥാനത്തുള്ളത് 200 ഓളം കേസുകള്‍.
പ്രതിയെ കുറിച്ചുള്ള അനേ്വഷണത്തില്‍ പുറത്തു വന്നത് ഇരുപതോളം ഭാര്യമാര്‍. കവര്‍ച്ചയും സ്ത്രീയും ഹരമായിരുന്ന ആന്റണി സ്ത്രീകളെ വലയില്‍ വീഴ്ത്താന്‍ ബിസിനസുകാരനായും കമ്പ്യൂട്ടര്‍ പ്രഫഷനലായും വേഷമിട്ടു. കബളിപ്പിക്കപ്പെട്ടെന്നു ഭാര്യമാര്‍ തിരിച്ചറിയുമ്പോഴേക്കും തിരിച്ചു പോകാനാകാത്ത സിസ്സഹായാവസ്ഥയില്‍ എത്തിക്കഴിയും.
ആന്റണിയുടെ ഒളിത്താവളങ്ങളില്‍ സ്ത്രീസ്പര്‍ശം ഏല്‍ക്കാത്ത സ്ഥലങ്ങള്‍ ഇല്ലെന്ന് അന്വേഷണസംഘം സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിലും ചെന്നൈയിലും മുംബൈയിലും വിശാഖപട്ടണത്തുമൊക്ക ഒളിത്താവളങ്ങളില്‍ ഭാര്യമാര്‍ കൂടെയുണ്ടായിരുന്നു. പൊലീസ് ഡ്രൈവര്‍ മണിയന് പിള്ളയെ കൊലപ്പെടുത്തി കേരളം വിടുമ്പോഴും ഭാര്യ സൂസനെ ഒപ്പം കൂട്ടിയിരുന്നു. ഈ പ്രതേ്യകതയാണ് പോലിസിന് അവസാനം തുണയായതും.
സ്ത്രീകളെ വശീകരിക്കാനും സമ്മാനങ്ങള്‍ നല്കി സന്തോഷിപ്പിക്കാനുമുള്ള ഉപാധികൂടിയായിരുന്നു ഓരോ കവര്‍ച്ചയും. ഒന്നിലധികം സ്ത്രീകളെ ഒരേ സമയം വീട്ടില്‍ പാര്‍പ്പിക്കുക ആന്റണിക്കു ശീലമാണ്.
2002ല്‍ അന്നത്തെ കൊല്ലം ഈസ്റ്റ് സിഐ ടി.എഫ്.സേവ്യറും സംഘവും കോഴിക്കോട് എരഞ്ഞിപ്പാലത്തെ വാടകവീട്ടില്‍ നിന്ന് ആന്റണിയെ പൊക്കുമ്പോള്‍ ഇയാള്‍ മൂന്നാമത്തെ വിവാഹത്തിനു കല്ല്യാണക്കുറി അടിച്ചു മണവാളനായി കാത്തിരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടു ഭാര്യമാരില്‍ ഒരാള്‍ ഗര്‍ഭിണി.
തൃശൂര്‍ കൊരട്ടി സ്വദേശിനി സോജയാണ് ഇയാളുടെ ‘ഔദ്യോഗിക’ ഭാര്യ. കൊല്ലം നഗരത്തിലെ കോട്ടയ്ക്കകം വാര്‍ഡിലെ വാടകവീട്ടില്‍ അമ്മയ്ക്കൊപ്പം ആന്റണി താമസിക്കുമ്പോഴായിരുന്നു വിവാഹം. 002ല്‍ ഇയാള്‍ പൊലീസ് പിടിയിലായതോടെ സോജ നിയമപരമായി ബന്ധം വേര്‍പെടുത്തി. ആന്റണിയുടെ മക്കള്‍ അമ്മയ്ക്കൊപ്പം കഴിയുന്നു.
കോടമ്പാക്കത്ത് എത്തിയ പാലക്കാട് മലമ്പുഴ സ്വദേശിനി മായ എന്ന ബിന്ദു ആയിരുന്നു ആട് ആന്റണിയുടെ രണ്ടാമത്തെ ഇര. കോഴിക്കോട്ടെ വാടകവീട്ടില്‍ എത്തി സോജയെ കണ്ടപ്പോഴാണ് ആന്റണി വിവാഹിതനാണെന്ന് ബിന്ദു അറിഞ്ഞത്. 2012 ജൂലൈയില്‍ ബിന്ദുവിനെ തേടി കൊല്ലം പൊലീസ് പാലക്കാട്ട് എത്തിയെങ്കിലും പഴയ ജീവിതത്തെക്കുറിച്ച് ഓര്‍ക്കാന്‍ ഇപ്പോള്‍ ഇഷ്ടപ്പെടുന്നില്ലെന്നു ബിന്ദു അറിയിച്ചു.
വിവാഹ പരസ്യങ്ങളിലെ പുനര്‍വിവാഹ കോളത്തിലാണ് ആട് ആന്റണിയുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. രണ്ടു മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ നല്‍കും. അടുത്ത പരസ്യത്തില്‍ പുതിയ നമ്പര്‍ സ്ഥാനം പിടിക്കും. നിര്‍ധന കുടുംബങ്ങളിലെ യുവതികള്‍ക്ക് ആന്റണിയുടെ തനിനിറം തിരിച്ചറിഞ്ഞിട്ടും പ്രതികരിക്കാന്‍ സാധിച്ചിരുന്നില്ല. ഭാര്യമാര്‍ക്ക് ആവശ്യത്തിനു സ്വര്‍ണാഭരണങ്ങളും ആഡംബര വസ്തുക്കളും ആന്റണി സമ്മാനിച്ചിരുന്നു. എതിര്‍പ്പു കാണിക്കുന്ന ഭാര്യമാരെ നിര്‍ദയം മര്‍ദിച്ചിരുന്നതായി ബിന്ദുവിന്റെ മൊഴിയുണ്ട്.
ഒളിവില്‍ കഴിയുന്നതിലുള്ള പ്രത്യേക വൈദഗ്ദ്ധ്യമാണ് ആന്റണിയെ കുടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് തടസമായത്. മൊബൈല്‍ ഫോണ്‍വഴി പിടിക്കപ്പെടാതിരിക്കാന്‍ ആന്റണി എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഒളിവില്‍ പോയശേഷം ബന്ധുക്കളടക്കം ആരുമായും മൊബൈല്‍ഫോണില്‍ ബന്ധപ്പെടാന്‍ ആന്റണി ശ്രമിച്ചിട്ടില്ല.
കൊല്ലം കുണ്ടറ കുമ്പളത്താണ് ആട് ആന്റണിയുടെ വീട്. പേര് ആന്റണി വര്‍ഗീസ്. പോലീസ് ഉദ്യോഗസ്ഥന് മണിയന്‍പിള്ളയെ കൊലപ്പെടുത്തിയതാണ് ആന്റണിക്കെതിരായ പ്രധാനകേസ്. ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ബസ്സിനുള്ളില്‍ മൂന്നുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആന്ധ്രാപോലീസ് ആട് ആന്റണിയെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. ആന്ധ്രാപോലീസ് കേരളത്തിലെത്തി ആന്റണിയുടെ വിരലടയാളം അടക്കമുള്ള തെളിവുകള്‍ ശേഖരിച്ചിരുന്നു.
ദൃക്സാക്ഷികള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംശയം ആട് ആന്റണിയിലേക്ക് നീണ്ടത്. കൊല്ലത്തെ പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകവും ബസ്സിനുള്ളില്‍ നടന്ന കൊലയും തമ്മില്‍ സാദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. രണ്ട് കൊലപാതകങ്ങളും നടന്നത് പുലര്‍ച്ചെ ആയിരുന്നു. അന്വേഷണം നടത്തിയെങ്കിലും കേസില്‍ തുമ്പുണ്ടാക്കാന്‍ ആന്ധ്രാ പോലീസിന് കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: